കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മിന്നും പ്രകടനം പുറത്തെടുത്ത സഞ്ജുവില്‍ നിന്ന് രാജസ്ഥാൻ ആരാധകര്‍ ഇന്ന് ഒരുപാട് പ്രതീക്ഷിച്ചിരുന്നു.
ഗുവാഹത്തി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ റണ്‍സൊന്നും എടുക്കാതെ പുറത്തായി രാജസ്ഥാൻ റോയല്‍സ് നായകൻ സഞ്ജു സാംസണ്‍. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മിന്നും പ്രകടനം പുറത്തെടുത്ത സഞ്ജുവില്‍ നിന്ന് രാജസ്ഥാൻ ആരാധകര്‍ ഇന്ന് ഒരുപാട് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, നാല് പന്ത് നേരിട്ട സഞ്ജുവിന് ഇന്ന് റണ്‍സൊന്നും എടുക്കാനായില്ല. യശ്വസി ജയ്സ്‍വാള്‍ പുറത്തായതോടെ ക്രീസിലെത്തിയ സഞ്ജുവിന് മുകേഷ് കുമാറിന്‍റെ നേരിട്ട ആദ്യ മൂന്ന് പന്തുകളില്‍ റണ്‍സൊന്നും എടുക്കാൻ സാധിച്ചിരുന്നില്ല.
തൊട്ടടുത്ത ഓവറില്‍ കുല്‍ദീപ് യാദവിനെ സിക്സ് അടിക്കാനുള്ള ശ്രമമാണ് പുറത്താകലില്‍ കലാശിച്ചത്. ആന്‍റിച്ച് നോര്‍ജെയാണ് ലോംഗ് ഓണില്‍ ക്യാച്ച് എടുത്തത്. അതേസമയം, ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മിന്നുന്ന തുടക്കമാണ് നേടി രാജസ്ഥാൻ റോയല്‍സിന് ലഭിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങേണ്ടി വന്ന രാജസ്ഥാൻ റോയല്‍സ് പവര്‍പ്ലേയില്‍ തകര്‍പ്പൻ അടിയുമായി കുതിച്ചു. പവര്‍ പ്ലേയിലെ ആറ് ഓവര്‍ അവസാനിച്ചപ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 68 റണ്‍സ് എന്ന നിലയിലായിരുന്നു രാജസ്ഥാൻ.
undefined
പരിക്ക് മൂലം കളിക്കാൻ സാധ്യതയില്ലെന്ന് വിലയിരുത്തപ്പെട്ടിരുന്ന ബട്‍ലര്‍ ടീമിലുണ്ടെന്ന് അറിഞ്ഞപ്പോള്‍ തന്നെ രാജസ്ഥാൻ ആരാധകര്‍ ആവേശത്തിലായിരുന്നു. അതിന് ചേര്‍ന്ന തുടക്കമാണ് ടീമിന് ലഭിച്ചതും. ഖലീല്‍ അഹമ്മദ്, ആന്‍റിച്ച് നോര്‍ജെ എന്നിവരെ തലങ്ങും വിലങ്ങും പായിച്ച് കൊണ്ടായിരുന്നു രാജസ്ഥാന്‍റെ തുടക്കം. ജയ്സ്‍വാളായിരുന്നു കൂടുതല്‍ അപകടകാരി. നാലാമത്തെ ഓവറില്‍ തന്നെ ടീം സ്കോര്‍ 50ല്‍ എത്തി. എന്നാല്‍, എട്ടാം ഓവറില്‍ ജയ്സ്‍വാളിനെ മുകേഷ് കുമാര്‍ പുറത്താക്കി. 31 പന്തില്‍ 60 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്.
കഴിഞ്ഞ മത്സരത്തില്‍ നിന്ന് രണ്ട് മാറ്റങ്ങള്‍ വരുത്തിയാണ് രാജസ്ഥാൻ കളത്തിലിറങ്ങിയത്. പഞ്ചാബിനെതിരെ മോശം പ്രകടനം പുറത്തെടുത്ത ദേവ്ദത്ത് പടിക്കല്‍, പേസര്‍ കെ എം ആസിഫ് എന്നിവര്‍ പുറത്തായി. പകരം ധ്രുവ് ജുറലും സന്ദീപ് ശര്‍മയും ടീമിലെത്തി. ഡല്‍ഹി ടീമിലും മാറ്റമുണ്ട്. പൃഥ്വി ഷായ്ക്ക് പകരം മനീഷ് പാണ്ഡെയെ ഉള്‍പ്പെടുത്തി. മിച്ചല്‍ മാര്‍ഷിന് പകരം ലളിത് യാദവും സര്‍ഫറാസ് ഖാന് പകരം അഭിഷേക് പോറലും ടീമിലുള്‍പ്പെട്ടു.