തോറ്റാല്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ മങ്ങും,സഞ്ജുവിന്‍റെ രാജസ്ഥാന് ഇന്ന് ജിവന്‍മരണപ്പോരാട്ടം, എതിരാളികള്‍ ഹൈദരാബാദ്

By Web Team  |  First Published May 7, 2023, 10:49 AM IST

സീസണിലെ ആദ്യ പകുതി തീരുമ്പോള്‍ ഒന്നാം സ്ഥാനത്തായിരുന്നു രാജസ്ഥാനെങ്കില്‍ ഇപ്പോള്‍ നാലാം സ്ഥാനത്താണ്. അതും സുരക്ഷിതമല്ല. കാരണം അഞ്ചും ആറും ഏഴും സ്ഥാനത്തുള്ള ബാംഗ്ലൂര്‍, മുംബൈ, പഞ്ചാബ് ടീമുകള്‍ക്കും 10 പോയന്‍റ് വീതമാണുള്ളത്. റണ്‍റേറ്റിന്‍റെ ബലത്തിലാണ് ഇപ്പോഴത്തെ നാലാം സ്ഥാനം.


ജയ്പൂര്‍: ഐപിഎല്ലിൽ ഇന്ന് സഞ്ജു സാംസണിന്‍റെ രാജസ്ഥാന് ജീവന്‍മരണപ്പോരാട്ടം. പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദ് ആണ് എതിരാളികള്‍. വൈകീട്ട് ഏഴരയ്ക്ക് രാജസ്ഥാന്‍റെ ഹോം ഗ്രൗണ്ടായ ജയ്പൂരിലാണ് മത്സരം. വിജയവഴിയിൽ തിരിച്ചെത്താനാണ് ഇരുടീമുകളും ഇന്നിറങ്ങുന്നത്. പോയന്‍റ് പട്ടികയിൽ രാജസ്ഥാൻ നാലാമതും ഹൈദരാബാദ് അവസാന സ്ഥാനത്തുമാണ്.

സീസണ്‍ ഗംഭീരമായി തുടങ്ങിയ ശേഷം ഇപ്പോൾ തകര്‍ന്നടിയുകയാണ് സഞ്ജു സാംസണിന്‍റെ രാജസ്ഥാൻ റോയൽസ്. ആദ്യ അഞ്ച് കളികളിൽ നാലും ജയിച്ചപ്പോൾ പിന്നീടുള്ള അഞ്ചെണ്ണിൽ ജയിച്ചത് ഒറ്റ കളി മാത്രം. സീസണിലെ ആദ്യ പകുതി തീരുമ്പോള്‍ ഒന്നാം സ്ഥാനത്തായിരുന്നു രാജസ്ഥാനെങ്കില്‍ ഇപ്പോള്‍ നാലാം സ്ഥാനത്താണ്. അതും സുരക്ഷിതമല്ല. കാരണം അഞ്ചും ആറും ഏഴും സ്ഥാനത്തുള്ള ബാംഗ്ലൂര്‍, മുംബൈ, പഞ്ചാബ് ടീമുകള്‍ക്കും 10 പോയന്‍റ് വീതമാണുള്ളത്. റണ്‍റേറ്റിന്‍റെ ബലത്തിലാണ് ഇപ്പോഴത്തെ നാലാം സ്ഥാനം. പിന്നില്‍ നിന്ന് കൊല്‍ക്കത്തയും ഡല്‍ഹിയും കയറിവരുന്നതും രാജസ്ഥാന് ഭീഷണിയാണ്. നാലാം സ്ഥാനക്കാരായെങ്കിലും പ്ലേ ഓഫ് യോഗ്യത ഉറപ്പിക്കാന്‍ ഇന്ന് ജയം അനിവാര്യമാണ്.

Latest Videos

undefined

ബാറ്റിംഗിലെ നെടുംതൂണുകളായ ജോസ് ബട്ട്‍ലറും ക്യാപ്റ്റൻ സഞ്ജുവും നിരാശപ്പെടുത്തുന്നതാണ് രാജസ്ഥാന്‍റെ മോശം പ്രകടനത്തിന് കാരണം. ടീം സെലക്ഷനിലും പാളിച്ചകളേറെ. ജോ റൂട്ടിന് ഐപിഎൽ അരങ്ങേറ്റം കൊടുത്ത് ബാറ്റിംഗ് നിരയുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന ആവശ്യം ഉയര്‍ന്ന് കഴിഞ്ഞു. 10 കളികളിൽ 10 പോയന്‍റാണ് നിലവിൽ രാജസ്ഥാന്. ഇനിയും ഉണര്‍ന്ന് കളിച്ചില്ലെങ്കിൽ കഴിഞ്ഞ വര്‍ഷത്തെ റണ്ണറപ്പുകൾ ഇത്തവണ പ്ലേ ഓഫ് കാണാതെ പുറത്താകും.

ഐപിഎല്ലില്‍ ചരിത്രനേട്ടം സ്വന്തമാക്കി വിരാട് കോലി, ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരം;രോഹിത് ബഹുദൂരം പിന്നില്‍

ബാറ്റിംഗ് നിരയുടെ മോശം പ്രകടനമാണ് ഹൈദരാബാദിന്റെ പ്രശ്നം. കഴിഞ്ഞ കളിയിൽ കൊൽക്കത്തയോടെ കയ്യിൽ കിട്ടിയ കളിയാണ് നശിപ്പിച്ചത്. മായങ്ക് അഗര്‍വാൾ,രാഹുൽ ത്രിപാഠി തുടങ്ങിയ ഇന്ത്യൻ താരങ്ങളുടെ മോശം പ്രകടനമാണ് ടീമിന് തിരിച്ചടിയാവുന്നത്. ക്യാപ്റ്റൻ എയ്ഡൻ മര്‍ക്രാമും, ഹെന്‍റിച്ച് ക്ലാസനും മാത്രമാണ് പൊരുതുന്നത്. ഭുവനേശ്വര്‍ കുമാര്‍ നേതൃത്വം നൽകുന്ന ബൗളിംഗ് നിരയുടേത് മെച്ചപ്പെട്ട പ്രകടനമാണ്. സീസണിൽ ഇതിന് മുമ്പ് ഏറ്റുമുട്ടിയപ്പോൾ രാജസ്ഥാൻ 72 റണ്‍സിന്‍റെ വമ്പൻ ജയം നേടിയിരുന്നു.

click me!