സഞ്ജു മൂന്നാം നമ്പറില്‍ വരട്ടെ, ഒറ്റയ്‌ക്ക് മത്സരം ജയിപ്പിക്കും; പറയുന്നത് മുന്‍ താരം

By Web Team  |  First Published Apr 27, 2023, 12:36 PM IST

സിഎസ്‌കെയ്‌ക്ക് എതിരെ സഞ്ജു ബാറ്റിംഗില്‍ മൂന്നാമനായി ക്രീസിലെത്തണം എന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര


ജയ്‌പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ്-ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരമാണ്. സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴയ്‌ക്കാണ് മത്സരം. സൂപ്പര്‍ ടീമുകള്‍ നേര്‍ക്കുനേര്‍ വരുന്ന മത്സരത്തില്‍ മലയാളി ആരാധകരുടെ കണ്ണുകളെല്ലാം രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിലാണ്. സിഎസ്‌കെയ്‌ക്ക് എതിരെ സഞ്ജു ബാറ്റിംഗില്‍ മൂന്നാമനായി ക്രീസിലെത്തണം എന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. 

'രാജസ്ഥാന്‍ റോയല്‍സിലേക്ക് നോക്കുമ്പോള്‍ എനിക്കൊരു കാര്യം ചൂണ്ടിക്കാണിക്കാനുണ്ട്. സഞ്ജു സാംസണ്‍ മൂന്നമനായി ബാറ്റിംഗിലേക്ക് വരണം. നാലാം നമ്പറിലേക്ക് എത്തിയ ശേഷം അത് പ്രയോജനപ്പെടുത്താന്‍ സഞ്ജുവിനായിട്ടില്ല. സഞ്ജുവിന് പ്രയോജനപ്പെടാത്തത് കൊണ്ടുതന്നെ ടീമിന് അത് ഗുണകരമായിട്ടില്ല. നാലാം നമ്പറില്‍ ഇറങ്ങിയാല്‍ ദേവ്‌ദത്ത് പടിക്കലും മികച്ച പ്രകടനം പുറത്തെടുക്കുന്നില്ല. മത്സരം ഒറ്റയ്‌ക്ക് ജയിപ്പിക്കാന്‍ ദേവ്ദത്ത് പടിക്കലിനാകുമോ, കഴിയാം, കഴിയാതിരിക്കാം. എന്നാല്‍ സഞ്ജുവിന് ഒറ്റയ്‌ക്ക് മത്സരം ജയിപ്പിക്കാന്‍ കഴിയുമോ, കഴിയും. ആദ്യ ആറ് ഓവറുകളില്‍ വിക്കറ്റ് വീണില്ലെങ്കില്‍ സഞ്ജു മൂന്നാം നമ്പറിലിറങ്ങിയാല്‍ ടീം ജയിക്കും' എന്നും ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു. 'നന്നായി ബാറ്റ് ചെയ്യുന്നതിനാല്‍ ധ്രുവ് ജൂരെലിന് കൂടുതല്‍ പന്തുകള്‍ നേരിടാനുള്ള അവസരം നല്‍കണം. വിക്കറ്റ് അധികം വീഴുന്നില്ലെങ്കില്‍ ധ്രുവിനെ നേരത്തെ ഇറക്കണം' എന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു. 

Latest Videos

undefined

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എതിരായ കഴിഞ്ഞ മത്സരത്തില്‍ ദേവ്‌ദത്ത് പടിക്കല്‍ മൂന്നാമത് ഇറങ്ങിയപ്പോള്‍ 34 പന്തില്‍ 52 റണ്‍സ് നേടിയെങ്കിലും ടീമിനെ ജയിപ്പിക്കാനായിരുന്നില്ല. നാലാമനായി ക്രീസിലെത്തിയ സഞ്ജു സാംസണ്‍ 15 പന്തില്‍ 22 റണ്‍സുമായി പുറത്തായിരുന്നു. ജോസ് ബട്‌ലര്‍ പൂജ്യത്തിനും ഷിമ്രോന്‍ ഹെറ്റ്‌മെയര്‍ മൂന്നിനും പുറത്തായതും റോയല്‍സിന് തിരിച്ചടിയായി. 

Read more: ഐപിഎല്‍: മുട്ടന്‍ പണി കിട്ടി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്; വാഷിംഗ്‌ടണ്‍ സുന്ദര്‍ പരിക്കേറ്റ് പുറത്ത്

click me!