ലസിത് മലിംഗയും റാഷിദ് ഖാനും പിന്നില്‍; വിക്കറ്റ് വേട്ടയില്‍ അതിവേഗ സെഞ്ചുറി തികച്ച് റബാഡ

By Web Team  |  First Published Apr 14, 2023, 10:40 AM IST

ഇന്ത്യന്‍ ബൗളര്‍മാരില്‍ വേഗത്തില്‍ 100 വിക്കറ്റ് തികച്ചതിന്‍റെ റെക്കോര്‍ഡ് ഹര്‍ഷല്‍ പട്ടേലിന്‍റെയും ഭുവനേശ്വര്‍ കുമാറിന്‍റേയും പേരിലാണ്


മൊഹാലി: ഐപിഎല്ലില്‍ ഏറ്റവും വേഗത്തില്‍ നൂറ് വിക്കറ്റുകള്‍ തികയ‌്‌ക്കുന്ന താരമായി പഞ്ചാബ് കിംഗ്‌സിന്‍റെ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡ. ഗുജറാത്ത് ടൈറ്റന്‍സ് താരം വൃദ്ധിമാന്‍ സാഹയെ പുറത്താക്കിയാണ് റബാഡ ചരിത്ര നേട്ടത്തിലെത്തിയത്. വെറും 64 മത്സരങ്ങളില്‍ നിന്നാണ് റബാഡ ഈ നേട്ടത്തിലെത്തിയത്. 70 മത്സരങ്ങളില്‍ നിന്ന് വിക്കറ്റ് സെഞ്ചുറി തികച്ച ലങ്കന്‍ ഇതിഹാസം ലസിത് മലിംഗയുടെ പേരിലായിരുന്നു നേരത്തെ റെക്കോര്‍ഡുണ്ടായിരുന്നത്. 64 മത്സരങ്ങളിലെ അത്രതന്നെ ഇന്നിംഗ്‌സുകളില്‍ 240 ഓവറുകള്‍ എറിഞ്ഞാണ് റബാഡ 100 വിക്കറ്റ് ഐപിഎല്ലില്‍ തികച്ചത്. 21 റണ്‍സിന് നാല് വിക്കറ്റ് വീഴ്‌ത്തിയതാണ് മികച്ച പ്രകടനം. 

ഇന്ത്യന്‍ ബൗളര്‍മാരില്‍ വേഗത്തില്‍ 100 വിക്കറ്റ് തികച്ചതിന്‍റെ റെക്കോര്‍ഡ് ഹര്‍ഷല്‍ പട്ടേലിന്‍റെയും ഭുവനേശ്വര്‍ കുമാറിന്‍റേയും പേരിലാണ്. ഇരുവരും 81 കളികളില്‍ നിന്നാണ് നൂറ് വിക്കറ്റ് ക്ലബില്‍ ഇടംപിടിച്ചത്. റബാഡ തന്‍റെ നൂറാം വിക്കറ്റ് തികച്ചതിന് സവിശേഷതകളുണ്ട്. അര്‍ഷ്‌ദീപ് സിംഗിനെ നാലുപാടും പറത്തി 19 പന്തില്‍ 30 റണ്‍സെടുത്ത് നില്‍ക്കുമ്പോഴാണ് സാഹയെ റബാഡ മടക്കിയത്. ഗുജറാത്ത് ടൈറ്റന്‍സ് ഇന്നിംഗ്‌സിലെ അഞ്ചാം ഓവറില്‍ റബാഡയെ സിക്‌സിന് സാഹ ശ്രമിച്ചപ്പോള്‍ ബൗണ്ടറിയില്‍ അനായാസ ക്യാച്ചുമായി മാത്യൂ ഷോര്‍ട് ബ്രേക്ക്‌ ത്രൂ നല്‍കുകയായിരുന്നു. 

Latest Videos

undefined

ഇന്നലെ നടന്ന മത്സരത്തോടെ ഗുജറാത്ത് ടൈറ്റന്‍സ് വിജയവഴിയില്‍ തിരിച്ചെത്തി. മൊഹാലിയില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ ആറ് വിക്കറ്റിനായിരുന്നു ഗുജറാത്തിന്‍റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പഞ്ചാബ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സാണ് നേടിയത്. 24 പന്തില്‍ 36 റണ്‍സെടുത്ത മാത്യൂ ഷോര്‍ട്ടാണ് പഞ്ചാബിന്‍റെ ടോപ് സ്‌കോറര്‍. ഗുജറാത്തിനായി മോഹിത് ശര്‍മ്മ 18 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഗുജാറാത്ത് 19.5 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 49 പന്തില്‍ 67 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് ഗുജറാത്തിനെ വിജയത്തിലേക്ക് നയിച്ചത്. ഇന്നിംഗ്‌സ് തീരാന്‍ ഒരു പന്ത് ശേഷിക്കേ ബൗണ്ടറിയുമായി രാഹുല്‍ തെവാട്ടിയ മത്സരം ഫിനിഷ് ചെയ്‌തു. 

ഐപിഎല്‍: തലപ്പത്ത് സഞ്ജുവും കൂട്ടരും തന്നെ; കനത്ത ഭീഷണിയുയര്‍ത്തി രണ്ട് ടീമുകള്‍

click me!