പത്തരമാറ്റ് ജയത്തോടെ ചെന്നൈ വീണ്ടും വിജയവഴിയില്‍; പഞ്ചാബിനെ പഞ്ചറാക്കി വാട്‌സണും ഡൂപ്ലെസിയും

By Web Team  |  First Published Oct 4, 2020, 11:16 PM IST

രണ്ടാം ജയത്തോടെ ചെന്നൈ പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്തുനിന്ന് ആറാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ അഞ്ച് കളികളില്‍ ഒരു ജയവുമായി പഞ്ചാബ് അവസാന സ്ഥാനത്താണ്.


ദുബായ്: സീസണിലാദ്യമായി ഷെയ്ന്‍ വാട്സണും ഫാഫ് ഡൂപ്ലെസിയും ഒരുമിച്ച് ഫോമിലേക്ക് ഉയര്‍ന്നതോടെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് വിജയവഴിയില്‍ തിരിച്ചെത്തി. തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്കൊടുവില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെ പത്തു വിക്കറ്റിന് തകര്‍ത്താണ് ചെന്നൈ സീസണിലെ രണ്ടാം ജയം സ്വന്തമാക്കിയത്. 53 പന്തില്‍ 87 റണ്‍സെടുത്ത ഡൂപ്ലെസിയും 53 പന്തില്‍ 83 റണ്‍സെടുത്ത വാട്സണും പുറത്താകാതെ നിന്നു.

സീസണിലെ ആദ്യ മത്സരം മാത്രം ജയിച്ച പഞ്ചാബിന്‍റെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്. സ്കോര്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് 20 ഓവറില്‍ 178/4, ചെന്നൈ സൂപ്പര്‍ കിംഗ്സ് 17.4 ഓവറില്‍ 181/0. രണ്ടാം ജയത്തോടെ ചെന്നൈ പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്തുനിന്ന് ആറാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ അഞ്ച് കളികളില്‍ ഒരു ജയവുമായി പഞ്ചാബ് അവസാന സ്ഥാനത്താണ്.

Latest Videos

undefined

വിശ്വാസംകാത്ത് വാട്‌സണ്‍

പഞ്ചാബ് ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശാനിറങ്ങിയ ചെന്നൈ ഒരിക്കല്‍പ്പോലും സമ്മര്‍ദ്ദത്തിലായില്ല. ഓപ്പണിംഗ് വിക്കറ്റില്‍ ഇതുവരെ ഫോമിലാവാതിരുന്നതിന്‍റെ പലിശയടക്കം വാട്‌സണ്‍ തിരിച്ചുകൊടുത്തപ്പോള്‍ പഞ്ചാബ് ബൗളര്‍മാര്‍ വെറും കാഴ്ചക്കാരായി.

കോട്രലിന്‍റെ ആദ്യ ഓവറില്‍ രണ്ട് ബൗണ്ടറിയടിച്ച് തുടങ്ങിയ വാട്സണ്‍ 31 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തി. മറുവശത്ത് പതിവുഫോമില്‍ കളിച്ച ഫാഫ് ഡൂപ്ലെസി 33 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു.

പഞ്ചാബ് ബൗളര്‍മാരെ ആരെയും നിലം തൊടീക്കാതിരുന്ന വാട്സണും ഡൂപ്ലെസിയും ക്രിസ് ജോര്‍ദ്ദാനെയാണ് കണക്കിന് പ്രഹരിച്ചത്. ആദ്യ ഓവറില്‍ 20 റണ്‍സ് വഴങ്ങിയ ജോര്‍ദ്ദാന്‍ രണ്ടോവറില്‍ 30 റണ്‍സ് വിട്ടുകൊടുത്തു. മൂന്നോവറില്‍ 42 റണ്‍സാണ് ജോര്‍ദ്ദാന്‍ വഴങ്ങിയത്.

പത്താം ഓവറില്‍ ചെന്നൈ 100 പിന്നിട്ടപ്പോള്‍ തന്നെ പഞ്ചാബ് തോല്‍വി ഉറപ്പിച്ചു. പതിനഞ്ചാം ഓവറില്‍ ചെന്നൈ 150ല്‍ എത്തി. പിന്നീടെല്ലാം ചടങ്ങുകള്‍ മാത്രമായി. 11 ബൗണ്ടറിയും മൂന്ന് സിക്സും പറത്തിയാണ് വാട്സണ്‍ 83 റണ്‍സെടുത്തത്. 11 ബൗണ്ടറിയും ഒറു സിക്സും അടിച്ചാണ് ഡൂപ്ലെസി 87 റണ്‍സ് നേടിയത്. കോട്രല്‍ മൂന്നോവറില്‍ 30ഉം പര്‍പ്രീത് ബ്രാര്‍ നാലോവറില്‍ 41 റണ്‍സും വിട്ടുകൊടുത്തപ്പോള്‍ മുഹമ്മദ് ഷമി 3.4 ഓവറില്‍ 35 റണ്‍സ് വിട്ടുകൊടുത്തു.

click me!