രോഹിത് വീണു, തകര്‍ത്തടിച്ച് ഡീകോക്ക്; ഡല്‍ഹിക്കെതിരെ മുംബൈക്ക് നല്ല തുടക്കം

By Web Team  |  First Published Nov 5, 2020, 8:00 PM IST

അശ്വിന്‍ എറിഞ്ഞ പവര്‍ പ്ലേയിലെ രണ്ടാം ഓവറില്‍ നേരിട്ട ആദ്യ പന്തില്‍ മുംബൈ നായകന്‍ രോഹിത് ശര്‍മ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായി.


ദുബായ്: ഐപിഎല്ലിലെ ആദ്യ ഫൈനലിസ്റ്റുകളെ നിര്‍ണയിക്കാനുള്ള ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് മികച്ച തുടക്കം. അശ്വിന്‍ എറിഞ്ഞ രണ്ടാം ഓവറില്‍ നേരിട്ട ആദ്യ പന്തില്‍ മുംബൈ നായകന്‍ രോഹിത് ശര്‍മ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായി. ഡല്‍ഹിക്കെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മുംബൈ ആറോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 63 റണ്‍സെടുത്തിട്ടുണ്ട്. 21 പന്തില്‍ 38 റണ്‍സോടെ ക്വിന്‍റണ്‍ ഡീകോക്കും 14 പന്തില്‍ 22 റണ്‍സുമായി സൂര്യകുമാര്‍ യാദവും ക്രീസില്‍.

തകര്‍ത്തടിച്ച് ഡീകോക്ക്, നിരാശപ്പെടുത്തി ഹിറ്റ്മാന്‍

Latest Videos

undefined

ഡാനിയേല്‍ സാംസ് എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ക്വിന്‍റണ്‍ ഡീകോക്ക് തകര്‍ത്തടിച്ചു. ആദ്യ ഓവറില്‍ 15 റണ്‍സാണ് ഡീകോക്ക് അടിച്ചെടുത്തത്. അശ്വിനാണ് പവര്‍പ്ലേയിലെ രണ്ടാം ഓവര്‍ എറിയാനെത്തിയത്. ആദ്യ രണ്ട് പന്തില്‍ ഒരു റണ്‍സ് മാത്രം വഴങ്ങിയ അശ്വിന്‍ മൂന്നാം പന്തില്‍ രോഹിത്തിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി മുംബൈയെ ഞെട്ടിച്ചു. നേരിട്ട ആദ്യ പന്തിലാണ് രോഹിത് പൂജ്യനായി മടങ്ങിയത്.

അടിതുടര്‍ന്ന് ഡീകോക്ക്

ക്യാപ്റ്റന്‍ വീണെങ്കിലും ഒരറ്റത്ത് അടിതുടര്‍ന്ന ഡീകോക്ക് മുംബൈ സ്കോര്‍ ബോര്‍ഡിന് ജീവന്‍ നല്‍കി. മൂന്നാം ഓവര്‍ എറിയാനെത്തിയ റബാദയെ ഒമ്പത് റണ്‍സടിച്ച ഡീകോക്ക് അക്സര്‍ പട്ടേല്‍ എറിഞ്ഞ നാലാം ഓവറില്‍ 12 റണ്‍സടിച്ചു. ആന്‍റിച്ച് നോര്‍ജെ എറിഞ്ഞ അഞ്ചാം ഓവറില്‍ രണ്ട് ബൗണ്ടറിയടിച്ച് സൂര്യകുമാറും റണ്‍വേട്ടയില്‍ പങ്കാളിയായതോടെ മുംബൈ ടോപ് ഗിയറിലായി. അശ്വിന്‍ എറിഞ്ഞ പവര്‍പ്ലേയിലെ അവസാന ഓവറില്‍ 11 റണ്‍സാണ് മുംബൈ നേടിയത്. ഇതോടെ പവര്‍പ്ലേയില്‍ മുംബൈ സ്കോര്‍ 63ല്‍ എത്തി.

Powered BY

click me!