തോല്‍വികള്‍ നാണംകെടുത്തുന്നതിനിടെ ഡല്‍ഹി ക്യാപിറ്റല്‍സിന് അടുത്ത തിരിച്ചടി; പേസര്‍ക്ക് പരിക്ക്

By Web Team  |  First Published Apr 20, 2023, 6:27 PM IST

മുന്‍നിര താരങ്ങളുടെ ഫോമില്ലായ്‌മയില്‍ തുടര്‍ തോല്‍വികളുമായി വലയുന്ന ഡല്‍ഹി ക്യാപിറ്റല്‍സ് നിലവില്‍ പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനക്കാരാണ്


ദില്ലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ പതിനാറാം സീസണില്‍ കളിച്ച അഞ്ച് മത്സരങ്ങളും പരാജയപ്പെട്ട ടീമാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ആറാം മത്സരത്തിന് ഇറങ്ങും മുമ്പ് പരിക്കിന്‍റെ ഒരു തിരിച്ചടിയേറ്റിരിക്കുകയാണ് ഡല്‍ഹി ക്യാംപില്‍. ഇന്ത്യന്‍ യുവ പേസറും 2018ലെ അണ്ടര്‍ 19 ലോകകപ്പ് നേടിയ ടീമില്‍ അംഗവുമായ കമലേഷ് നാഗര്‍കോട്ടിക്കാണ് പരിക്കേറ്റിരിക്കുന്നത്. താരത്തിന് സീസണ്‍ ഒന്നാകെ നഷ്‌ടമായേക്കും എന്നും റിപ്പോര്‍ട്ടുണ്ട്.

മുന്‍നിര താരങ്ങളുടെ ഫോമില്ലായ്‌മയില്‍ തുടര്‍ തോല്‍വികളുമായി വലയുന്ന ഡല്‍ഹി ക്യാപിറ്റല്‍സ് നിലവില്‍ പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനക്കാരാണ്. ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ നയിക്കുന്ന ടീമില്‍ മിച്ചല്‍ മാര്‍ഷ്, പൃഥ്വി ഷാ, ആന്‍‌റിച്ച് നോര്‍ക്യ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് തുടങ്ങിയ താരങ്ങളുണ്ടായിട്ടും മികച്ച പ്രകടനത്തിലേക്ക് ഇതുവരെ എത്താനായില്ല. ഈ സീസണില്‍ ഒരു ജയം പോലുമില്ലാത്ത ഏക ടീം ഡല്‍ഹി ക്യാപിറ്റല്‍സാണ്. നേരിയ പരിക്കുകള്‍ വലച്ചിരുന്ന കമലേഷ് നാഗര്‍കോട്ടിക്ക് ഈ സീസണില്‍ ഇതുവരെ ഒരു മത്സരത്തിലും ഇറങ്ങാനായിരുന്നില്ല. നാഗര്‍കോട്ടിക്ക് പകരക്കാരനെ പ്രഖ്യാപിക്കുമോ എന്ന് ഇപ്പോള്‍ വ്യക്തമല്ല. രണ്ട് മത്സരങ്ങള്‍ കളിച്ച ശേഷം മറ്റൊരു പേസര്‍ ഖലീല്‍ അഹമ്മദും പരിക്കിന്‍റെ പിടിയിലാണ്. 

Latest Videos

undefined

ദില്ലിയിലെ അരുണ്‍ ജയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്‌ക്കാണ് ഡല്‍ഹി ക്യാപിറ്റല്‍സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരം. ഡല്‍ഹിക്ക് മാത്രമല്ല കൊല്‍ക്കത്തയ്‌ക്കും ഈ സീസണിന്‍റെ തുടക്കം അത്ര നല്ലതല്ല. കളിച്ച അഞ്ചില്‍ രണ്ട് മത്സരങ്ങളേ കെകെആര്‍ ജയിച്ചിട്ടുള്ളൂ. തുടര്‍ച്ചയായ മൂന്നാം തോല്‍വി ഒഴിവാക്കാനാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്. ക്യാപിറ്റല്‍സിന് റിഷഭ് പന്തിന്‍റെയും കെകെആറിന് ശ്രേയസ് അയ്യരുടേയും അഭാവം തിരിച്ചടിയായി. നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ കൊല്‍ക്കത്തയ്ക്കാണ് നേരിയ മുന്‍തൂക്കം. ഇതുവരെ 31 തവണ ഏറ്റുമുട്ടിയതില്‍ നൈറ്റ് റൈഡേഴ്‌സ് 16 കളിയില്‍ ജയിച്ചപ്പോള്‍ 14 എണ്ണത്തില്‍ ജയം ക്യാപിറ്റല്‍സിനൊപ്പം നിന്നു.

Read more: ആര്‍സിബി ഇന്ന് പഞ്ചാബ് കിംഗ്‌സിനെതിരെ; ആദ്യം ജയം തേടി ഡല്‍ഹി കാപിറ്റല്‍സ് കൊല്‍ക്കത്തയെ നേരിടും

click me!