ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് എലിമിനേറ്ററില്‍ 81 റണ്‍സിന്‍റെ കനത്ത തോല്‍വി വഴങ്ങുകയായിരുന്നു
ചെന്നൈ: ഐപിഎല്‍ പതിനാറാം സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് എതിരായ എലിമിനേറ്റര്‍ വിജയിച്ചതോടെ മുംബൈ ഇന്ത്യന്‍സിന് റെക്കോര്‍ഡ്. ഐപിഎല്‍ നോക്കൗട്ടില്‍ ഏഴ് മത്സരങ്ങള്‍ തുടര്‍ച്ചയായി ജയിക്കുന്ന ആദ്യ ടീം എന്ന നേട്ടമാണ് രോഹിത് ശര്‍മ്മയും സംഘവും സ്വന്തമാക്കിയത്. നാല് തവണ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് പോലുമില്ലാത്ത റെക്കോര്‍ഡാണിത്.
3.3 ഓവറില്‍ അഞ്ച് റണ്‍സ് മാത്രം വിട്ടുകൊടുത്ത് 5 വിക്കറ്റ് വീഴ്‌ത്തിയ ആകാശ് മധ്‍വാളിന്‍റെ വിസ്‌മയ പ്രകടനത്തിന് മുന്നില്‍ വിറച്ച ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് എലിമിനേറ്ററില്‍ 81 റണ്‍സിന്‍റെ കനത്ത തോല്‍വി വഴങ്ങുകയായിരുന്നു. ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുംബൈയുടെ 182 റണ്‍സ് പിന്തുടര്‍ന്ന ലഖ്‌നൗ 16.3 ഓവറില്‍ വെറും 101 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. 27 പന്തില്‍ 40 റണ്‍സെടുത്ത മാര്‍ക്കസ് സ്റ്റോയിനിസിന് മാത്രമാണ് ലഖ്‌നൗ നിരയില്‍ തിളങ്ങാനായത്. മൂന്ന് താരങ്ങള്‍ അനാവശ്യ റണ്ണൗട്ടിലൂടെ വിക്കറ്റ് തുലച്ചത് ടീമിന് പ്രഹരമായി. മധ്‌വാളിന്‍റെ അഞ്ചിന് പുറമെ ക്രിസ് ജോര്‍ദാനും പീയുഷ് ചൗളയും ഓരോ വിക്കറ്റ് വീഴ്‌ത്തി.
undefined
നേരത്തെ, ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 8 വിക്കറ്റ് നഷ്‌ടത്തിലാണ് 182 റണ്‍സെടുത്ത്. സൂര്യകുമാര്‍ യാദവും(20 പന്തില്‍ 33), കാമറൂണ്‍ ഗ്രീനും(23 പന്തില്‍ 41) മികച്ച തുടക്കത്തിന് ശേഷം മടങ്ങിയപ്പോള്‍ തിലക് വര്‍മ്മ(22 പന്തില്‍ 26), നെഹാല്‍ വധേര(12 പന്തില്‍ 23) എന്നിവരുടെ ബാറ്റിംഗാണ് അവസാന ഓവറുകളില്‍ മുംബൈക്ക് രക്ഷയായത്. നായകന്‍ രോഹിത് ശര്‍മ്മ 11 റണ്ണിന് മടങ്ങി. ലഖ്‌നൗവിനായി പേസര്‍ നവീന്‍ ഉള്‍ ഹഖ് നാലും യഷ് താക്കൂര്‍ മൂന്നും മൊഹ്‌സീന്‍ ഖാന്‍ ഒന്നും വിക്കറ്റ് സ്വന്തമാക്കി. മുംബൈ ഇന്ത്യന്‍സ് ഫൈനലുറപ്പിക്കാന്‍ 26-ാം തിയതി നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടണം.
Read more: മധ്‍വാളിന് അഞ്ച് റണ്ണിന് 5 വിക്കറ്റ്! ലഖ്‌നൗ പുറത്ത്; മുംബൈ ഇന്ത്യന്‍സ് ക്വാളിഫയറില്‍