സീസണില്‍ ഇതുവരെ മൂന്ന് മത്സരങ്ങളാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കളിച്ചത്, ഇതിനിടെ രണ്ട് താരങ്ങള്‍ പരിക്കിന്‍റെ പിടിയിലായിരുന്നു
ചെന്നൈ: ഐപിഎല്‍ പതിനാറാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് എതിരായ മത്സരത്തിന് മുമ്പ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആശ്വാസം. ലങ്കന്‍ ബൗളര്‍മാരായ മഹീഷ് തീക്‌ഷനയും മതീഷ പതിരാനയും സ്‌ക്വാഡിനൊപ്പം ചേര്‍ന്നു. ലങ്കയുടെ ന്യൂസിലന്‍ഡ് പര്യടനം കാരണമാണ് സിഎസ്‌കെയുടെ ആദ്യ മൂന്ന് മത്സരങ്ങള്‍ ഇരുവര്‍ക്കും നഷ്‌ടമായത്. പരിക്കേറ്റ ദീപക് ചാഹറിനും ബെന്‍ സ്റ്റോക്‌സിനും കുറച്ച് മത്സരങ്ങള്‍ നഷ്‌ടമാകും എന്നതിനാല്‍ ലങ്കന്‍ താരങ്ങളുടെ വരവ് നായകന്‍ എം എസ് ധോണിക്ക് കരുത്താകും. ചെപ്പോക്കില്‍ ബുധനാഴ്‌ച വൈകിട്ട് ഏഴരയ്‌ക്കാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-രാജസ്ഥാന്‍ റോയല്‍സ് പോരാട്ടം.
സീസണില്‍ ഇതുവരെ മൂന്ന് മത്സരങ്ങളാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കളിച്ചത്. ഇവയില്‍ മുംബൈ ഇന്ത്യന്‍സിനും ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനും എതിരായ മത്സരങ്ങള്‍ ധോണിപ്പട വിജയിച്ചു. കൊവിഡ് ഇടവേള കഴിഞ്ഞ് ചെപ്പോക്കിലേക്കുള്ള മടങ്ങിവരവിലായിരുന്നു ലഖ്‌നൗവിന് എതിരായ വിജയം. രാജസ്ഥാന്‍ റോയല്‍സിനെതിരെ സമാന മികവ് പുറത്തെടുക്കാനാകും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ബുധനാഴ്‌ച ഇറങ്ങുക. മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സും സീസണില്‍ മൂന്നില്‍ രണ്ട് മത്സരം വിജയിച്ചാണ് വരുന്നത്. അവസാന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 57 റണ്‍സിന് രാജസ്ഥാന്‍ റോയല്‍സ് പരാജയപ്പെടുത്തിയിരുന്നു.
undefined
ഇരുപത്തിരണ്ടുകാരനായ മഹീഷ് തീക്‌ഷന ഐപിഎല്ലില്‍ 9 മത്സരങ്ങളില്‍ 12 വിക്കറ്റ് നേടിയിട്ടുണ്ട്. 33 റണ്‍സിന് നാല് പേരെ പുറത്താക്കിയതാണ് മികച്ച പ്രകടനം. 38 രാജ്യാന്തര ടി20കളില്‍ 34 വിക്കറ്റും താരത്തിന് സ്വന്തം. അതേസമയം 20കാരനായ മതീഷ് പതിരാനയ്‌ക്ക് രണ്ട് ഐപിഎല്‍ മത്സരങ്ങളുടേയും ഒരു രാജ്യാന്തര ട്വന്‍റി20യുടേയും പരിചയമാണുള്ളത്.
ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്‌ക്വാഡ്
എം എസ് ധോണി(ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, ദേവോണ്‍ കോണ്‍വേ, റുതുരാജ് ഗെയ്‌ക്‌വാദ്, അമ്പാട്ടി റായുഡു, സുഭ്രാന്‍ഷു സേനാപതി, മൊയീന്‍ അലി, ശിവം ദുബെ, രാജ്‌വര്‍ധന്‍ ഹംഗരേക്കര്‍, ഡ്വെയ്ന്‍ പ്രിറ്റോറിയസ്, മിച്ചല്‍ സാന്‍റ്‌നര്‍, ദീപക് ചാഹര്‍, തുഷാന്‍ ദേശ്‌പാണ്ഡെ, മതീഷ പതിരാന, സിമര്‍ജീത്ത് സിംഗ്, പ്രശാന്ത് സോളങ്കി, മഹീഷ് തീക്‌ഷന, അജിങ്ക്യ രഹാനെ, ബെന്‍ സ്റ്റോക്‌സ്, ഷെയ്‌ക് റഷീദ്, നിശാന്ത് സിന്ധു, കെയ്‌ല്‍ ജാമീസണ്‍(പരിക്ക്), അജയ് മണ്ടല്‍, ഭഗത് വര്‍മ്മ.
Read more: അവസാന പന്തില്‍ ഹര്‍ഷല്‍ പട്ടേലിന്‍റെ മങ്കാദിങ് ഡ്രാമ; എന്തുകൊണ്ട് ഔട്ട് വിധിച്ചില്ല?