അടിച്ചുതകര്‍ത്ത് ഡൂപ്ലെസി, ആളിക്കത്തി ജഡേജ; ഡല്‍ഹിക്കെതിരെ ചെന്നൈക്ക് മികച്ച സ്കോര്‍

By Web Team  |  First Published Oct 17, 2020, 9:18 PM IST

സാം കറനെ ആദ്യ ഓവറിലെ നഷ്ടമായതോടെ ചെന്നൈയുടെ പവര്‍പ്ലേ സ്കോറിംഗിന് പതിവ് വേഗമില്ലായിരുന്നു. ആദ്യ ആറോവറില്‍ 39 റണ്‍സ് മാത്രമാണ് പിറന്നത്.


ഷാര്‍ജ: ഓപ്പണര്‍ ഫാഫ് ഡൂപ്ലെസിയും അംബാട്ടി റായുഡുവും അവസാന ഓവറുകളില്‍ രവീന്ദ്ര ജഡേജയും തകര്‍ത്തടിച്ചപ്പോള്‍ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് മികച്ച സ്കോര്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തു. 58 റണ്‍സെടുത്ത  ഡൂപ്ലെസിയാണ് ചെന്നൈയുടെ ടോപ് സ്കോറര്‍. റായു‍ഡു 45 റണ്‍സുമായി തിളങ്ങിയപ്പോള്‍ അവസാന ഓവറുകളില്‍ 13 പന്തില്‍ 33 റണ്‍സടിച്ച രവീന്ദ്ര ജഡേജയാണ് ചെന്നൈ സ്കോര്‍ 179ല്‍ എത്തിച്ചത്.

ആദ്യ ഓവറില്‍ തന്നെ ചെന്നൈ ഞെട്ടി

Latest Videos

undefined

ഡല്‍ഹിയുടെ യുവ ബൗളര്‍ തുഷാര്‍ ദേശ്പാണ്ഡെ ആദ്യ ഓവറില്‍ തന്നെ ചെന്നൈയെ ഞെട്ടിച്ചു. ഓള്‍ റൗണ്ടര്‍ സാം കറനെ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ തേര്‍ഡ് മാനില്‍ ആന്‍റിച്ച് നോര്‍ജെയുടെ കൈകളിലെത്തിച്ച ദേശ്പാണ്ഡെ ചെന്നൈക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചു.

മെല്ലെത്തുടങ്ങി കത്തിക്കയറി ഫാഫ്-വാറ്റു സഖ്യം

സാം കറനെ ആദ്യ ഓവറിലെ നഷ്ടമായതോടെ ചെന്നൈയുടെ പവര്‍പ്ലേ സ്കോറിംഗിന് പതിവ് വേഗമില്ലായിരുന്നു. ആദ്യ ആറോവറില്‍ 39 റണ്‍സ് മാത്രമാണ് പിറന്നത്. എന്നാല്‍ മെല്ലെത്തുടങ്ങി കത്തിക്കയറിയ ഫാഫ് ഡൂപ്ലെസിയും ഷെയ്ന്‍ വാട്സണും 87 റണ്‍സ് കൂട്ടുകെട്ടിലൂടെ ചെന്നൈക്ക് മികച്ച സ്കോറിനുള്ള അടിത്തറയിട്ടു. വാട്സണെ(28 പന്തില്‍ സ36) ക്ലീന്‍ ബൗള്‍ഡാക്കി നോര്‍ജെയാണ് ഡല്‍ഹിയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഡൂപ്ലെസിക്കൊപ്പം റായുഡുവും തകര്‍ത്തടിച്ചതോടെ ചെന്നൈയുടെ സ്കോറിംഗ് നിരക്ക് കുത്തനെ ഉയര്‍ന്നു. എന്നാല്‍ ഡൂപ്ലെസിയെ വീഴ്ത്തി(47 പന്തില്‍ 58)റബാദ വീണ്ടും ചെന്നൈക്ക് ബ്രേക്കിട്ടു.

ധോണി വന്നു, പോയി

പതിനഞ്ചാം ഓവറില്‍ ഡൂപ്ലെസി വീണശേഷം ക്രീസിലെത്തിയ എം എസ് ധോണിക്ക് ക്രീസില്‍ അധികം ആയുസുണ്ടായില്ല. അഞ്ച് പന്തില്‍ മൂന്ന് റണ്‍സ് മാത്രമെടുത്ത ധോണി നോര്‍ജെയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരിക്ക് ക്യാച്ച് നല്‍കി മടങ്ങി.

ആളിക്കത്തി ജഡേജ

അവസാന ഓവറുകളില്‍ ആഞ്ഞടിച്ച റായുഡുവും ജഡേജയും ചേര്‍ന്നാണ് ചെന്നൈയെ റണ്‍സിലെത്തിച്ചത്. ജഡേജ 13 പന്തില്‍ നാല് സിക്സ് പറത്തി 33 റണ്‍സെടുത്തപ്പോള്‍ റായുഡു 25 പന്തില്‍ നാല് സിക്സടിച്ച് 45 റണ്‍സെടുത്തു. ഡല്‍ഹിക്കായി നോര്‍ജെ രണ്ടും റബാദ,തുഷാര്‍ ദേശ്പാണ്ഡെ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

 

click me!