ആർസിബിക്കെതിരെ 212 റൺസ് പിന്തുടർന്ന് ജയിച്ച ആത്മവിശ്വാസവുമായാണ് ലഖ്നൗ വരുന്നത്
ബെംഗളൂരു: ഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങളുണ്ട്. ആദ്യ മത്സരത്തിൽ ആർസിബിക്ക് ഡൽഹി ക്യാപിറ്റൽസാണ് എതിരാളികൾ. വൈകിട്ട് മൂന്നരയ്ക്ക് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ മത്സരം ജയിച്ച ആർസിബി, തുടരെ രണ്ട് മത്സരങ്ങള്‍ തോറ്റാണ് വരുന്നത്. വാനിന്ദു ഹസരങ്ക തിരികെയെത്തുന്നത് ടീമിന് കരുത്താകും. ഡൽഹിക്ക് സീസണിൽ ഒരു മത്സരത്തിൽ പോലും ജയിക്കാനായിട്ടില്ല.
ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്‍റ്സ്, പഞ്ചാബ് കിംഗ്‌സിനെ നേരിടും. വൈകീട്ട് ഏഴരയ്ക്ക് ലഖ്‌നൗവിലാണ് മത്സരം. തുടർതോൽവികളിൽ വലയുന്ന പഞ്ചാബും തുടർജയത്തിൽ കുതിക്കുന്ന ലഖ്‌നൗവും നേർക്കുനേർ വരുന്നു എന്നതാണ് മത്സരത്തിന്‍റെ സവിശേഷത. ആദ്യ രണ്ട് മത്സരങ്ങളിൽ ജയിച്ച ശേഷം തുടരെ രണ്ട് മത്സരത്തിലും തോറ്റാണ് പഞ്ചാബ് എതിരാളികളുടെ മണ്ണിൽ ഇറങ്ങുന്നത്. ക്യാപ്റ്റൻ ശിഖർ ധവാന്‍റെ ബാറ്റിൽ മാത്രമാണ് പഞ്ചാബിന്‍റെ പ്രതീക്ഷ. പവർ ഹിറ്റർ ലിയാം ലിവിങ്സ്റ്റൺ ടീമിനൊപ്പമുണ്ടെങ്കിലും ഇന്നും കളിക്കാൻ സാധ്യതയില്ല. പരിശീലനത്തിനിടെ താരത്തിന് പരിക്കേറ്റത് തിരിച്ചടിയായി. 7 മുതൽ 16 വരെ ഓവറുകളിലെ മെല്ലെപ്പോക്കാണ് പഞ്ചാബിന്‍റെ പ്രധാന പ്രശ്നം.
undefined
ഗുജറാത്തിനെതിരെ പവർപ്ലേയിൽ 52 റൺസെടുത്ത പഞ്ചാബ് നൂറിലെത്തിയത് പതിനാറാം ഓവറിലായിരുന്നു. 56 ഡോട്ട്ബോളുകളാണ് പഞ്ചാബിന് ഗുജറാത്തിനെതിരെയുണ്ടായിരുന്നത്. ബൗളിംഗിൽ അർഷ്ദീപ് സിംഗ്, സാം കറൻ എന്നിവർക്കൊപ്പം കാഗിസോ റബാഡയ്ക്ക് പകരം നഥാൻ എല്ലിസിനെ തിരിച്ചെത്തിക്കാനും സാധ്യത.
ആർസിബിക്കെതിരെ 212 റൺസ് പിന്തുടർന്ന് ജയിച്ച ആത്മവിശ്വാസവുമായാണ് ലഖ്നൗ വരുന്നത്. കൈൽ മയേഴ്സ് നിരാശപ്പെടുത്തുന്നതിനാൽ കെ എൽ രാഹുലിനൊപ്പം ഓപ്പണിംഗിലേക്ക് ക്വിന്‍റൺ ഡി കോക്ക് എത്തിയേക്കും. ഓൾറൗണ്ടർമാരാൽ സമ്പന്നമാണ് ലഖ്നൗ. മാർക്കസ് സ്റ്റോയിനിസ്, ക്രുനാൽ പാണ്ഡ്യ, ദീപക് ഹൂഡ എന്നിവരുള്ളതിനാൽ ബൗളിംഗിൽ മുൻതൂക്കം ലഖ്നൗവിനുണ്ട്. മാർക്ക് വുഡ് മികച്ച രീതിയിൽ പന്തെറിയുമ്പോള്‍ ആവേശ് ഖാന്‍റെ മോശം ഫോം മാത്രമാണ് രാഹുലിനെ അലട്ടുന്ന പ്രശ്നം. സ്പിൻ ആക്രമണം രവി ബിഷ്ണോയ് നയിക്കും. കഴിഞ്ഞ സീസണിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ ലഖ്നൗവിനായിരുന്നു ജയം.
Read more: ടീം ജയിച്ചില്ലായിരിക്കാം; എന്നാല്‍ വീണ്ടും ആരാധക ഹൃദയം കീഴടക്കി റിങ്കു ഷോ