ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ ആവേശ് ഖാനെതിരേയും ഐപിഎല്‍ അധികൃതരുടെ നടപടിയുണ്ട്
ബെംഗളൂരു: ഐപിഎല്ലിലെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍-ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് മത്സരത്തിന് നാടകീയതകള്‍ക്ക് പിന്നാലെ ഇരു ടീമുകള്‍ക്കും തിരിച്ചടി. തലനാരിഴയ്‌ക്ക് മത്സരം കൈവിട്ട ആര്‍സിബി നായകന്‍ ഫാഫ് ഡുപ്ലസിസിന് കുറഞ്ഞ ഓവര്‍ റേറ്റിന്‍റെ പേരില്‍ 12 ലക്ഷം രൂപ പിഴ വിധിച്ചു. കുറഞ്ഞ ഓവര്‍ നിരക്കിന് പതിനാറാം സീസണില്‍ ആദ്യമായാണ് ആര്‍സിബിക്കെതിരെ നടപടിയുണ്ടാകുന്നത്.
അതേസമയം ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ ആവേശ് ഖാനെതിരേയും ഐപിഎല്‍ അധികൃതരുടെ നടപടിയുണ്ട്. മത്സരം ലഖ്‌നൗ അവസാന പന്തില്‍ ഒരു വിക്കറ്റ് ബാക്കിനില്‍ക്കേ വിജയിച്ച ശേഷം മൈതാനത്ത് ഹെല്‍മറ്റ് വലിച്ചെറിഞ്ഞ് അമിത വിജയാഘോഷം നടത്തിയതിനാണ് ആവേശിനെതിരെ നടപടി. ഐപിഎല്‍ പെരുമാറ്റ ചട്ടത്തിലെ ലെവല്‍ ഒന്ന് കുറ്റം ആവേശ് ചെയ്‌തതായാണ് കണ്ടെത്തല്‍. മാച്ച് റഫറിയുടെ ഈ തീരുമാനം അന്തിമമാണ് എന്ന് ഐപിഎല്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ലഖ്‌നൗ ഇന്നിംഗ്‌സിലെ 20-ാം ഓവറിലെ അവസാന പന്തില്‍ വിജയിക്കാന്‍ ഒരു ബൈ റണ്‍ ഓടിയെടുത്തതിന്‍റെ ആവേശത്തില്‍ ഹെല്‍മറ്റ് വലിച്ചെറിയുകയായിരുന്നു ആവേശ് ഖാന്‍ ചെയ്‌തത്. ഇതിന് ആവേശിനെ ഐപിഎല്‍ സംഘാടകര്‍ താക്കീത് ചെയ്‌തു.
undefined
മത്സരത്തില്‍ ആര്‍സിബിയുടെ 212 റണ്‍സ് പിന്തുടര്‍ന്ന് അവസാന പന്തില്‍ ഒരു വിക്കറ്റ് ബാക്കിനില്‍ക്കേ വിജയിച്ചതോടെ സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് തുടര്‍ച്ചയായി രണ്ട് വിജയങ്ങളായി.
ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിംഗിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഓപ്പണര്‍ വിരാട് കോലി(44 പന്തില്‍ 61), നായകന്‍ ഫാഫ് ഡുപ്ലെസിസ്(46 പന്തില്‍ 79*), ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍(29 പന്തില്‍ 59) എന്നിവരുടെ കരുത്തിലാണ് രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 212 റണ്‍സ് നേടിയത്. മറുപടി ബാറ്റിംഗില്‍ 23 റണ്ണിനിടെ മൂന്ന് വിക്കറ്റ് നഷ്‌ടമായ ശേഷം മാര്‍ക്കസ് സ്‌റ്റോയിനിസ്(30 പന്തില്‍ 65), നിക്കോളാസ് പുരാന്‍(19 പന്തില്‍ 62), ആയുഷ് ബദോനി(24 പന്തില്‍ 30) എന്നിവരുടെ ബാറ്റിംഗ് കരുത്തിലായിരുന്നു ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ വിജയം. പേസര്‍ ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ 20-ാം ഓവറിലെ അവസാന പന്തില്‍ വിജയറണ്‍ നേടി രവി ബിഷ്‌ണോയിയും(3*), ആവേശ് ഖാനും(0*) പുറത്താവാതെ നിന്നു.