45 പന്തില്‍ 83 റണ്‍സെടുത്ത ഓപ്പണര്‍ ദേവോണ്‍ കോണ്‍വേയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍
ബെംഗളൂരു: ഐപിഎല്ലില്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ റണ്‍മഴ പെയ്യിച്ച് സന്ദര്‍ശകരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ആദ്യം ബാറ്റ് ചെയ്‌ത സിഎസ്‌കെ ദേവോണ്‍ കോണ്‍വേ, ശിവം ദുബെ എന്നിവരുടെ മിന്നല്‍ അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റിന് 226 റണ്‍സ് പടുത്തുയര്‍ത്തി. 45 പന്തില്‍ 83 റണ്‍സെടുത്ത ഓപ്പണര്‍ ദേവോണ്‍ കോണ്‍വേയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. ശിവം ദുബെ 27 പന്തില്‍ 52 നേടി. 20 പന്തില്‍ 37 റണ്‍സ് നേടിയ അജിങ്ക്യ രഹാനെയും നിര്‍ണായമായി.
ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങേണ്ടിവന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തുടക്കത്തിലെ മുഹമ്മദ് സിറാജ് പ്രഹരം നല്‍കിയിരുന്നു. ആറ് പന്തില്‍ മൂന്ന് റണ്‍സ് മാത്രം നേടിയ റുതുരാജ് ഗെയ്‌ക്‌വാദിനെ ഇന്നിംഗ്‌സിലെ മൂന്നാം ഓവറില്‍ വെയ്‌ന്‍ പാര്‍നലിന്‍റെ കൈകളിലെത്തിച്ചു. ക്രീസിലൊന്നിച്ച ദേവോണ്‍ കോണ്‍വേയും അജിങ്ക്യ രഹാനെയും പവര്‍പ്ലേയില്‍ സിഎസ്‌കെയെ 50 കടത്തി. മികച്ച ഫോം തുടര്‍ന്ന രഹാനെയെ എല്‍ബിയില്‍ കുരുക്കി പത്താം ഓവറില്‍ വനിന്ദു ഹസരങ്ക ആര്‍സിബിക്ക് ബ്രേക്ക് ത്രൂ നല്‍കുമ്പോള്‍ ടീം സ്കോര്‍ 90ലെത്തിയിരുന്നു. രഹാനെ 20 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടുന്ന 37 റണ്‍സ് നേടി. ഇതേ ഓവറില്‍ തന്‍റെ 32-ാം പന്തില്‍ കോണ്‍വേ ഫിഫ്റ്റി തികച്ചു.
undefined
പിന്നീടങ്ങോട്ട് കോണ്‍വേയും ശിവം ദുബെയും ആളിപ്പടരുന്നതാണ് കണ്ടത്. പവര്‍പ്ലേയിലെ രണ്ട് ഓവറില്‍ ആറ് റണ്‍സ് മാത്രം വഴങ്ങിയെത്തിയ സിറാജിനെ 14-ാം ഓവറില്‍ ഇരുവരും പതിനാല് റണ്‍സടിച്ചു. ഇതോടെ ദോണ്‍വേ-ദുബെ സഖ്യം 50 റണ്‍സ് കൂട്ടുകെട്ട് പിന്നിട്ടു. വിജയകുമാര്‍ വൈശാഖിനെ കോണ്‍വേ കടന്നാക്രമിച്ചതോടെ 15 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 165-2 എന്ന ശക്തമായ സ്കോറിലെത്തി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. 16-ാം ഓവറില്‍ കോണ്‍വേയെ(45 പന്തില്‍ 83) ഹര്‍ഷല്‍ പട്ടേല്‍ ബൗള്‍ഡാക്കിയാണ് 80 റണ്‍സിന്‍റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് പൊളിച്ചത്. കോണ്‍വേ ആറ് വീതം ഫോറും സിക്‌സും പറത്തി. 17-ാം ഓവറിലെ ആദ്യ ബോളില്‍ പാര്‍നലിനെ ഗ്യാലറിയില്‍ എത്തിച്ച് ദുബെ ഫിഫ്റ്റി 25 പന്തില്‍ പൂര്‍ത്തിയാക്കി. എന്നാല്‍ വീണ്ടും കൂറ്റനടിക്ക് ശ്രമിച്ച ദുബെ 27 പന്തില്‍ രണ്ട് ഫോറും അഞ്ച് സിക്‌സറും സഹിതം 52 റണ്‍സുമായി ബൗണ്ടറിയില്‍ സിറാജിന്‍റെ ക്യാച്ചില്‍ പുറത്തായി.
അഞ്ചാമനായി ക്രീസിലെത്തിയ അമ്പാട്ടി റായുഡു സിക്‌സും ഫോറുമായി അടി തുടങ്ങിയെങ്കിലും വൈശാഖിന്‍റെ പന്തില്‍ ഡികെയുടെ ക്യാച്ചില്‍ മടങ്ങി. ആറ് പന്തില്‍ 14 റണ്‍സാണ് റായുഡുവിന്‍റെ നേട്ടം. മൊയീന്‍ അലിയും രവീന്ദ്ര ജഡേജയും ടീമിനെ 18 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 200 കടത്തി. അവസാന ഓവറില്‍ രണ്ട് ബീമറുകള്‍ വിളിച്ചതിനെ തുടര്‍ന്ന് ഹര്‍ഷല്‍ പട്ടേലിന് പകരം ഗ്ലെന്‍ മാക്‌സ്‌വെല്‍ എത്തിയാണ് ഓവര്‍ പൂര്‍ത്തിയാക്കിയത്. നാലാം പന്തില്‍ ജഡേജയെ(8 പന്തില്‍ 10) പുറത്താക്കാന്‍ മാക്‌സിക്കായി. 20 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ എം എസ് ധോണിയും(1 പന്തില്‍ 1*), മൊയീന്‍ അലിയും(9 പന്തില്‍ 19*) ക്രീസില്‍ നില്‍പ്പുണ്ടായിരുന്നു.
Read more: ഇത്തവണ പവര്‍പ്ലേ പവറാക്കി മുഹമ്മദ് സിറാജ്; ഐപിഎല്‍ 2023ല്‍ സവിശേഷ നേട്ടം