കോലിക്ക് മുന്നില്‍ കിംഗായി രാഹുല്‍; ബാംഗ്ലൂരിനെ തകര്‍ത്ത് പഞ്ചാബ്

By Web Team  |  First Published Sep 24, 2020, 11:19 PM IST

ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലിക്ക് ടോസില്‍ മാത്രമായിരുന്നു ഭാഗ്യം. പിന്നീട് തൊട്ടതെല്ലാം പിഴച്ചു. രാഹുലിനെ രണ്ടുവട്ടം കൈവിട്ട കോലിയുടെ പിഴവ് ബാംഗ്ലൂരിന്‍റെ തോല്‍വിയില്‍ നിര്‍ണായകമായി.


ദുബായ്: കിംഗ് കോലിക്ക് മുന്നില്‍ യഥാര്‍ത്ഥ കിംഗായത് കിംഗ്സ് ഇലവന്‍ പഞ്ചാബ് നായകന്‍ കെ എല്‍ രാഹുല്‍. മുന്നില്‍ നിന്ന് പടനയിച്ച രാഹുലിന്‍റെ അപരാജിത സെഞ്ചുറിക്കരുത്തില്‍ 20 ഓവറില്‍ 206 റണ്‍സടിച്ച പഞ്ചാബ്, കോലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 97 റണ്‍സിന് കീഴടക്കി ഐപിഎല്ലിലെ ആദ്യ ജയം കുറിച്ചു. ആദ്യമത്സരം സൂപ്പര്‍ ഓവറില്‍ കൈവിട്ട പ‍ഞ്ചാബിന്‍റെ ശക്തമായ തിരിച്ചുവരവ് കൂടിയായി ഈ വിജയം. സ്കോര്‍ പഞ്ചാബ് 20 ഓവറില്‍ 206/3, ബാംഗ്ലൂര്‍ 17 ഓവറില്‍ 109ന് ഓള്‍ ഔട്ട്.

ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലിക്ക് ടോസില്‍ മാത്രമായിരുന്നു ഭാഗ്യം. പിന്നീട് തൊട്ടതെല്ലാം പിഴച്ചു. രാഹുലിനെ രണ്ടുവട്ടം കൈവിട്ട കോലിയുടെ പിഴവ് ബാംഗ്ലൂരിന്‍റെ തോല്‍വിയില്‍ നിര്‍ണായകമായി. കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശീയ ബാംഗ്ലൂരിന് ഒരിക്കല്‍ പോലും വിജയപ്രതീക്ഷ ഉണര്‍ത്താനായില്ല. ആദ്യ ഓവറില്‍ തന്നെ മലയാളി താരം ദേവ്‌ദത്ത് പടിക്കല്‍(1) കോട്രലിന് മുന്നില്‍ വീണു.

Latest Videos

undefined

വണ്‍ഡൗണായെത്തിയ ജോഷെ ഫിലിപ്പിനെ ഷമി അക്കൗണ്ട് തുറക്കും മുമ്പെ മടക്കി. തൊട്ടുപിന്നാലെ കോലിയെ(1) രവി ബിഷ്ണോയിയുടെ കൈകകളിലെത്തിച്ച് കോട്രല്‍ ഇരട്ടപ്രഹരമേല്‍പ്പിച്ചു. ഡിവില്ലിയേഴ്സ്(28) പൊരുതി നോക്കിയെങ്കിലും കൂട്ടിന് ആരുമില്ലാതായിപ്പോയി. മധ്യനിരയില്‍ വാഷിംഗ്‌ടണ്‍ സുന്ദറിന്‍റെയും(30), ശിവം ദുബെയുടെയും(12) ചെറുത്തുനില്‍പ്പ് ബാംഗ്ലൂരിനെ 100 കടത്തിയെന്ന് മാത്രം. ബാംഗ്ലൂര്‍ നിരയില്ഡ നാലുപേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. പഞ്ചാബിനായി ബിഷ്ണോയിയും മുരുഗന്‍ അശ്വിനും മൂന്ന് വിക്കറ്റ് വീതം എടുത്തപ്പോള്‍ കോട്രല്‍ രണ്ടും ഷമി ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ  നായകന്‍ കെ എല്‍ രാഹുലിന്‍റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ കരുത്തിലാണ് പഞ്ചാബ് മികച്ച സ്കോര്‍ സ്വന്തമാക്കിയത്. 69 പന്തില്‍ ഏഴ് സിക്സും 14 ബൗണ്ടറിയും പറത്തി 132 റണ്‍സെടുത്ത രാഹുല്‍ ഐപിഎല്ലില്‍ ഒരു ഇന്ത്യന്‍ താരത്തിന്‍റെ ഏറ്റവും ഉയര്‍ന്ന സ്കോറും സ്വന്തമാക്കി.

എണ്‍പതുകളില്‍ രാഹുല്‍ നല്‍കിയ രണ്ട് അനായാസ ക്യാച്ചുകള്‍ കൈവിട്ട് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലിയാണ് ബാംഗ്ലൂര്‍ ഇന്നിംഗ്സില്‍ വില്ലാനായത്. സ്റ്റെയിനിന്റെ പന്തില്‍ 84ല്‍ നില്‍ക്കെ രാഹുല്‍ നല്‍കിയ അനായാസ ക്യാച്ച് കോലി നിലത്തിടുന്നത് ആരാധകര്‍ അവിശ്വസനീയതയോടെയാണ് കണ്ടത്. നവദീപ് സെയ്നി എറിഞ്ഞ അടുത്ത ഓവറിലും കോലി, രാഹുലിന് ജീവന്‍ നല്‍കി.

ആഞ്ഞടിച്ച് രാഹുല്‍

രണ്ടുതവണ ജീവന്‍ ലഭിച്ച രാഹുല്‍ സ്റ്റെയിന്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 26 റണ്‍സടിച്ച് സെഞ്ചുറിയിലെത്തി. സ്റ്റെയിനിന്‍റെ പത്തൊമ്പതാം ഓവറില്‍ രാഹുല്‍ മൂന്ന് സിക്സും രണ്ടു ഫോറും പറത്തി.  ശിവം ദുബെ എറിഞ്ഞ അവസാന ഓവറില്‍ 20 റണ്‍സടിച്ച രാഹുലും കരുണ്‍ നായരും ചേര്‍ന്ന് പഞ്ചാബിനെ 200 കടത്തി.കോലി കൈവിട്ടശേഷം രാഹുല്‍ നേടിയത് ഒമ്പത് പന്തില്‍ 42 റണ്‍സ്. അവസാന നാലോവറില്‍ കിംഗ്സ് ഇലവന്‍ 74 റണ്‍സടിച്ചു.

അടിത്തറയിട്ട് മായങ്കും രാഹുലും

നേരത്തെ  പഞ്ചാബിനായി രാഹുലും മായങ്കും നല്ല തുടക്കമിട്ടു. ഉമേഷ് യാദവ് എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ എട്ട് റണ്‍സടിച്ച പഞ്ചാബ് ഡെയ്ല്‍ സ്റ്റെയിനിന്റെ രണ്ടാം ഓവറില്‍ ഒമ്പത് റണ്‍സടിച്ചു. മൂന്നാം ഓവറില്‍ ഉമേഷിനെതിരെ രണ്ട് ബൗണ്ടറിയടിച്ച് മായങ്ക് പഞ്ചാബ് ഇന്നിംഗ്സിന് ഗതിവേഗം നല്‍കി.

ആറാം ഓവറില്‍ 50ല്‍ എത്തിയ പഞ്ചാബിന് പക്ഷെ ഏഴാം ഓവറില്‍ ആദ്യ വിക്കറ്റ് നഷ്ടമായി. യുസ്‌വേന്ദ്ര ചാഹലിന്‍റെ ഗൂഗ്ലിയില്‍ മായങ്ക് അഗര്‍വാള്‍(20 പന്തില്‍ 26) പുറത്ത്. വണ്‍ഡൗണായെത്തിയ നിക്കോളാസ് പുരാന് കാര്യമായൊന്നും ചെയ്യാനായില്ലെങ്കിലും കെ എല്‍ രാഹുലിനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കി. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 57 റണ്‍സടിച്ചു. 17 പന്തില്‍ 17 റണ്‍സടിച്ച പുരാനെ ശിവം ദുബെ ഡിവില്ലിയേഴ്സിന്റെ കൈകളിലെത്തിച്ചു.

പിന്നീടെത്തിയ ഗ്ലെന്‍ മാക്സ്‌വെല്ലിനെ(5) നിലയുറപ്പിക്കും മുമ്പ് മടക്കി ശിവം ദുബെ പഞ്ചാബിന് ഇരട്ട പ്രഹരമേല്‍പ്പിച്ചു. എന്നാല്‍ ഒരുവശത്ത് തകര്‍ത്തടിച്ച രാഹുല്‍ കരുണ്‍ നായരെ കൂട്ടുപിടിച്ച് പഞ്ചാബ് സ്കകോര്‍ 200 കടത്തി. 8 പന്തില്‍ 15 റണ്‍സുമായി കരുണ്‍ നായര്‍ പുറത്താകാതെ നിന്നു.

click me!