ക്രിക്കറ്റ് പ്രേമികളുടെ മനംകീഴടക്കിയ റിങ്കു സിംഗിന്‍റെ പ്രതികരണവും ഏവരുടേയും ഹൃദയം കീഴടക്കും
അഹമ്മദാബാദ്: റിങ്കു സിംഗ്! ആ പേരിന് ചുറ്റുമാണ് ഇന്നലെ മുതല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്. അവസാന ഓവറില്‍ ജയിക്കാന്‍ 29 റണ്‍സ് വേണമെന്നിരിക്കേ തുടര്‍ച്ചയായി അഞ്ച് പന്തുകള്‍ സിക്‌സറിന് പറത്തി ഗുജറാത്ത് ടൈറ്റന്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ മൂന്ന് വിക്കറ്റിന് വിജയിപ്പിക്കുകയായിരുന്നു റിങ്കു സിംഗ് എന്ന യുവതാരം. ഐപിഎല്‍ ചരിത്രത്തില്‍ ഇടംപിടിച്ച ഇന്നിംഗ്‌സിലൂടെ ക്രിക്കറ്റ് പ്രേമികളുടെ മനംകീഴടക്കിയ റിങ്കു സിംഗിന്‍റെ പ്രതികരണവും ഏവരുടേയും ഹൃദയം കീഴടക്കും.
എനിക്കായി ത്യാഗം ചെയ്‌ത എല്ലാവര്‍ക്കും സമര്‍പ്പിക്കുന്നു ആ ഓരോ സിക്‌സുകളും എന്നാണ് തുടര്‍ച്ചയായി അഞ്ച് സിക്‌സുകള്‍ പറത്തിയ തകര്‍പ്പന്‍ വെടിക്കെട്ടിന് ശേഷം റിങ്കു സിംഗിന്‍റെ വാക്കുകള്‍. 'എന്‍റെ പിതാവ് ഏറെ പ്രതിസന്ധികള്‍ തരണം ചെയ്‌തിട്ടുണ്ട്. ഞാനൊരു കര്‍ഷക കുടുംബത്തില്‍ നിന്നാണ് വരുന്നത്. ഗ്രൗണ്ടിന് പുറത്തേക്കടിച്ച ഓരോ പന്തുകളും എനിക്കായി ത്യാഗം ത്യജിച്ച എല്ലാവര്‍ക്കുമായി സമര്‍പ്പിക്കുന്നു' എന്നാണ് വിജയ ഇന്നിംഗ്‌സിന് ശേഷം റിങ്കു സിംഗിന്‍റെ കണ്ണീരില്‍ പൊതിഞ്ഞ വാക്കുകള്‍.
undefined
ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 205 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിക്കാന്‍ കെകെആറിന് അവസാന ഓവറില്‍ 29 റണ്‍സാണ് വേണ്ടിയിരുന്നത്. യഷ് ദയാലിന്‍റെ ആദ്യ പന്തില്‍ ഉമേഷ് യാദവ് സിംഗിള്‍ എടുത്തപ്പോള്‍ പിന്നീടുള്ള അഞ്ച് പന്തുകളും ഗ്യാലറിയിലേക്ക് പറത്തി റിങ്കു കൊല്‍ക്കത്തയ്ക്ക് മൂന്ന് വിക്കറ്റിന്‍റെ ത്രില്ലര്‍ വിജയം ഇന്നിംഗ്‌സിലെ അവസാന പന്തില്‍ സമ്മാനിക്കുകയായിരുന്നു. റിങ്കു സിംഗ് 21 പന്തില്‍ ഒരു ഫോറും 6 സിക്‌സും സഹിതം 48* റണ്‍സുമായി പുറത്താവാതെ നിന്നു. സ്കോര്‍: ഗുജറാത്ത് ടൈറ്റന്‍സ്-204/4 (20), കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- 207/7 (20).
ഐപിഎല്ലില്‍ മുമ്പ് ക്രിസ് ഗെയ്‌ല്‍, രാഹുല്‍ തെവാട്ടിയ, രവീന്ദ്ര ജഡേജ, മാര്‍ക്കസ് സ്റ്റോയിനിസ്-ജേസന്‍ ഹോള്‍ഡര്‍ സഖ്യം എന്നിവര്‍ മാത്രമാണ് ഒരോവറില്‍ അഞ്ച് സിക്‌സുകള്‍ നേടിയിട്ടുള്ളൂ.
ബ്രന്‍ഡന്‍ മക്കല്ലം, ആരോണ്‍ ഫിഞ്ച്, ഷാരുഖ്.. ആശംസാ പ്രവാഹത്തില്‍ ശ്വാസംമുട്ടി റിങ്കു സിംഗ്!