കടുപ്പമെങ്കിലും സംഭവിച്ചേക്കാം; രാജസ്ഥാന്‍ റോയല്‍സിന് മുന്നില്‍ പ്ലേ ഓഫ് വഴിയുണ്ട്!

By Web Team  |  First Published May 19, 2023, 4:50 PM IST

ധരംശാലയിലെ കളി കഴിഞ്ഞാലും മറ്റ് ടീമുകളുടെ മത്സരഫലങ്ങള്‍ക്കായി രാജസ്ഥാന്‍ റോയല്‍സ് ആരാധകര്‍ കാത്തിരിക്കണം


ധരംശാല: ഐപിഎല്‍ പതിനാറാം സീസണില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സാണ് 18 പോയിന്‍റുമായി പ്ലേ ഓഫ് ഉറപ്പിച്ച ഏക ടീം. അവശേഷിക്കുന്ന മൂന്ന് സ്ഥാനങ്ങളിലേക്ക് കാല്‍ക്കുലേറ്ററുമായി കണക്കുകള്‍ കൂട്ടിയിരിക്കുകയാണ് ടീമുകളും അവരുടെ ആരാധകരും. ഡല്‍ഹി ക്യാപിറ്റല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും മാത്രമേ ഔദ്യോഗികമായി ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായിട്ടുള്ളൂ. 

15 പോയിന്‍റ് വീതമുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സും ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സും പ്ലേ ഓഫ് പ്രതീക്ഷകളുമായി ഗുജറാത്ത് ടൈറ്റന്‍സിന്‍റെ തൊട്ടുപുറകിലുണ്ട്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും മുംബൈ ഇന്ത്യന്‍സും 14 പോയിന്‍റ് വീതവുമായി പിന്നാലെ നില്‍ക്കുന്നു. അവസാന മത്സരങ്ങളില്‍ ഇരു ടീമുകളും തോറ്റാല്‍ നിലവില്‍ 12 പോയിന്‍റ് വീതമുള്ള രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, പഞ്ചാബ് കിംഗ്‌സ് ടീമുകളില്‍ ഒരാള്‍ക്ക് സാധ്യത തെളിയും. ഇന്ന് പഞ്ചാബ് കിംഗ്‌സിനെ തകര്‍ത്താന്‍ സഞ്ജു സാംസണിന്‍റെ റോയല്‍സിന് 14 പോയിന്‍റാകും. ഇതിനൊപ്പം അവസാന മത്സരങ്ങളില്‍ മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ഗുജറാത്ത് ടൈറ്റന്‍സിനോടും തോറ്റാല്‍ രാജസ്ഥാന് പ്രതീക്ഷകള്‍ ഉയരും. പഞ്ചാബിനെതിരെ ജയിച്ചാല്‍ നെറ്റ് റണ്‍റേറ്റാണ് സഞ്ജുവിനും കൂട്ടര്‍ക്കും പ്രതീക്ഷ നല്‍കുന്ന ഘടകം. റോയല്‍സിന് +0.140 ഉം പഞ്ചാബിന് -0.308 ഉം കെകെആറിന് -0.256 ഉം ആണ് നിലവിലെ നെറ്റ് റണ്‍റേറ്റ്. ഇപ്പോള്‍ 14 പോയിന്‍റ് വീതമുള്ള ടീമുകളില്‍ ആര്‍സിബിക്കാണ് മുംബൈക്ക് മുകളില്‍ മേല്‍ക്കൈ. ആര്‍സിബിക്ക് +0.180 ആണ് നെറ്റ് റണ്‍റേറ്റ് എങ്കില്‍ മുംബൈ ഇന്ത്യന്‍സിന് -0.128 മാത്രമേയുള്ളൂ.  

Latest Videos

undefined

ധരംശാലയില്‍ ഇന്ത്യന്‍ സമയം വൈകിട്ട് ഏഴരയ്‌ക്കാണ് പഞ്ചാബ് കിംഗ്‌സ്-രാജസ്ഥാന്‍ റോയല്‍സ് മത്സരം ആരംഭിക്കുക. രാജസ്ഥാന്‍ റോയല്‍സിന് മാത്രമല്ല, നേരിയ പ്ലേ ഓഫ് പ്രതീക്ഷ കാക്കാന്‍ പഞ്ചാബിനും വിജയം അനിവാര്യമാണ്. ഇന്ന് വിജയിക്കുകയും വരും മത്സരങ്ങളില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും മുംബൈ ഇന്ത്യന്‍സും തോല്‍ക്കുകയും ചെയ്‌താല്‍ രാജസ്ഥാന്‍റെ പ്ലേ ഓഫ് സാധ്യത കൂടും. അതിനാല്‍ ഇന്ന് ധരംശാലയിലെ കളി കഴിഞ്ഞാലും മറ്റ് ടീമുകളുടെ മത്സരഫലങ്ങള്‍ക്കായി രാജസ്ഥാന്‍ റോയല്‍സ് ആരാധകര്‍ കാത്തിരിക്കണം. 

Read more: സഞ്ജുവിന്‍റെ പ്രതീക്ഷകളെല്ലാം മേഘങ്ങള്‍ കവരുമോ? കണ്ണീര്‍ മഴയാകുമോ ഇന്ന് ധരംശാലയില്‍...

click me!