പോയിന്‍റ് പട്ടികയില്‍ താഴെയായിരിക്കാം; പക്ഷേ, ഒരു സണ്‍റൈസേഴ്‌സ് താരത്തെ കെകെആര്‍ ഭയക്കണം

By Web Team  |  First Published May 4, 2023, 3:19 PM IST

ഫിനിഷറുടെ റോളില്‍ വെടിക്കെട്ട് ബാറ്റിംഗുമായി മധ്യനിരയില്‍ തിളങ്ങുന്ന ക്ലാസനെ കൊല്‍ക്കത്ത ഭയന്നേ മതിയാകൂ എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്ന


ഹൈദരാബാദ്: ഐപിഎല്‍ പതിനാറാം സീസണില്‍ ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരമാണ്. ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം. സണ്‍റൈസേഴ്‌സ് പോയിന്‍റ് പട്ടികയില്‍ ഒന്‍പതും കൊല്‍ക്കത്ത എട്ടും സ്ഥാനങ്ങളിലാണ്. അതിജീവനത്തിനുള്ള പോരാട്ടത്തിനായി ഇരു ടീമുകളും ഇറങ്ങുമ്പോള്‍ സണ്‍റൈസേഴ്‌സ് നിരയിലെ ഒരു താരത്തെ കൊല്‍ക്കത്ത ഭയക്കേണ്ടതുണ്ട്. 

കോടിക്കിലുക്കവുമായി ഐപിഎല്ലിലേക്ക് വന്ന ഹാരി ബ്രൂക്ക് ഒറ്റ ഇന്നിംഗ്‌സ് കൊണ്ട് നിറംമങ്ങിയപ്പോള്‍ ക്യാപ്റ്റന്‍ ഏയ്‌ഡന്‍ മാര്‍ക്രാം അടക്കമുള്ളവരും ഇതുവരെ ഫോമിലേക്ക് എത്തിയിട്ടില്ല. ഇതിനിടെ സണ്‍റൈസേഴ്‌സ് ബാറ്റിംഗ് നിരയ്‌ക്ക് പ്രതീക്ഷ നല്‍കുന്ന ഏക താരം വിക്കറ്റ് കീപ്പര്‍ ഹെന്‍‌റിച്ച് ക്ലാസനാണ്. ഫിനിഷറുടെ റോളില്‍ വെടിക്കെട്ട് ബാറ്റിംഗുമായി മധ്യനിരയില്‍ തിളങ്ങുന്ന ക്ലാസനെ കൊല്‍ക്കത്ത ഭയന്നേ മതിയാകൂ എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ വര്‍ഷം ട്വന്‍റി 20 ക്രിക്കറ്റില്‍ 49 ശരാശരിയിലും 170.56 സ്ട്രൈക്ക് റേറ്റിലുമാണ് ക്ലാസന്‍ ബാറ്റ് ചെയ്യുന്നത്. കൊല്‍ക്കത്തന്‍ നിരയില്‍ കൂടുതല്‍ ഓവറുകള്‍ പന്തെറിയുന്നത് സ്‌പിന്നര്‍മാരാണ് എന്നതിനാല്‍ ഇവര്‍ക്കെതിരെ ക്ലാസന്‍റെ പ്രകടനം നിര്‍ണായകമാകും. ഈ സീസണില്‍ കെകെആറിന്‍റെ 60 ശതമാനം ഓവറുകളും സ്‌പിന്നര്‍മാരുടെ വകയായിരുന്നു. സ്‌പിന്‍ നിര ഇതുവരെ 33 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഐപിഎല്‍ 2023 സീസണില്‍ കളിച്ച ആറ് മത്സരങ്ങളില്‍ 51 ശരാശരിയിലും 182.14 പ്രഹരശേഷിയിലും 153 റണ്‍സ് ക്ലാസനുണ്ട്. പുറത്താവാതെ നേടിയ 53* ആണ് ഉയര്‍ന്ന സ്കോര്‍. 

Latest Videos

undefined

ഹൈദരാബാദില്‍ ഇന്ത്യന്‍ സമയം വൈകിട്ട് ഏഴരയ്‌ക്കാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരം ആരംഭിക്കുക. ഇരു ടീമിനും ജയം അനിവാര്യമാണ് ഈ മത്സരത്തില്‍. അവസാന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഇറക്കിയ അതേ ഇലവനെ സണ്‍റൈസേഴ്‌സ് നിലനിര്‍ത്താനാണ് സാധ്യത. ഡല്‍ഹിക്കെതിരെ ക്ലാസന്‍ 27 പന്തില്‍ 53 റണ്‍സ് നേടിയപ്പോള്‍ ടീം 9 റണ്‍സിന് വിജയിച്ചിരുന്നു. കൊല്‍ക്കത്തയ്‌ക്ക് ഓപ്പണര്‍ റഹ്‌മാനുള്ള ഗുര്‍ബാസ് അവസാന മത്സരത്തില്‍ 81 റണ്‍സ് നേടിയത് പ്രതീക്ഷയാണ്. ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ ഡേവിഡ് വീസിന് പകരം നാലാം വിദേശ താരമായി ജേസന്‍ റോയി മടങ്ങിയെത്തും. ഗുജറാത്ത് ടൈറ്റന്‍സിനോടേറ്റ ഏഴ് വിക്കറ്റ് തോല്‍വിയില്‍ നിന്ന് കരകയറുകയാണ് കെകആറിന്‍റെ ലക്ഷ്യം. 

Read more: സ്ലിപ്പില്‍ വെല്ലാനാളില്ല; ക്രുനാലിന്‍റെ കിളി പാറിച്ച് രഹാനെയുടെ വണ്ടര്‍ ക്യാച്ച്- വീഡിയോ

click me!