വീണ്ടും റിങ്കു സിംഗ് വിളയാട്ടം; സണ്‍റൈസേഴ്‌സിനെതിരെ കെകെആറിന് മികച്ച സ്കോര്‍

By Web Team  |  First Published May 4, 2023, 9:11 PM IST

റിങ്കു സിംഗും ഷര്‍ദ്ദുല്‍ താക്കൂറും ക്രീസില്‍ നില്‍ക്കേ 16 ഓവറില്‍ 137-6 എന്ന സ്കോറിലായിരുന്നു കെകെആര്‍


ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ തുടക്കത്തിലെ തകര്‍ച്ചയ്‌ക്ക് ശേഷം മികച്ച സ്കോറിലെത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത കെകെആ‍ര്‍ നിതീഷ് റാണ, റിങ്കു സിംഗ് എന്നിവരുടെ ബാറ്റിംഗിലും ഇംപാക്‌ട് പ്ലെയര്‍ അനുകുല്‍ റോയിയുടെ ഫിനിഷിംഗിലും 20 ഓവറില്‍ 9 വിക്കറ്റിന് 171 റണ്‍സെടുത്തു. റിങ്കു സിംഗാണ് ടോപ് സ്കോറര്‍. ഇംപാക്‌ട് പ്ലെയറായി എത്തിയ അനുകുല്‍ റോയി 7 പന്തില്‍ 13* ഉം, വൈഭവ് അറോറ 1 പന്തില്‍ 2* ഉം റണ്‍സുമായി പുറത്താവാതെ നിന്നു. 

തകര്‍ച്ചയോടെയായിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ തുടക്കം. ഫോമിലുള്ള ഓപ്പണര്‍ റഹ്‌മാനുള്ള ഗുര്‍ബാസിനെ ഇന്നിംഗ്‌സിലെ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ മാര്‍ക്കോ യാന്‍സന്‍ ഗോള്‍ഡന്‍ ഡക്കാക്കി. മൂന്നാമതായി എത്തിയ വെങ്കിടേഷ് അയ്യര്‍ക്കും(4 പന്തില്‍ 7) തിളങ്ങാനായില്ല. ഇതേ ഓവറിലെ അവസാന പന്തില്‍ യാന്‍സന് തന്നെയായിരുന്നു വിക്കറ്റ്. പരിക്ക് മാറിയെത്തിയ ജേസന്‍ റോയിയാവട്ടേ യുവതാരം കാര്‍ത്തിക് ത്യാഗിയുടെ പന്തില്‍(19 ബോളില്‍ 20) മായങ്ക് അഗര്‍വാളിന്‍റെ കൈകളിലെത്തി. ഇതിന് ശേഷം അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ക്യാപ്റ്റന്‍ നിതീഷ് റാണയും റിങ്കു സിംഗും ചേര്‍ന്ന് ടീമിനെ കരകയറ്റാന്‍ ശ്രമിച്ചു. 12-ാം ഓവറിലെ രണ്ടാം പന്തില്‍ ഈ കൂട്ടുകെട്ട് റിട്ടേണ്‍ ക്യാച്ചിലൂടെ പൊളിച്ച് ക്യാപ്റ്റന്‍ ഏയ്‌ഡന്‍ മാര്‍ക്രം സണ്‍റൈസേഴ്‌സിന് ബ്രേക്ക് ത്രൂ നല്‍കി. 31 പന്തില്‍ മൂന്ന് വീതം ഫോറും സിക്‌സും സഹിതം 42 റണ്‍സുമായി റാണ പുറത്താവുകയായിരുന്നു.

Latest Videos

undefined

ഇതിന് ശേഷം മായങ്ക് മര്‍ക്കാണ്ഡെയെ സിക്‌സര്‍ പറത്താനുള്ള ശ്രമത്തിനിടെ ആന്ദ്രേ റസല്‍(15 പന്തില്‍ 24) പുറത്തായത് കെകെആറിന് തിരിച്ചടിയായി. പിന്നാലെ സുനില്‍ നരെയ്‌നും(2 പന്തില്‍ 1) ഭുവിയുടെ പന്തില്‍ വന്നപോലെ മടങ്ങി. റിങ്കു സിംഗും ഷര്‍ദ്ദുല്‍ താക്കൂറും ക്രീസില്‍ നില്‍ക്കേ 16 ഓവറില്‍ 137-6 എന്ന സ്കോറിലായിരുന്നു കെകെആര്‍. 18-ാം ഓവറിലെ മൂന്നാം പന്തില്‍ താക്കൂറിനെ(6 പന്തില്‍ 8) നടരാജന്‍ മടക്കിയതോടെ ഉത്തരവാദിത്തമെല്ലാം റിങ്കുവിലായി. എന്നാല്‍ നട്ടുവിന്‍റെ അവസാന ഓവറിലെ രണ്ടാം പന്തില്‍ റിങ്കു(34 പന്തില്‍ 46) സമദിന്‍റെ പറക്കും ക്യാച്ചില്‍ മടങ്ങി. തൊട്ടടുത്ത പന്തില്‍ ഹര്‍ഷിതിനെ(1 പന്തില്‍ 0) നടരാജന്‍ റണ്ണൗട്ടാക്കി. 

Read more: വിജയം കൊയ്യാന്‍ രാജസ്ഥാന്‍ റോയല്‍സ്; ടൈറ്റ് മാച്ചിന് ടൈറ്റന്‍സ്

click me!