വാംഖഡെയില്‍ വെങ്കടേഷ് അയ്യരിസം, മിന്നല്‍ സെഞ്ചുറി; മികച്ച സ്കോറുമായി കെകെആര്‍

By Web Team  |  First Published Apr 16, 2023, 5:27 PM IST

ഒരറ്റത്ത് സിക്‌സുകളുമായി തകര്‍ത്തടിച്ച വെങ്കടേഷ് അയ്യര്‍ 49 പന്തില്‍ ഐപിഎല്ലില്‍ തന്‍റെ ആദ്യ സെഞ്ചുറി സ്വന്തമാക്കി


മുംബൈ: വാംഖഡെ അയാളുടെ സിക്‌സര്‍ മഴയില്‍ മുങ്ങി, ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ വെങ്കടേഷ് അയ്യരുടെ സെഞ്ചുറിക്കരുത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മികച്ച സ്കോര്‍ സ്വന്തമാക്കി. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത കെകെആര്‍ 20 ഓവറില്‍ 6 വിക്കറ്റ് നഷ്‌ടത്തില്‍ 185 റണ്‍സെടുത്തു. വെങ്കടേഷ് അയ്യര്‍ 51 പന്തില്‍ ആറ് ഫോറും ഒന്‍പത് സിക്‌സും സഹിതം 104 റണ്‍സെടുത്ത് പുറത്തായി. അവസാന രണ്ട് ഓവറില്‍ ആന്ദ്രേ റസലിന്‍റെ ബാറ്റിംഗ് കൊല്‍ക്കത്തയ്‌ക്ക് മികച്ച ഫിനിഷിംഗ് സമ്മാനിച്ചു. എന്നാല്‍ സ്കോര്‍ 200 കടത്താന്‍ റസലിനായില്ല. 

അരങ്ങേറ്റം താരം അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ മുംബൈ ഇന്ത്യന്‍സിനായി പന്തെടുത്തപ്പോള്‍ ആദ്യ ഓവറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 5 റണ്‍സേ നേടാനായുള്ളൂ. തൊട്ടടുത്ത ഓവറില്‍ എന്‍ ജഗദീശനെ(5 പന്തില്‍ 0) കാമറൂണ്‍ ഗ്രീന്‍, ഹൃത്വിക് ഷൊക്കിന്‍റെ കൈകളിലെത്തിച്ചു. പവര്‍പ്ലേ പൂര്‍ത്തിയാകും മുമ്പ് മറ്റൊരു ഓപ്പണര്‍ റഹ്‌മാനുള്ള ഗുര്‍ബാസും മടങ്ങി. 12 പന്തില്‍ 8 റണ്‍സെടുത്ത താരത്തെ വെറ്റന്‍ സ്‌പിന്നര്‍ പീയുഷ് ചൗളയാണ് മടക്കിയത്. ക്യാപ്റ്റന്‍ നിതീഷ് റാണ 10 പന്തില്‍ അഞ്ചും സ്ഥാനക്കയറ്റം കിട്ടിയ ഷര്‍ദ്ദുല്‍ ഠാക്കൂര്‍ 11 പന്തില്‍ 13 ഉം റണ്‍സെടുത്ത് ഷൊക്കിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. 1.5 ഓവറിലെ 11-1 എന്ന നിലയില്‍ നിന്ന് 12.5 ഓവറില്‍ 123-4 എന്ന നിലയിലായി കെകെആര്‍. 

Latest Videos

undefined

എന്നാല്‍ ഒരറ്റത്ത് സിക്‌സുകളുമായി തകര്‍ത്തടിച്ച വെങ്കടേഷ് അയ്യര്‍ 49 പന്തില്‍ ഐപിഎല്ലില്‍ തന്‍റെ ആദ്യ സെഞ്ചുറി സ്വന്തമാക്കി. ഇതിനകം തന്നെ വെങ്കടേഷ് 9 സിക്‌സും അഞ്ച് ഫോറും പറത്തിയിരുന്നു. 2008ലെ പ്രഥമ ഐപിഎല്‍ സീസണിന്‍റെ ആദ്യ മത്സരത്തില്‍ ബ്രണ്ടന്‍ മക്കല്ലം സെഞ്ചുറി നേടിയതിന് ശേഷം ഇതാദ്യമായാണ് ഒരു കെകെആര്‍ താരം മൂന്നക്കം കാണുന്നത്. അയ്യരിസം ബൗണ്ടറികളായി നിറഞ്ഞതോടെ 17 ഓവറില്‍ കൊല്‍ക്കത്ത 150 പിന്നിട്ടു.  പിന്നാലെ വെങ്കടേഷിനെ റിലെ മെരിഡിത്ത്, യാന്‍സന്‍റെ കൈകളില്‍ എത്തിച്ചെങ്കിലും കൊല്‍ക്കത്ത സുരക്ഷിത നിലയില്‍ എത്തിയിരുന്നു.

കഴിഞ്ഞ രണ്ട് മത്സരങ്ങളിലെ കൂറ്റനടിക്കാരന്‍ റിങ്കു സിംഗിനെ(18 ബോളില്‍ 18) 19-ാം ഓവറിലെ അഞ്ചാം പന്തില്‍ യാന്‍സന്‍ പറഞ്ഞയച്ചു. 11 പന്തില്‍ 21* റണ്‍സെടുത്ത ആന്ദ്രേ റസലും 2 പന്തില്‍ 2* റണ്‍സെടുത്ത സുനില്‍ നരെയ്‌നും കെകെആറിനെ മികച്ച സ്കോറില്‍ എത്തിച്ചു.  

Read more: ഐപിഎല്ലില്‍ കളിക്കുന്ന ആദ്യ അച്ഛനും മകനും; റെക്കോര്‍ഡിട്ട് അര്‍ജുന്‍ ടെന്‍ഡുല്‍ക്കറും സച്ചിനും

click me!