എന്ത് വിധിയിത്, വല്ലാത്ത ചതിയിത്; കുഞ്ഞന്‍ സ്കോറില്‍ പുറത്തായി രാജസ്ഥാന്‍ റോയല്‍സ്, സഞ്ജു ടോപ്പര്‍

By Web Team  |  First Published May 5, 2023, 9:12 PM IST

കരുതലോടെയായിരുന്നു രാജസ്ഥാന്‍ റോയല്‍സിന്‍റെ ബാറ്റിംഗ് തുടക്കം. എന്നാല്‍ ഒരറ്റത്ത് നിന്ന് വിക്കറ്റ് വീണ് തുടങ്ങിയതും തുരുതുരാ ബാറ്റര്‍മാര്‍ ഡ്രസിംഗ് റൂമിലേക്ക് മടങ്ങി.


ജയ്‌പൂര്‍: ഐപിഎല്‍ പതിനാറാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് ബാറ്റര്‍മാര്‍ വിക്കറ്റ് വലിച്ചെറിയാന്‍ മത്സരിച്ചപ്പോള്‍ കുഞ്ഞന്‍ സ്കോറില്‍ ചുരുട്ടിക്കെട്ടി ഗുജറാത്ത് ടൈറ്റന്‍സ്. ജയം അനിവാര്യമായ മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത റോയല്‍സ് 17.5 ഓവറില്‍ 118 റണ്‍സില്‍ ഓള്‍ഔട്ടായി. 30 റണ്‍സ് നേടിയ നായകന്‍ സഞ്ജു സാംസണ്‍ ആണ് ടോപ് സ്കോറര്‍. ഗുജറാത്ത് ടൈറ്റന്‍സിനായി റാഷിദ് ഖാന്‍ മൂന്നും നൂര്‍ അഹമ്മദ് രണ്ടും ഹാര്‍ദിക് പാണ്ഡ്യയും മുഹമ്മദ് ഷമിയും ജോഷ്വ ലിറ്റിലും ഓരോ വിക്കറ്റും നേടി. 

കരുതലോടെയായിരുന്നു രാജസ്ഥാന്‍ റോയല്‍സിന്‍റെ ബാറ്റിംഗ് തുടക്കം. എന്നാല്‍ ഒരറ്റത്ത് നിന്ന് വിക്കറ്റ് വീണ് തുടങ്ങിയതും തുരുതുരാ ബാറ്റര്‍മാര്‍ ഡ്രസിംഗ് റൂമിലേക്ക് മടങ്ങി. ഓപ്പണര്‍മാരായ ജോസ് ബട്‌ലര്‍ക്ക് 6 പന്തില്‍ 8 ഉം യശസ്വി ജയ്‌സ്വാളിന് 11 പന്തില്‍ 14 ഉം റണ്‍സ് മാത്രമേ നേടാനായുള്ളൂ. ബട്‌ലറെ ഹാര്‍ദിക് പാണ്ഡ്യ മോഹിത് ശര്‍മ്മയുടെ കൈകളില്‍ എത്തിച്ചപ്പോള്‍ ജയ്‌സ്വാള്‍ സഞ്ജുവുമായുള്ള ആശയക്കുഴപ്പത്തില്‍ റണ്ണൗട്ടാവുകയായിരുന്നു. മൂന്നാമനായി എത്തി തുടക്കത്തിലെ ആഞ്ഞടിച്ച സഞ്ജു സാംസണ്‍ പ്രതീക്ഷ നല്‍കി. എന്നാല്‍ ജോഷ്വ ലിറ്റിലിനെ ഉയര്‍ത്തിയടിക്കാനുള്ള ശ്രമത്തിനിടെ ടോപ് എഡ്‌ജായി ഹാര്‍ദിക് പാണ്ഡ്യയുടെ കയ്യില്‍ സഞ്ജുവിന്‍റെ ബാറ്റിംഗ് അവസാനിച്ചതോടെ രാജസ്ഥാന്‍റെ നിയന്ത്രണമെല്ലാം പോയി. 20 പന്ത് നേരിട്ട സഞ്ജു മൂന്ന് ഫോറും ഒരു സിക്‌സും ഉള്‍പ്പടെ 30 അടിച്ചു.  

Latest Videos

undefined

പിന്നാലെയെത്തിയവരെ റാഷിദ് ഖാനും നൂര്‍ അഹമ്മദും ചേര്‍ന്ന് കൈകാര്യം ചെയ്‌തതോടെ റോയല്‍സ് പെട്ടു. 12 പന്തില്‍ 12 നേടിയ ദേവ്‌ദത്ത് പടിക്കലിനെ നൂര്‍ അഹമ്മദ് ബൗള്‍ഡാക്കി. രവിചന്ദ്രന്‍ അശ്വിന്‍(6 പന്തില്‍ 2), റിയാന്‍ പരാഗ്(6 പന്തില്‍ 4), ഷിമ്രോന്‍ ഹെറ്റ്‌മെയര്‍(13 പന്തില്‍ 7) എന്നിവരെ റാഷിദ് ഖാന്‍ മടക്കിയയച്ചു. വാലറ്റത്തെ വെടിക്കെട്ടുകാരന്‍ ധ്രൂവ് ജൂരെലിനെ(8 പന്തില്‍ 9) നൂര്‍ പുറത്താക്കി. എട്ട് വിക്കറ്റ് വീഴുമ്പോള്‍ 14.1 ഓവറില്‍ 96 റണ്‍സ് മാത്രമാണ് രാജസ്ഥാനുണ്ടായിരുന്നത്. 17-ാം ഓവറില്‍ ട്രെന്‍ഡ് ബോള്‍ട്ടിനെ(11 പന്തില്‍ 15) ഷമി ബൗള്‍ഡാക്കി. ആദം സാംപ 7 റണ്‍സെടുത്ത് അവസാനക്കാരനായി അഭിനവ് മനോഹറിന്‍റെ ത്രോയില്‍ പുറത്തായപ്പോള്‍ സന്ദീപ് ശര്‍മ്മ(2*) പുറത്താവാതെ നിന്നു. 

Read more: സഹായമില്ലാതെ നടത്തം, ടേബിള്‍ ടെന്നീസ്; റിഷഭ് പന്ത് കരുത്തോടെ തിരിച്ചുവരുന്നു- വീഡിയോ വൈറല്‍

click me!