പവര്‍ പാണ്ഡ്യ, ആളിക്കത്തി ഇഷാന്‍ കിഷന്‍; മുംബൈക്കെതിരെ ഡല്‍ഹിക്ക് കൂറ്റന്‍ വിജയലക്ഷ്യം

By Web Team  |  First Published Nov 5, 2020, 9:24 PM IST

അവസാന മൂന്നോവറില്‍ 50 റണ്‍സടിച്ച കിഷനും പാണ്ഡ്യയും ചേര്‍ന്നാണ് മുംബൈയെ 200ല്‍ എത്തിച്ചത്. 30 പന്തില്‍ 55 റണ്‍സടിച്ച കിഷനും 14 പന്തില്‍ 37 റണ്‍സടിച്ച ഹര്‍ദ്ദിക് പാണ്ഡ്യയും പുറത്താകാതെ നിന്നു.


ദുബായ്: ഐപിഎല്ലിലെ ആദ്യ ഫൈനലിസ്റ്റുകളെ നിര്‍ണയിക്കാനുള്ള ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 201 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മുംബൈ  സൂര്യകുമാര്‍ യാദവിന്‍റെയും ഇഷാന്‍ കിഷന്‍റെയും അര്‍ധസെഞ്ചുറികളുടെയും ഹര്‍ദ്ദിക് പാണ്ഡ്യയുടെ മിന്നലടികളുടെയും കരുത്തില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സടിച്ചു.

അവസാന മൂന്നോവറില്‍ 50 റണ്‍സടിച്ച കിഷനും പാണ്ഡ്യയും ചേര്‍ന്നാണ് മുംബൈയെ 200ല്‍ എത്തിച്ചത്. 30 പന്തില്‍ 55 റണ്‍സടിച്ച കിഷനും 14 പന്തില്‍ 37 റണ്‍സടിച്ച ഹര്‍ദ്ദിക് പാണ്ഡ്യയും പുറത്താകാതെ നിന്നു. സൂര്യകുമാര്‍ യാദവ് 38 പന്തില്‍ 51 റണ്‍സടിച്ച് മുംബൈക്ക് മികച്ച സ്കോറിനുള്ള അടിത്തറയിട്ടു. ഡല്‍ഹിക്കായി അശ്വിന്‍ മൂന്ന് വിക്കറ്റെടുത്തു.

Latest Videos

undefined

തുടക്കത്തില്‍ തകര്‍ത്തടിച്ച് ഡീകോക്ക്, നിരാശപ്പെടുത്തി ഹിറ്റ്മാന്‍

ഡാനിയേല്‍ സാംസ് എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ക്വിന്‍റണ്‍ ഡീകോക്ക് തകര്‍ത്തടിച്ചു. ആദ്യ ഓവറില്‍ 15 റണ്‍സാണ് ഡീകോക്ക് അടിച്ചെടുത്തത്. അശ്വിനാണ് പവര്‍പ്ലേയിലെ രണ്ടാം ഓവര്‍ എറിയാനെത്തിയത്. ആദ്യ രണ്ട് പന്തില്‍ ഒരു റണ്‍സ് മാത്രം വഴങ്ങിയ അശ്വിന്‍ മൂന്നാം പന്തില്‍ രോഹിത്തിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി മുംബൈയെ ഞെട്ടിച്ചു. നേരിട്ട ആദ്യ പന്തിലാണ് രോഹിത് പൂജ്യനായി മടങ്ങിയത്.

അടിതുടര്‍ന്ന് ഡീകോക്ക്; കളിതിരിച്ച് അശ്വിന്‍

ക്യാപ്റ്റന്‍ വീണെങ്കിലും ഒരറ്റത്ത് അടിതുടര്‍ന്ന ഡീകോക്ക് മുംബൈ സ്കോര്‍ ബോര്‍ഡിന് ജീവന്‍ നല്‍കി. മൂന്നാം ഓവര്‍ എറിയാനെത്തിയ റബാദയെ ഒമ്പത് റണ്‍സടിച്ച ഡീകോക്ക് അക്സര്‍ പട്ടേല്‍ എറിഞ്ഞ നാലാം ഓവറില്‍ 12 റണ്‍സടിച്ചു.പവര്‍പ്ലേക്ക് പിന്നാലെ ഡല്‍ഹി നായകന്‍ ശ്രേയസ് അയ്യര്‍ അശ്വിനെ തിരിച്ചുകൊണ്ടുവന്നു. അശ്വിനെ സിക്സടിച്ചാണ് സൂര്യകുമാര്‍ സ്വീകരിച്ചത്. എന്നാല്‍ ആ ഓവറില്‍ ഡീകോക്കിനെ ശിഖര്‍ ധവാന്‍റെ കൈകളിലെത്തിച്ച് അശ്വിന്‍ പ്രതികാരം തീര്‍ത്തു. 25 പന്തില്‍ 40 റണ്‍സായിരുന്നു ഡീകോക്കിന്‍റെ സംഭാവന.

സൂര്യകുമാറും ഇഷാന്‍ കിഷനും ചേര്‍ന്ന് പന്ത്രണ്ടാം ഓവറില്‍ 100 കടത്തി. നോര്‍ജെയെ ബൗണ്ടറികടത്തി അര്‍ധസെഞ്ചുറി തികച്ചതിന് തൊട്ടുപിന്നാലെ സൂര്യകുമാര്‍ നോര്‍ജെയുടെ ബൗണ്‍സറില്‍ വീണു.  38 പന്തില്‍ 51 റണ്‍സടിച്ച സൂര്യകുമാറിനെ ഡീപ് ഫൈന്‍ലെഗ്ഗില്‍ ഡാനിയേല്‍ സാംസ് കൈയിലൊതുക്കി.

ഹര്‍ദ്ദിക് പാണ്ഡ്യക്ക് പകരം കീറോണ്‍ പൊള്ളാര്‍ഡാണ് അഞ്ചാമനായി മുംബൈക്കായി ക്രീസിലിറങ്ങിയത്. നേരിട്ട ആദ്യ പന്തില്‍ തന്നെ നോര്‍ജെയുടെ യോര്‍ക്കറില്‍ ശക്തമായ എല്‍ബി‍ബ്ല്യു അപ്പീല്‍ അതിജീവിച്ച പൊള്ളാര്‍ഡിന് പക്ഷെ അശ്വിനെതിരെ പിഴച്ചു. അശ്വിനെ അതിര്‍ത്തി കടത്താനുള്ള പൊള്ളാര്‍ഡിന്‍റെ ശ്രമം ലോംഗ് ഓണില്‍ റബാദ പറന്നുപിടിച്ചു. രണ്ട് പന്ത് നേരിട്ട പൊള്ളാര്‍ഡ് അക്കൗണ്ട് തുറക്കാതെ മടങ്ങിയതോടെ മുംബൈ പ്രതിരോധത്തിലായി.

ആറാമനായി ക്രീസിലെത്തിയ ക്രുനാല്‍ പാണ്ഡ്യക്കും ക്രീസില്‍ അധികം ആയുസുണ്ടായില്ല. സ്റ്റോയിനസിന്‍റെ പന്തില്‍ ഡാനിയേല്‍ സാംസിുന് ക്യാച്ച് നല്‍കി ക്രനാല്‍ പാണ്ഡ്യ(10 പന്തില്‍ 13) മടങ്ങുമ്പോള്‍ മുംബൈ സ്കോര്‍ പതിനേഴാം ഓവറില്‍ 140ല്‍ എത്തിയിരുന്നു.  എന്നാല്‍ അവസാന ഓവറുകളില്‍ മിന്നലടികളുമായി കളം നിറഞ്ഞ ഹര്‍ദ്ദിക് പാണ്ഡ്യയും ഇഷാന്‍ കിഷനും ഡാനിയേല്‍ സാംസ് എറിഞ്ഞ പതിനെട്ടാം ഓവറില്‍ രണ്ട്  സിക്സ് അടക്കം 18 റണ്‍സടിച്ചു.  റബാദ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ രണ്ട് സിക്സ് അടക്കം 18 റണ്‍സും നോര്‍ജെ എറിഞ്ഞ അവസാന ഓവറില്‍ മൂന്ന് സിക്സ് അടക്കം 20 റണ്‍സും നേടിയാണ് കിഷനും പാണ്ഡ്യയും ചേര്‍ന്ന് മുംബൈ സ്കോര്‍ 200ല്‍ എത്തിച്ചത്.

ഡല്‍ഹിക്കായി അശ്വിന്‍ 29 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ നോര്‍ജെയും സ്റ്റോയിനസും ഓരോ വിക്കറ്റെടുത്തു. നാലോവറില്‍ 42 റണ്‍സ് വഴങ്ങിയ റബാദക്ക് വിക്കറ്റൊന്നും ലഭിച്ചില്ല.

click me!