ഇങ്ങനെ വന്ദേ ഭാരത് വേഗത്തില്‍ ജയിച്ചാല്‍ റെക്കോര്‍ഡ് ഉറപ്പല്ലേ; ചരിത്രമെഴുതി സഞ്ജുവിന്‍റെ റോയല്‍സ്

By Web Team  |  First Published May 12, 2023, 7:18 AM IST

ഐപിഎല്ലില്‍ 150ഓ അതിലധികം റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഏറ്റവും കൂടുതല്‍ ബോളുകള്‍ ബാക്കിനില്‍ക്കേ വിജയിച്ച രണ്ടാമത്തെ ടീം എന്ന നേട്ടമാണ് റോയല്‍സ് ഈഡനില്‍ സ്വന്തമാക്കിയത്


കൊല്‍ക്കത്ത: 150 റണ്‍സ് വിജയലക്ഷ്യം വെറും 13.1 ഓവറില്‍ സ്വന്തമാക്കുക, അതും ഒരു വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി. ഐപിഎല്‍ പതിനാറാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ പഞ്ഞിക്കിട്ട് പണി വേഗം പൂര്‍ത്തിയാക്കി മടങ്ങുകയായിരുന്നു രാജസ്ഥാന്‍ റോയല്‍സ്. യശസ്വി ജയ്‌സ്വാളും സഞ്ജു സാംസണും വെടിക്കെട്ടുമായി ഈഡന്‍ ഗാര്‍ഡന്‍സില്‍ സിക്‌സര്‍ മഴ പെയ്യിച്ചപ്പോഴായിരുന്നു രാജസ്ഥാന്‍ റോയല്‍സിന്‍റെ അത്യുഗ്രന്‍ വിജയം. ഇതോടെയൊരു റെക്കോര്‍ഡ് റോയല്‍സിനെ തേടിയെത്തി. ഐപിഎല്ലില്‍ 150ഓ അതിലധികം റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഏറ്റവും കൂടുതല്‍ ബോളുകള്‍ ബാക്കിനില്‍ക്കേ വിജയിച്ച രണ്ടാമത്തെ ടീം എന്ന നേട്ടമാണ് റോയല്‍സ് ഈഡനില്‍ സ്വന്തമാക്കിയത്. 

ഈഡന്‍ ഗാര്‍ഡന്‍സില്‍ 41 പന്തുകള്‍ ബാക്കിനില്‍ക്കേ ആയിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന്‍റെ റോയല്‍ വിജയം. 150ഓ അതിലധികമോ വിജയലക്ഷ്യം പിന്തുടരുമ്പോള്‍ ഇതിലുമേറെ പന്തുകള്‍ അവശേഷിക്കേ വേഗത്തില്‍ ജയിച്ച മറ്റൊരു ടീമേ ഐപിഎല്‍ ചരിത്രത്തിലുള്ളൂ. അത് ഡെക്കാന്‍ ചാര്‍ജേഴ്‌സാണ്. ഐപിഎല്ലിന്‍റെ 2008ലെ പ്രഥമ സീസണില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ 48 പന്തുകള്‍ അവശേഷിക്കേ വിജയിക്കുകയായിരുന്നു ഡെക്കാന്‍ ടീം. ഈഡനില്‍ 47 പന്തില്‍ പുറത്താവാതെ 98* റണ്‍സുമായി ഓപ്പണര്‍ യശസ്വി ജയ്‌സ്വാളാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ ഹീറോ ആയതെങ്കില്‍ 47 ബോളില്‍ 109* നേടിയ ആദം ഗില്‍ ക്രിസ്റ്റായിരുന്നു ഡെക്കാന്‍ ചാര്‍ജേഴ്‌സിന് അന്ന് റെക്കോര്‍ഡ് ജയമൊരുക്കിയത്. 2008ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സ് 37 പന്തുകള്‍ ബാക്കിനില്‍ക്കേ വിജയിച്ചതാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 

Latest Videos

undefined

ഈഡന്‍ ഗാര്‍ഡന്‍സില്‍ ആദ്യം ബാറ്റ് ചെയ്‌ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 20 ഓവറില്‍ 149-8 എന്ന സ്കോറിലെത്താനേ കഴിഞ്ഞുള്ളൂ. യുസ്‌വേന്ദ്ര ചാഹല്‍ നാലും ട്രെന്‍റ് ബോള്‍ട്ട് രണ്ടും സന്ദീപ് ശര്‍മ്മയും കെ എം ആസിഫും ഓരോ വിക്കറ്റും വീഴ്‌ത്തി. മറുപടി ബാറ്റിംഗില്‍ രണ്ടാം ഓവറില്‍ ജോസ് ബട്‌ലര്‍(0) ആന്ദ്രേ റസലിന്‍റെ ത്രോയില്‍ പുറത്തായെങ്കിലും 121 റണ്‍സിന്‍റെ ഐതിഹാസിക കൂട്ടുകെട്ടുമായി യശസ്വി ജയ്‌സ്വാള്‍-സഞ്ജു സാംസണ്‍ സഖ്യം രാജസ്ഥാന് 9 വിക്കറ്റിന്‍റെ ത്രില്ലര്‍ ജയമൊരുക്കി. ജയ്‌സ്വാള്‍ 47 പന്തില്‍ 13 ഫോറും 5 സിക്‌സും സഹിതം 98* ഉം സഞ്ജു 2 ഫോറും 5 സിക്‌സും ഉള്‍പ്പടെ 48* ഉം റണ്‍സ് നേടിയപ്പോള്‍ വെറും 13.1 ഓവറില്‍ രാജസ്ഥാന്‍ റോയല്‍സ് ഒരു വിക്കറ്റ് മാത്രം ലക്ഷ്യത്തില്‍ ജയത്തിലെത്തി. ജയ്‌സ്വാളിന് സെഞ്ചുറിയും സഞ്ജുവിന് ഫിഫ്റ്റിയും തികയ്‌ക്കാനായില്ല എന്നത് മാത്രമാണ് ആരാധകര്‍ക്കുണ്ടായ ഏക ദുഖം. 

Read more: ചേട്ടന് പറ്റിയ അനിയന്‍, 'സംതിങ് സ്‌പെഷ്യല്‍'; ജയ്‌സ്വാള്‍-സഞ്ജു തല്ലുമാലയെ വാഴ്‌ത്തിപ്പാടി ആരാധകര്‍

click me!