ഓപ്പണിംഗ് സ്ഥാനത്തേക്ക് ത്രിമൂര്‍ത്തികളുടെ പോരാട്ടം, തലപുകഞ്ഞ് കെകെആര്‍; സാധ്യതാ ഇലവന്‍

By Web Team  |  First Published Apr 14, 2023, 11:50 AM IST

ഓപ്പണര്‍ സ്ഥാനത്ത് മൂന്ന് മത്സരങ്ങളില്‍ 130.55 സ്‌ട്രൈക്ക് റേറ്റില്‍ 94 റണ്‍സാണ് റഹ്മത്തുള്ള ഗുര്‍ബാസ് ഇതുവരെ സ്വന്തമാക്കിയത്


കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പോരാട്ടമാണ്. മത്സരത്തിന് മുമ്പ് കെകെആറിനെ വലയ്‌ക്കുന്നൊരു ചോദ്യം ഓപ്പണിംഗില്‍ ആരൊക്കെ വരണം എന്നതാണ്. മൂന്ന് വിദേശ താരങ്ങളാണ് ഓപ്പണിംഗ് സ്ഥാനത്തേക്ക് പോരടിക്കുന്നത്. 

ഓപ്പണര്‍ സ്ഥാനത്ത് മൂന്ന് മത്സരങ്ങളില്‍ 130.55 സ്‌ട്രൈക്ക് റേറ്റില്‍ 94 റണ്‍സാണ് റഹ്മത്തുള്ള ഗുര്‍ബാസ് ഇതുവരെ സ്വന്തമാക്കിയത്. അവസാന മത്സരത്തില്‍ പരാജയപ്പെട്ട താരത്തിന് 12 പന്തില്‍ 15 റണ്‍സേ നേടാനായുള്ളൂ. റഹ്മത്തുള്ള ഗുർബാസിനൊപ്പം മൂന്ന് മത്സരത്തിലും ഓപ്പണിംഗിൽ വ്യത്യസ്‌ത താരങ്ങളാണെത്തിയത്. സണ്‍റൈസേഴ്‌സിനെതിരെ കെകെആര്‍ ഇംഗ്ലീഷ് വെടിക്കെട്ട് വീരന്‍ ജേസന്‍ റോയിക്ക് അവസരം നല്‍കുന്ന കാര്യം ആലോചിച്ചേക്കും. അടുത്തിടെ സ്‌ക്വാഡിനൊപ്പം ചേര്‍ന്ന ബംഗ്ലാദേശ് താരം ലിറ്റണ്‍ ദാസും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഓപ്പണിംഗ് ഓപ്‌ഷനാണ്. ഇരുപത്തിയെട്ടുകാരനായ ലിറ്റണ്‍ ദാസ് 71 രാജ്യാന്തര ട്വന്‍റി 20കളില്‍ 23.43 ശരാശരിയിലും 132.43 സ്ട്രൈക്ക് റേറ്റിലും 1617 റണ്‍സ് നേടിയിട്ടുണ്ട്. ജേസന്‍ റോയി ആവട്ടേ 64 രാജ്യാന്തര ടി20കളില്‍ 23.78 ശരാശരിയിലും 137.61 സ്ട്രൈക്ക് റേറ്റിലും 1522 റണ്‍സ് സ്വന്തമാക്കി. ഐപിഎല്ലില്‍ 13 കളിയില്‍ 329 റണ്‍സാണ് റോയിയുടെ സമ്പാദ്യം

Latest Videos

undefined

സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ സ്വന്തം മണ്ണിൽ ഹാട്രിക് ജയമാണ് കൊല്‍ക്കത്ത ലക്ഷ്യമിടുന്നത്. ബാറ്റിംഗ് ലൈനപ്പിൽ വമ്പന്‍ പേരുകാരില്ലെന്ന കുറവ് കൂട്ടായ പരിശ്രത്തിലൂടെയാണ് കൊൽക്കത്ത മറികടക്കുന്നത്. തുടർച്ചയായ രണ്ട് മത്സരത്തിലും കൊൽക്കത്ത 200 കടന്നു. കഴിഞ്ഞ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ 204 റണ്‍സ് പിന്തുടര്‍ന്ന കെകെആര്‍ അവസാന പന്തില്‍ ഏഴ് വിക്കറ്റിന് വിജയിച്ചതിന്‍റെ ത്രില്ലിലാണ്. അവസാന ഓവറില്‍ തുടര്‍ച്ചയായി അഞ്ച് സിക്‌സുകളുമായി റിങ്കു സിംഗായിരുന്നു വിജയശില്‍പി. വെങ്കടേഷ് അയ്യര്‍, നിതീഷ് റാണ എന്നിവരുടെ ബാറ്റിംഗ് ഫോമിനൊപ്പം സുനില്‍ നരെയ്‌ന്‍റെ ബൗളിംഗ് മികവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് കരുത്താണ്. ജേസന്‍ റോയിക്കൊപ്പം മറ്റൊരു വിദേശ ഓപ്പണറെ ഉള്‍പ്പടുത്തേണ്ടി വന്നാല്‍ ലോക്കീ ഫെര്‍ഗൂസനെ പുറത്തിരുത്തേണ്ടിവരും. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സാധ്യതാ ഇലവന്‍: ജേസന്‍ റോയി, എന്‍ ജഗദീശന്‍(വിക്കറ്റ് കീപ്പര്‍), വെങ്കടേഷ് അയ്യര്‍, നിതീഷ് റാണ(ക്യാപ്റ്റന്‍), ആന്ദ്രേ റസല്‍, റിങ്കു സിംഗ്, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, സുനില്‍ നരെയ്‌ന്‍, ലോക്കീ ഫെര്‍ഗൂസന്‍, ഉമേഷ് യാദവ്, വരുണ്‍ ചക്രവര്‍ത്തി. 

Read more: കെകെആറിന് കരുത്ത് കൂടും; വെടിക്കെട്ടിന് വീര്യം കൂട്ടാന്‍ ബംഗ്ലാ താരമെത്തി

click me!