ഒരു ടീമിന്‍റെ ജയമോ പരാജയമോ മറ്റ് മൂന്നോ നാലോ ടീമിന്‍റെയൊക്കെ പ്ലേ ഓഫ് സാധ്യതകളെ ബാധിക്കുന്ന തരത്തിലാണ് ഐപിഎല്‍ 2023 സീസണ്‍ മുന്നോട്ട് പോകുന്നത്.
ഹൈദരാബാദ്: ഇതുപോലൊരു ഐപിഎല്‍ സീസണ്‍ മുമ്പ് ഉണ്ടായിട്ടുണ്ടോ... ആരാധകര്‍ വല്ലാത്ത സംശയത്തിലാണ്. അത്രമേല്‍ കലങ്ങിമറിഞ്ഞ അവസ്ഥയിലാണ് പോയിന്‍റ് ടേബിള്‍. ഒരു ടീമിന്‍റെ ജയമോ പരാജയമോ മറ്റ് മൂന്നോ നാലോ ടീമിന്‍റെയൊക്കെ പ്ലേ ഓഫ് സാധ്യതകളെ ബാധിക്കുന്ന തരത്തിലാണ് ഐപിഎല്‍ 2023 സീസണ്‍ മുന്നോട്ട് പോകുന്നത്. ആര്‍സിബി സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് പരാജയപ്പെട്ടിരുന്നെങ്കില്‍ 15 പോയന്‍റ് വീതമുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സും ലഖ്നൗ സൂപ്പര്‍ ജയന്‍റ്സും പ്ലേ ഓഫിലെത്തുമായിരുന്നു.
എന്നാല്‍, വിരാട് കോലിയുടെ സെഞ്ചുറി മികവില്‍ ആര്‍സിബി വിജയം സ്വന്തമാക്കിയതോടെ ലഖ്നൗവിനും ചെന്നൈയും വീണ്ടും മരണക്കളിയിലേക്ക് തിരികെ വരേണ്ടി വന്നു. ആര്‍സിബി തോറ്റിരുന്നെങ്കില്‍ പോയന്‍റ് പട്ടികയില്‍ ആര്‍സിബി, രാജസ്ഥാന്‍, കൊല്‍ക്കത്ത, പഞ്ചാബ് ടീമുകള്‍ക്ക് ചെന്നെ, ലഖ്നൗ ടീമുകളെ പിന്നീട് മറികടക്കാൻ സാധിക്കുമായിരുന്നില്ല. ആര്‍സിബി വിജയം നേടിയത് രാജസ്ഥാനും പഞ്ചാബിനും മുംബൈക്കും കൊല്‍ക്കത്തയ്ക്കും ക്ഷീണമായിട്ടുണ്ട്.
ഇന്ന് രാജസ്ഥാൻ - പഞ്ചാബ് മത്സരം അവസാനിക്കുന്നതോടെ ഇതില്‍ ഒരു ടീമിന്‍റെ കാര്യത്തില്‍ തീരുമാനമാകും. ജയിക്കുന്ന ടീമിന് മറ്റ് ടീമുകളുടെ വിജയപരാജയങ്ങളില്‍ കണ്ണുനട്ട് പ്രതീക്ഷയോടെ അവസാന മത്സരം വരെ കാണാം. തോല്‍ക്കുന്ന ടീമിന് പെട്ടി പായ്ക്ക് ചെയ്ത് മടങ്ങാം. ഇന്ന് വിജയിക്കുന്ന ടീമിന് 14 പോയിന്‍റാകും. പിന്നെ മുംബൈ, ആര്‍സിബി, കൊല്‍ക്കത്ത ടീമുകളുടെ മത്സരഫലം ആശ്രയിച്ചാകും മുന്നോട്ട് പോക്ക്. പോയിന്‍റുകള്‍ ഒരുപോലെ വന്നാല്‍ റണ്‍റേറ്റ് നിര്‍ണായകമാകും.
അതില്‍ ആര്‍സിബിയാണ് ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്നത്. മുംബൈയാണ് റണ്‍റേറ്റ് ഭീതിയുടെ നിഴലില്‍ ഉള്ളത്. എന്തായാലും അവസാന മത്സരം ആര്‍സിബിയും ഗുജറാത്ത് ടൈറ്റൻസും തമ്മിലാണ്. ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഗുജറാത്തിനെ ഈ മത്സരഫലങ്ങള്‍ ഒന്നും ബാധിക്കില്ല. പക്ഷേ ആര്‍സിബിയുടെ മത്സരഫലം നിര്‍ണായകമാകുമെന്നതിനാല്‍ ആ മത്സരം കഴിയും വരെ പ്ലേ ഓഫ് ചിത്രം പൂര്‍ണമാകുന്നതിനായി കാക്കേണ്ടി വരും.
undefined