ജീവന്‍മരണ പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ സഞ്ജു സാംസണ് ഉപദേശവുമായി രംഗപ്രവേശം ചെയ്‌തിരിക്കുകയാണ് ഇന്ത്യന്‍ മുന്‍താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര
ധരംശാല: ഐപിഎല്‍ പതിനാറാം സീസണില്‍ തുടരുമോ ഇല്ലയോ? മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്‍റെ വിധി നിര്‍ണയ ദിവസമാണിത്. ധരംശാലയിലെ ഹിമാചല്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലെ പോരാട്ടത്തില്‍ പഞ്ചാബ് കിംഗ്‌സാണ് എതിരാളികള്‍. ജീവന്‍മരണ പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ സഞ്ജു സാംസണ് ഉപദേശവുമായി രംഗപ്രവേശം ചെയ്‌തിരിക്കുകയാണ് ഇന്ത്യന്‍ മുന്‍താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര.
യശസ്വി വീണ്ടുമൊരു തകര്‍പ്പന്‍ ഇന്നിംഗ്‌സ് കളിക്കണം. കഴിഞ്ഞ രണ്ട് മൂന്ന് മത്സരങ്ങളായി ജോസ് ബട്‌ലര്‍ തണുപ്പന്‍ കളിയാണ് പുറത്തെടുക്കുന്നത്. അതിനാല്‍ യശസ്വിയും ബട്‌ലറും പഞ്ചാബ് കിംഗ്‌സിനെതിരെ റണ്‍സ് കണ്ടെത്തണം. സീസണില്‍ മികച്ചതായി തുടങ്ങുകയും പിന്നീട് നിരാശപ്പെടുത്തുകയും ചെയ്‌ത സഞ്ജു സാംസണും കുറച്ച് റണ്‍സ് നേടണം. സഞ്ജു തുടക്കം മുതലാക്കാത്തത് ഒരു പ്രശ്‌നമാണ്. മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സ് സമാന ബൗളര്‍മാരുമായും പേസര്‍മാരുമായാണ് കളിക്കേണ്ടത്. എന്നാല്‍ അവരെ കുറച്ചുകൂടി മികച്ചതായി ഉപയോഗിക്കണം ശിഖര്‍ ധവാന്‍ എന്നുമാണ് പഞ്ചാബ് കിംഗ്‌സ്-രാജസ്ഥാന്‍ റോയല്‍സ് മത്സരത്തിന് മുന്നോടിയായി യൂട്യൂബ് ചാനലിലൂടെ ആകാശ് ചോപ്രയുടെ വാക്കുകള്‍.
നേരിയ പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ ഇരു ടീമിനും ജയം അനിവാര്യമാണ്. വൈകിട്ട് ഏഴരയ്ക്ക് ധരംശാലയിലാണ് മത്സരം. രാജസ്ഥാന്‍ റോയല്‍സിന്‍റെയും പഞ്ചാബ് കിംഗ്‌സിന്‍റേയും ലീഗ് ഘട്ടത്തിലെ അവസാന മത്സരമാണിത്. 13 കളിയിൽ 12 പോയിന്‍റ് വീതമാണ് ഇരു ടീമുകള്‍ക്കുമുള്ളത്. പ്ലേ ഓഫിലെത്താൻ പതിനാറ് പോയിന്‍റെങ്കിലും വേണ്ടതിനാൽ ഇന്ന് ജയിച്ചാലും മറ്റ് ടീമുകളുടെ മത്സരഫലങ്ങള്‍ ആശ്രയിച്ചേ ഇരു ടീമിനും പ്ലേ ഓഫിലേക്ക് മുന്നേറാനാവൂ. സീസണിൽ നന്നായി തുടങ്ങിയിട്ടും സ്ഥിരത പുലർത്താതെ കിതച്ചവരാണ് സഞ്ജു സാംസണിന്‍റെ രാജസ്ഥാനും ശിഖർ ധവാന്‍റെ പഞ്ചാബും. ബാറ്റിംഗിലെ മികച്ച തുടക്കം പല കളികളിലും സഞ്ജുവിന് മുതലാക്കാനായില്ല.