മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേറ്റ് ഡല്‍ഹി, ഐപിഎല്ലില്‍ മുംബൈ-ഡല്‍ഹി കലാശപ്പോര്

By Web Team  |  First Published Nov 8, 2020, 11:31 PM IST

45 പന്തില്‍ 67 റണ്‍സെടുത്ത വില്യംസണാണ് ഹൈദരാബാദിന്‍റെ ടോപ് സ്കോറര്‍. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച യുവതാരം അബ്ദുള്‍ സമദ് 16 പന്തില്‍ 33 റണ്‍സെടുത്തു


അബുദാബി: കെയ്ന്‍ വില്യംസണിന്‍റെ പോരാട്ടവീര്യത്തിനും അബ്ദുള്‍ സമദിന്‍റെ ചോരത്തിളപ്പിനും സണ്‍റൈസേഴ്സിനായി ഫൈനല്‍ ടിക്കറ്റുറപ്പിക്കാനായില്ല. ഐപിഎല്‍ രണ്ടാം പ്ലേ ഓഫില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 17 റണ്‍സിന് കീഴടക്കി ഡല്‍ഹി ക്യാപിറ്റല്‍സ് ആദ്യമായി ഐപിഎല്‍ ഫൈനലിലെത്തി. ചൊവ്വാഴ്ച നടക്കുന്ന ഫൈനലില്‍ മുംബൈ ഇന്ത്യന്‍സാണ് ഡല്‍ഹിയുടെ എതിരാളികള്‍.

45 പന്തില്‍ 67 റണ്‍സെടുത്ത വില്യംസണാണ് ഹൈദരാബാദിന്‍റെ ടോപ് സ്കോറര്‍. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച യുവതാരം അബ്ദുള്‍ സമദ് 16 പന്തില്‍ 33 റണ്‍സെടുത്തു. ഡല്‍ഹിക്കായി കാഗിസോ റാബാദ നാലും മാര്‍ക്കസ് സ്റ്റോയിനിസ് മൂന്നും വിക്കറ്റെടുത്തു. സ്കോര്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ 189/3, സണ്‍റൈസേഴ്സ് ഹൈദരാബാദ് 20 ഓവറില്‍ 172/8.

Latest Videos

undefined

തല തകര്‍ന്ന് തുടക്കം

ഡല്‍ഹിയുടെ വമ്പന്‍ സ്കോര്‍ മറികടക്കണമെങ്കില്‍ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറില്‍ നിന്ന് ഒരു വെടിക്കെട്ട് ഇന്നിംഗ്സ് ഹൈദരാബാദിന് അനിവാര്യമായിരുന്നു. എന്നാല്‍ രണ്ടാം ഓവറില്‍ റബാദയുടെ യോര്‍ക്കറില്‍ വാര്‍ണര്‍(2) ബൗള്‍ഡായതോടെ ഹൈദരാബാദിന്‍റെ പ്രതീക്ഷകള്‍ മങ്ങി.  അധികം വൈകാതെ പ്രിയം ഗാര്‍ഗ്(12 പന്തില്‍ 17), മനീഷ് പാണ്ഡെ(14 പന്തില്‍  21) എന്നിവരും മടങ്ങിയതോടെ ഹൈദരാബാദ് തോല്‍വി ഉറപ്പിച്ചതാണ്.

ഉദിച്ചുയര്‍ന്ന് വില്യംസണ്‍

കഴിഞ്ഞ മത്സരത്തെ അനുസ്മരിപ്പിച്ച് ക്രീസില്‍ ഒത്തുചേര്‍ന്ന വില്യംസണും ഹോള്‍ഡറും പതുക്കെ തുടങ്ങി കത്തിക്കയറി. ഇരുവരും ചേര്‍ന്ന് 46 റണ്‍സിന്‍റെ കൂട്ടുകെട്ടിലൂടെ ഹൈദരാബാദിന് പ്രതീക്ഷ നല്‍കി. ഹോള്‍ഡര്‍(11) മടങ്ങിയശേഷമെത്തിയ അബ്ദുള്‍ സമദ് വില്യംസണ് പറ്റിയ പങ്കാളിയായതോടെ ഹൈദരാബാദിന് വിജയപ്രതീക്ഷയായി. തകര്‍ത്തടിച്ച വില്യംസണും(45 പന്തില്‍ 67) സമദും(16 പന്തില്‍ 33) ഹൈദരാബാദിനെ വിജയത്തിന് അടുത്തെത്തിച്ചെങ്കിലും പതിനേഴാം ഓവറില്‍ വില്യംസണെ വീഴ്ത്തി സ്റ്റോയിനിസ് ഡല്‍ഹിയ്ക്ക് ഫൈനല്‍ ടിക്കറ്റെടുത്തു.

പ്രതീക്ഷയായിരുന്ന സമദിനെ റബാദ മടക്കിയതോടെ സണ്‍റൈസേഴ്സിന് മടക്ക ടിക്കറ്റായി. റാഷിദ് ഖാന്‍റെ(11)വമ്പനടികള്‍ക്ക് തോല്‍വിഭാരം കുറക്കാനായെന്ന് മാത്രം. ഡല്‍ഹിക്കായി 29 റണ്‍സ് വഴങ്ങി റബാദ നാലും 26 റണ്‍സ് വിട്ടുകൊടുത്ത് സ്റ്റോയിനിസ് മൂന്നും വിക്കറ്റെടുത്തു.

നേരതത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണര്‍ ശിഖര്‍ ധവാന്‍റെ അര്‍ധസെഞ്ചുറിയുടയെും  ഹെറ്റ്മെയര്‍(22 പന്തില്‍ 42*), സ്റ്റോയിനിസ്(27 പന്തില്‍ 38) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗിന്‍റെയും കരുത്തിലാണ് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തത്. അവസാന രണ്ടോവറില്‍ സന്ദീപ് ശര്‍മയും നടരാജനും വരിഞ്ഞുമുറുക്കിയില്ലായിരുന്നു എങ്കില്‍ ഡല്‍ഹി അനായാസം 200 കടക്കുമായിരുന്നു. ഹൈദരാബാദിനുവേണ്ടി റാഷിദ് ഖാനും സന്ദീപ് ശര്‍മയും ജേസണ്‍ ഹോള്‍ഡറും ഓരോ വിക്കറ്റെടുത്തു.

click me!