ചെന്നൈക്കെതിരെ ബാറ്റിംഗില്‍ പരാജയപ്പെട്ട സഞ്ജുവിന്‍റെ ക്യാപ്റ്റന്‍സിയെ കുറിച്ചും വിമര്‍ശനങ്ങളുണ്ട്. എങ്കിലും ഒരു റെക്കോര്‍ഡ് കുറിച്ചാണ് സഞ്ജു മൈതാനത്ത് നിന്ന് മടങ്ങിയത്
ചെന്നൈ: തല വേഴ്‌സസ് ചേട്ടന്‍, തല എം എസ് ധോണിയും ചേട്ടന്‍ സഞ്ജു സാംസണും. ഐപിഎല്ലിലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-രാജസ്ഥാന്‍ റോയല്‍സ് മത്സരത്തിനുള്ള വിശേഷണം അതായിരുന്നു. അതുകൊണ്ട് തന്നെ മത്സരം ആവേശമായി. വെറും ആവേശമല്ല, ഐപിഎല്ലിൽ വീണ്ടുമൊരു മത്സരം കൂടി അവസാന ഓവര്‍ ത്രില്ലറിലേക്ക് നീണ്ടു. പക്ഷേ, ധോണിയുടെ സിഎസ്‌കെയെ സഞ്ജുവും കൂട്ടരും ചെപ്പോക്കില്‍ കരയിച്ചു. മൂന്ന് റൺസിന്‍റെ വിജയമാണ് സഞ്ജുവും സംഘവും പേരിലെഴുതിയത്. അവസാന പന്തില്‍ ധോണിയുടെ സിക്‌സര്‍ ഫിനിഷിംഗ് ഉണ്ടായില്ല. 176 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ചെന്നൈക്ക് 6 വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
ചെന്നൈക്കെതിരെ ബാറ്റിംഗില്‍ പരാജയപ്പെട്ട സഞ്ജുവിന്‍റെ ക്യാപ്റ്റന്‍സിയെ കുറിച്ചും വിമര്‍ശനങ്ങളുണ്ട്. എങ്കിലും ഒരു റെക്കോര്‍ഡ് കുറിച്ചാണ് സഞ്ജു മൈതാനത്ത് നിന്ന് മടങ്ങിയത്. ചെപ്പോക്കില്‍ സഞ്ജുവിന്‍റെ ക്യാപ്റ്റന്‍സിയില്‍ രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇറങ്ങുമ്പോള്‍ ഒരൊറ്റ ജയം മാത്രമായിരുന്നു സിഎസ്‌കെയ്‌ക്കെതിരെ അവര്‍ക്ക് മുമ്പ് ചെന്നൈയിലുണ്ടായിരുന്നത്. ഐപിഎല്ലില്‍ രണ്ടാം തവണ മാത്രമാണ് ചെപ്പോക്കില്‍ ചെന്നൈയെ രാജസ്ഥാന്‍ റോയല്‍സ് തോല്‍പിക്കുന്നത്. 2008ല്‍ ഷെയ്‌ന്‍ വോണിന്‍റെ ക്യാപ്റ്റന്‍സിയിലായിരുന്നു ആദ്യ സംഭവം. 2008ന് ശേഷമുള്ള വിജയത്തിന്‍റെ റെക്കോര്‍ഡ് ഇനി സഞ്ജു സാംസണിന്‍റെ കരങ്ങളിലാണ്. 2008 മെയ് 24നാണ് വോണും കൂട്ടരും സിഎസ്‌കെയെ ചെപ്പോക്കില്‍ പരാജയപ്പെടുത്തിയത്. അന്ന് ക്യാപ്റ്റന്‍ ഷെയ്‌ന്‍ വോണിനൊപ്പം ഗ്രേം സ്‌മിത്ത്, സ്വപ്‌നില്‍ അസ്‌നോദ്‌കര്‍, കമ്രാന്‍ അക്‌മല്‍(വിക്കറ്റ് കീപ്പര്‍), യൂസഫ് പത്താന്‍, മുഹമ്മദ് കൈഫ്, തരുവാര്‍ കോലി, ദിനേശ് സാലൂങ്കേ, സൊഹൈല്‍ തന്‍വീന്‍, പങ്കജ് സിംഗ്, മുനാഫ് പട്ടേല്‍ എന്നിവരാണ് രാജസ്ഥാന്‍ റോയല്‍സ് ടീമിലുണ്ടായിരുന്നത്.
undefined
2014ന് ശേഷം സഞ്ജുവിന്‍റെ രാജസ്ഥാന്‍ റോയല്‍സിന് പുറമെ മുംബൈ ഇന്ത്യന്‍സിന് മാത്രമേ ചെപ്പോക്കില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തോല്‍പിക്കാനായിട്ടുള്ളൂ. ഇതില്‍ മൂന്ന് തവണയും മുംബൈ ഇന്ത്യന്‍സ് സിഎസ്‌കെയെ പരാജയപ്പെടുത്തിയത് രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിയിലാണ്. 2015, 2019, 2019 വര്‍ഷങ്ങളിലായിരുന്നു മുംബൈയുടെ വിജയങ്ങള്‍.