2014ലെ ട്വന്‍റി 20 ലോകകപ്പിന്‍റെ സെമി ഫൈനലിലായിരുന്നു ക്രിക്കറ്റ് ലോകത്തിന്‍റെ മനംകീഴടക്കിയ എം എസ് ധോണിയുടെ നീക്കം
കൊല്‍ക്കത്ത: ഐപിഎല്‍ പതിനാറാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരായ മത്സരത്തില്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന് സെഞ്ചുറി നേടാനുള്ള അവസരമൊരുക്കിയ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിന്‍റെ നീക്കം വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇതോടെ 2014ല്‍ വിരാട് കോലിക്ക് വിജയറണ്‍ നേടാന്‍ അവസരം നല്‍കിയ എം എസ് ധോണിയുടെ സമീപനമാണ് ആരാധകര്‍ക്ക് ഓര്‍മ്മ വന്നത്. സഞ്ജുവിനെ ധോണിയുമായി താരതമ്യം ചെയ്യുകയാണ് ക്രിക്കറ്റ് പ്രേമികള്‍. അന്ന് വിജയറണ്‍ നേടിയ ശേഷമുള്ള കോലിയുടെയും ധോണിയുടേയും പുഞ്ചിരി ചിത്രം രാജസ്ഥാന്‍ റോയല്‍സ് ട്വീറ്റ് ചെയ്‌തു.
2014ലെ ട്വന്‍റി 20 ലോകകപ്പിന്‍റെ സെമി ഫൈനലിലായിരുന്നു ക്രിക്കറ്റ് ലോകത്തിന്‍റെ മനംകീഴടക്കിയ എം എസ് ധോണിയുടെ നീക്കം. മിര്‍പൂരിലെ മത്സരത്തില്‍ ജയിക്കാന്‍ ഒരു റണ്‍സ് മാത്രം വേണ്ട ഘട്ടത്തില്‍ സിംഗിള്‍ പോലും നേടാതെ വിജയറണ്‍ നേടാന്‍ കോലിക്ക് അവസരമൊരുക്കി നല്‍കുകയായിരുന്നു എംഎസ്‌ഡി. പ്രോട്ടീസ് പേസ് ഇതിഹാസം ഡെയ്‌ല്‍ സ്റ്റെയ്‌ന്‍റെ തൊട്ടടുത്ത പന്തില്‍ ഫോറോടെ ടീം ഇന്ത്യക്ക് ആറ് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം സമ്മാനിച്ചു കോലി. 44 പന്തില്‍ 72 റണ്‍സെടുത്ത കിംഗ് മത്സരത്തിലെ ഹീറോയായി തെരഞ്ഞെടുക്കപ്പെട്ടു. സമാനമായി വിജയറണ്‍ നേടാനുള്ള അവസരം യശസ്വി ജയ്‌സ്വാളിന് ഒരുക്കി നല്‍കുകയായിരുന്നു രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. വിജയറണ്‍ മാത്രമല്ല, സിക്‌സര്‍ നേടിയിരുന്നേല്‍ സെഞ്ചുറി തികയ്‌ക്കാനുള്ള അവസരവും ജയ്‌സ്വാളിന് മുന്നിലുണ്ടായിരുന്നു. കെകെആറിനെതിരെ ജയിക്കാന്‍ മൂന്ന് റണ്‍സ് വേണ്ട ഘട്ടത്തില്‍ സെഞ്ചുറിക്കായി ആറ് റണ്‍സാണ് യശസ്വിക്ക് വേണ്ടിയിരുന്നത്. എന്നാല്‍ സിക്‌സ് നേടിയില്ലെങ്കിലും പേസര്‍ ഷര്‍ദ്ദുല്‍ താക്കൂറിനെ ഫോറിന് പറത്തി ജയ്‌സ്വാള്‍ രാജസ്ഥാന്‍ റോയല്‍സിന് 9 വിക്കറ്റിന്‍റെ ഗംഭീര ജയം സമ്മാനിച്ചു. ജയ്‌സ്വാള്‍ മത്സരത്തിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു.
undefined
രാജസ്ഥാന്‍ 13.1 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി വിജയിക്കുമ്പോള്‍ യശസ്വി ജയ്‌സ്വാള്‍ 47 പന്തില്‍ 98* ഉം സഞ്ജു സാംസണ്‍ 29 പന്തില്‍ 48* ഉം റണ്‍സുമായി പുറത്താവാതെ നിന്നു. 41 പന്തുകള്‍ ബാക്കിനില്‍ക്കേയാണ് റോയല്‍സിന്‍റെ റോയല്‍ ജയം. സ്‌കോര്‍: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- 149/8 (20), രാജസ്ഥാന്‍ റോയല്‍സ്- 151/1 (13.1). ജയത്തോടെ മുംബൈ ഇന്ത്യന്‍സിനെ മറികടന്ന് രാജസ്ഥാന്‍ റോയല്‍സ് പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി. ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സുമാണ് സഞ്ജുവിനും സംഘത്തിനും മുന്നില്‍ പോയിന്‍റ് പട്ടികയിലുള്ള രണ്ട് ടീമുകള്‍.
Read more: നീ സിക്‌സടിക്ക് മച്ചാ...ജയ്‌സ്വാളിനായി പയറ്റിയ പതിനെട്ടാം അടവിന് സഞ്ജുവിന് ആരാധകരുടെ കയ്യടി