സഞ്ജുവിന്‍റെയും ബട്‌ലറുടെയും ഫോം ആശങ്ക, ഹോള്‍ഡര്‍ പുറത്താകും; ഗുജറാത്തിനെതിരെ രാജസ്ഥാന്‍റെ സാധ്യതാ ടീം

By Web Team  |  First Published May 5, 2023, 10:43 AM IST

സ്പിന്‍ ഓള്‍ റൗണ്ടറായി അശ്വിന്‍ തുടരുമ്പോള്‍ പേസ് ഓള്‍ റൗണ്ടറായ ജേസണ്‍ ഹോള്‍ഡര്‍ക്ക് സ്ഥാനം നഷ്ടമാവാനാണ് സാധ്യത. ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങാന്‍ ഹോള്‍ഡര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.


ജയ്പൂര്‍: ഐപിഎല്ലില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാന്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്നിറങ്ങുന്നു. എതിരാളികള്‍ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റന്‍സാണ്. ഇരു ടീമുകളും അവസാന മത്സരത്തില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങിയാണ് ഇരു ടീമുകളും ഇറങ്ങുന്നത് എന്ന പ്രത്യേകതയുണ്ട്. രാജസ്ഥാന്‍ മുംബൈയുടെ മുന്നില്‍ മുട്ടുമടക്കിയപ്പോള്‍ ഗുജറാത്ത് അവസാന സ്ഥാനക്കാരായ ഡല്‍ഹിക്ക് മുമ്പിലാണ് വീണത്.

യശസ്വി ജയ്‌സ്വാളിന്‍റെ മിന്നും ഫോമിലാണ് രാജസ്ഥാന്‍റെ പ്രതീക്ഷ. ഓപ്പണര്‍ സ്ഥാനത്ത് പതിവ് ഫോമിലേക്കുയരാന്‍ ജോസ് ബട്‌ലര്‍ക്ക് ആയിട്ടില്ലെങ്കിലും യശസ്വിക്കൊപ്പം മികച്ച തുടക്കങ്ങള്‍ നല്‍കാന്‍ ബട്‌ലര്‍ക്ക് കഴിയുന്നതിനാല്‍ ഇന്നും ഇരുവരും തന്നെയാകും ഓപ്പണിംഗ് ജോഡിയായി എത്തുക. മികച്ച തുടക്കം ലഭിച്ചാല്‍ വണ്‍ ഡൗണായി ക്യാപ്റ്റന്‍ സഞ്ജു സാംസണിറങ്ങും. തുടക്കത്തിലെ വിക്കറ്റ് നഷ്ടമായാല്‍ ദേവ്ദത്ത് പടിക്കലാവും വണ്‍ ഡൗണ്‍ സ്ഥാനത്ത് എത്തുക.

Latest Videos

undefined

അഞ്ചാം നമ്പറില്‍ ഷിമ്രോണ്‍ ഹെറ്റ്മെയര്‍ എത്തുമ്പോള്‍ ധ്രുവ് ജുറെല്‍ ഫിനിഷറായി ടീമില്‍ സ്ഥാനം നിലനിര്‍ത്തും. സ്പിന്‍ ഓള്‍ റൗണ്ടറായി അശ്വിന്‍ തുടരുമ്പോള്‍ പേസ് ഓള്‍ റൗണ്ടറായ ജേസണ്‍ ഹോള്‍ഡര്‍ക്ക് സ്ഥാനം നഷ്ടമാവാനാണ് സാധ്യത. ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങാന്‍ ഹോള്‍ഡര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. മുംബൈക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ അവസാന ഓവറില്‍ ജയത്തിലേക്ക് 17 റണ്‍സ് വേണ്ടിയിരിക്കെ ആദ്യ മൂന്ന് പന്തുകളും ഫുള്‍ട്ടോസ് എറിഞ്ഞ ഹോള്‍ഡറെ ടിം ഡേവിഡ് സിക്സിന് പറത്തിയാണ് മുംബൈക്ക് അവിശ്വസനീയ ജയം സമ്മാനിച്ചത്.

ജയിച്ചാല്‍ ഒന്നാമത്; തോറ്റാല്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് തിരിച്ചടി; രാജസ്ഥാന്‍ ഇന്ന് ഗുജറാത്തിനെതിരെ

ഹോള്‍ഡര്‍ പുറത്തിരുന്നാല്‍ ആദം സാംപക്ക് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കും. കിട്ടിയ അവസരങ്ങളിലെല്ലാം സാംപ തിളങ്ങുകയും ചെയ്തിട്ടുണ്ട്. യുസ്‌വേന്ദ്ര ചാഹലിന്‍റെ ഫോം നഷ്ടം തലവേദനാണെങ്കിലും ചാഹല്‍ ഇന്നും പ്ലേയിംഗ് ഇലവനില്‍ തുടരും, ട്രെന്‍റ് ബോള്‍ട്ട് തന്നെയാവും പേസ് പടയെ നയിക്കുക. സന്ദീപ് ശര്‍മയാവും രണ്ടാം പേസര്‍. ഇംപാക്ട് പ്ലേയറായി കുല്‍ദീപ് സെന്നും ടീമിലെത്തിയേക്കും.

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന്‍റെ സാധ്യതാ ടീം: ജോസ് ബട്‌ലർ, യശസ്വി ജയ്‌സ്വാൾ, സഞ്ജു സാംസൺ, ദേവദത്ത് പടിക്കൽ, ഷിമ്രോൺ ഹെറ്റ്‌മെയർ, ധ്രുവ് ജൂറൽ, ആദം സാംപ, രവിചന്ദ്രൻ അശ്വിൻ, സന്ദീപ് ശർമ, ട്രെന്റ് ബോൾട്ട്, യുസ്‌വേന്ദ്ര ചാഹൽ.

click me!