'പറ്റില്ല മക്കളെ സൂര്യയെ പിടിച്ചുകെട്ടാന്‍', പറയുന്നത് സാക്ഷാല്‍ എബിഡി; ഇതിലും വലിയ പ്രശംസ കിട്ടാനില്ല

By Web Team  |  First Published May 13, 2023, 4:33 PM IST

മികച്ച ഫ്ലോയിലുള്ളപ്പോള്‍ തനിക്ക് വേണ്ടയെല്ലാ ഇടത്തേക്കും പന്തടിച്ച് കളയുകയാണ് സ്‌കൈ എന്ന് എബിഡി


മുംബൈ: നിലവില്‍ ട്വന്‍റി 20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍ ആരെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ. മുംബൈ ഇന്ത്യന്‍സിന്‍റെ ഇന്ത്യന്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ്. 'മിസ്റ്റര്‍ 360' എഡിബിയെ ഓര്‍മ്മിപ്പിച്ച് പരീക്ഷണ ഷോട്ടുകളുമായി മൈതാനത്തിന് നാലുപാടും ബൗളര്‍മാരെ പറത്തുകയാണ് ഐപിഎല്‍ പതിനാറാം സീസണില്‍ ആരാധകരുടെ സ്‌കൈ. സൂര്യകുമാര്‍ ടച്ചിലെത്തിയാല്‍ ഒരു കൊലകൊമ്പന്‍ ബൗളര്‍ക്കും ഒന്നും ചെയ്യാനില്ലെന്ന് ഗുജറാത്ത് ടൈറ്റന്‍സിന് എതിരായ മത്സരത്തില്‍ കണ്ടതാണ്. സാക്ഷാല്‍ മുഹമ്മദ് ഷമിയെ വരെ പഞ്ഞിക്കിട്ടു സൂര്യ. ഇതിന് പിന്നാലെ സൂര്യകുമാര്‍ യാദവിന് വലിയ പ്രശംസയുമായി കടന്നുവന്നിരിക്കുകയാണ് മുന്‍ഗാമി എ ബി ഡിവില്ലിയേഴ്‌സ്. 

സൂര്യകുമാര്‍ യാദവിനെ തളയ്‌ക്കാനാവില്ല. മികച്ച ഫ്ലോയിലുള്ളപ്പോള്‍ തനിക്ക് വേണ്ടയെല്ലാ ഇടത്തേക്കും പന്തടിച്ച് കളയുകയാണ് അദേഹം. സൂര്യയുടെ ബാറ്റിംഗ് കാണുന്നത് അത്യാഹ്‌ളാദമാണ് എന്നുമാണ് ബാറ്റിംഗ് ഇതിഹാസം എ ബി ഡിവില്ലിയേഴ്‌സിന്‍റെ വാക്കുകള്‍. സമകാലിക ക്രിക്കറ്റില്‍ സൂര്യകുമാര്‍ പുറത്തെടുക്കുന്ന ഒട്ടുമിക്ക ഷോട്ടുകളുടേയും ഉപജ്ഞാതാവാണ് എബിഡി. ഐപിഎല്ലില്‍ ആര്‍സിബിയുടെ ഇതിഹാസ താരമായ ഡിവില്ലിയേഴ്‌സ് പേസ്, സ്‌പിന്‍ ഭേദമില്ലാതെ ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിക്കുന്നതിലും അതിവേഗം സ്കോര്‍ ചെയ്യുന്നതിലും അഗ്രകണ്യനായിരുന്നു. 

Latest Videos

undefined

ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് 27 റണ്‍സിന്‍റെ വിജയമൊരുക്കിയത് സൂര്യകുമാര്‍ യാദവിന്‍റെ വെടിക്കെട്ട് സെഞ്ചുറിയാണ്. ആദ്യം ബാറ്റ് ചെയ്‌ത മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 5 വിക്കറ്റിന് 218 റണ്‍സ് നേടിയപ്പോള്‍ 49 പന്തില്‍ 11 ഫോറും ആറ് സിക്‌സുമായി സൂര്യ 103 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഇന്നിംഗ്‌സിലെ അവസാന പന്തില്‍ സിക്‌സുമായാണ് സൂര്യ സെഞ്ചുറി തികച്ചത്. മറുപടി ബാറ്റിംഗില്‍ ഗുജറാത്ത് ടൈറ്റന്‍സിന് 20 ഓവറില്‍ 191-8 എന്ന സ്കോറിലെത്താനേ കഴിഞ്ഞുള്ളൂ. ഈ സീസണില്‍ 12 കളികളില്‍ 190.84 സ്‌ട്രൈക്ക് റേറ്റില്‍ 479 റണ്‍സുമായി റണ്‍വേട്ടക്കാരുടെ പട്ടികയില്‍ മൂന്നാമതുണ്ട് സ്കൈ. 

Read more: ക്യാപ്റ്റന്‍ കൂള്‍ സഞ്ജു, കയ്യടിച്ചേ പറ്റൂ; ബട്‌ലറെ റണ്ണൗട്ടാക്കിയ ജയ്‌സ്വാളിനോട് പറഞ്ഞത് ഒറ്റക്കാര്യം

click me!