ബൗളര്‍മാര്‍ എറിഞ്ഞിട്ടു; രാജസ്ഥാനെതിരെ റോയല്‍ ജയവുമായി കൊല്‍ക്കത്ത

By Web Team  |  First Published Sep 30, 2020, 11:26 PM IST

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ക്രീസിലെത്തിയ സഞ്ജു സാംസണ്‍ മനോഹരമായ ബൗണ്ടറിയോടെ തുടങ്ങി. കഴിഞ്ഞ കളിയില്‍ നിര്‍ത്തിയേടത്തുനിന്നാണ് സഞ്ജു തുടങ്ങുന്നതെന്ന് തോന്നിച്ചു.


ദുബായ്: ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ട് ജയങ്ങളുമായി കുതിച്ച രാജസ്ഥാനെ പിടിച്ചുകെട്ടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. മുന്‍നിരയില്‍ സഞ്ജുവും സ്മിത്തും ബട്‌ലറും നിരാശപ്പെടുത്തിയപ്പോള്‍ കൊല്‍ക്കത്തക്ക് മുന്നില്‍ രാജസ്ഥാന്‍ 37 റണ്‍സിന്‍റെ തോല്‍വി വഴങ്ങി. കൊല്‍ക്കത്ത ഉയര്‍ത്തിയ 175 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍റെ പോരാട്ടം ഓവറില്‍ 20  റണ്‍സില്‍ ഒമ്പക് വിക്കറ്റിന് 137 റണ്‍സില്‍ അവസാനിച്ചു. സ്കോര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 20 ഓവറില്‍ 174/6, രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ 137/9.

തുടക്കം പാളി

Latest Videos

undefined

വലയി വിജയലക്ഷ്യത്തിന് മുന്നില്‍ രാജസ്ഥാനെ തുടക്കത്തിലെ പിഴച്ചു. രണ്ടാം ഓവറില്‍ പാറ്റ് കമിന്‍സ് രാജസ്ഥാന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനെ(3) മടക്കി. സ്കോര്‍ ബോര്‍ഡില്‍ 15 റണ്‍സ് മാത്രമായിരുന്നു അപ്പോള്‍. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ക്രീസിലെത്തിയ സഞ്ജു സാംസണ്‍ മനോഹരമായ ബൗണ്ടറിയോടെ തുടങ്ങി. കഴിഞ്ഞ കളിയില്‍ നിര്‍ത്തിയേടത്തുനിന്നാണ് സഞ്ജു തുടങ്ങുന്നതെന്ന് തോന്നിച്ചു.

ഒമ്പത് പന്തില്‍ എട്ടു റണ്‍സെടുത്ത സഞ്ജുവിന് പക്ഷെ ശിവം മാവിയുടെ പേസിനുമുന്നില്‍ അടിതെറ്റി. ശിവം മാവിയെ പുള്‍ ചെയ്യാനുള്ള സഞ്ജുവിന്‍റെ ശ്രമം സുനില്‍ നരെയ്ന്‍റെ കൈകളില്‍ അവസാനിച്ചു.

പ്രതീക്ഷ നല്‍കി ബട്‌ലര്‍
 
സഞ്ജുവും സ്മിത്തും മടങ്ങിയപ്പോഴും ജോസ് ബട്‌ലറുടെ ബാറ്റിലായിരുന്നു രാജസ്ഥാന്‍റെ പ്രതീക്ഷ. പാറ്റ് കമിന്‍സിനെ സിക്സറിന് പറത്തി ബട്‌ലര്‍ ഫോമിലേക്ക് തിരിച്ചെത്തിയെന്ന സൂചന നല്‍കി. എന്നാല്‍ ബട്‌ലറെ(16 പന്തില്‍ 21) വരുണ്‍ ചക്രവര്‍ത്തിയുടെ കൈകളിലെത്തിച്ച് ശിവം മാവി രാജസ്ഥാന് ഇരട്ടപ്രഹരമേല്‍പ്പിച്ചു.

അത്ഭുതങ്ങള്‍ ആവര്‍ത്തിക്കാതെ തിവാട്ടിയ

കഴിഞ്ഞ മത്സരത്തിലെ ബാറ്റിംഗ് ഹീറോ രാഹുല്‍ തിവാട്ടിയക്കും കാര്യമായി ഒന്നും ചെയ്യാനായില്ല. ഒരു സിക്സ് നേടിയ തിവാട്ടിയ(10 പന്തില്‍ 14) വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി. വാലറ്റത്ത് ടോം കറന്‍ നടത്തിയ ചെറുത്തുനില്‍പ്പ്(36 പന്തില്‍ 54 നോട്ടൗട്ട്) രാജസ്ഥാന്‍റെ തോല്‍വിഭാരം കുറച്ചു. കൊല്‍ക്കത്തക്കായി ശിവം മാവിയും കമലേഷ് നാഗര്‍ഗോട്ടിയും വരുണ്‍ ചക്രവര്‍ത്തിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ പാറ്റ് കമിന്‍സും സുനില്‍ നരെയ്നും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ക്രീസിലിറങ്ങിയ കൊല്‍ക്കത്ത ശുഭ്മാന്‍ ഗില്ലിന്‍റെയും ഓയിന്‍ മോര്‍ഗന്‍റെയും ഇന്നിംഗ്സുകളുടെ കരുത്തിലാണ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുത്തത്.

തുടക്കം കരുതലോടെ

കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി കരുതലോടെയാണ് കൊല്‍ക്കത്തക്കായി ഗില്ലിനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത സുനില്‍ നരെയ്ന്‍ തുടങ്ങിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഗില്‍-നരെയ്ന്‍ സഖ്യം 4.5 ഓവറില്‍ 36 റണ്‍സെടുത്തു. നരെയ്നെ(14 വപന്തില്‍ 15) മടക്കി ഉനദ്ഘട്ടാണ് രാജസ്ഥാന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്.

വണ്‍ഡൗണായി എത്തിയ നിതീഷ് റാണക്കൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കിയ ഗില്‍ കൊല്‍ക്കത്തയെ വമ്പന്‍ സ്കോറിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും 17 പന്തില്‍ 22 റണ്‍സെടുത്ത റാണയെ തിവാട്ടിയയും ഗില്ലിനെ( 34 പന്തില്‍ 47) ആര്‍ച്ചറും മടക്കിയതോടെ കൊല്‍ക്കത്തയുടെ കുതിപ്പിന് കടിഞ്ഞാണ്‍ വീണു.

ആളിക്കത്താതെ റസല്‍

പതിവില്‍ നിന്ന് വ്യത്യസ്തമായി നാലാം നമ്പറിലാണ് ആന്ദ്രെ റസല്‍ ഇന്ന് ബാറ്റിംഗിനെത്തിയത്. 14 പന്തില്‍ മൂന്ന് സിക്സറുകള്‍ സഹിതം 24 റണ്‍സെടുത്ത റസല്‍ അപകടകാരിയായി മാറുന്നതിന് മുമ്പെ രാജസ്ഥാന്‍ പിടിച്ചുകെട്ടി. അങ്കിത് രജ്പുത്തിന്‍റെ പന്തില്‍ സിക്സറിനുള്ള റസലിന്‍റെ ശ്രമം ഉനദ്ഘ്ട്ടിന്‍റെ കൈകകളില്‍ അവസാനിച്ചു.

പറക്കും സഞ്ജു

പിന്നാലെ ഓയിന്‍ മോര്‍ഗനും പാറ്റ് കമിന്‍സും ചേര്‍ന്ന് കൊല്‍ക്കത്തയെ 150ന് അടുത്തെത്തിച്ചു. സഞ്ജുവിന്‍റെ പറക്കും ക്യാച്ചില്‍ കമിന്‍സ്(12) വീണു. അവസാന ഓവറില്‍ തകര്‍ത്തടിച്ച മോര്‍ഗന്‍(23 പന്തില്‍ 34 നോട്ടൗട്ട്) കൊല്‍ക്കത്തയെ 170ല്‍ എത്തിച്ചു. രാജസ്ഥാനായി ജോഫ്ര ആര്‍ച്ചര്‍ നാലോവറില്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റെടുത്തു.

click me!