മില്ലര്‍-മനോഹര്‍ മിന്നലാട്ടം; ഗുജറാത്തിന് മികച്ച സ്‌കോര്‍, രാജസ്ഥാന്‍ ജയിക്കാന്‍ 178

By Web Team  |  First Published Apr 16, 2023, 9:13 PM IST

കളി തുടങ്ങി മൂന്നാം പന്തില്‍ തന്നെ വൃദ്ധിമാന്‍ സാഹയെ ട്രെന്‍ഡ് ബോള്‍ട്ട് കൂട്ടിയിടിക്കൊടുവില്‍ റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കിയിരുന്നു


അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 178 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഗുജറാത്ത് 20 ഓവറില്‍ 7 വിക്കറ്റിന് 177 റണ്‍സ് സ്കോര്‍ ബോര്‍ഡില്‍ ചേര്‍ത്തു. ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍ 45 റണ്‍സെടുത്ത് പുറത്തായപ്പോള്‍ അവസാന ഓവറുകളില്‍ മിന്നലാടിയ ഡേവിഡ് മില്ലറും അഭിനവ് മനോഹറും ഗുജറാത്തിന് മികച്ച സ്കോര്‍ ഉറപ്പിച്ചു. മില്ലര്‍ 30 പന്തില്‍ 46 ഉം മനോഹര്‍ 13 പന്തില്‍ 27 ഉം നേടി. സന്ദീപ് ശര്‍മ്മ നാല് ഓവറില്‍ 25ന് രണ്ട് വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ ട്രെന്‍ഡ് ബോള്‍ട്ടും ആദം സാംപയും യുസ്‌വേന്ദ്ര ചഹലും ഓരോരുത്തരെ മടക്കി. 

കളി തുടങ്ങി മൂന്നാം പന്തില്‍ തന്നെ വൃദ്ധിമാന്‍ സാഹയെ(3 പന്തില്‍ 4) ട്രെന്‍ഡ് ബോള്‍ട്ട് കൂട്ടിയിടിക്കൊടുവില്‍ റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കിയിരുന്നു. ഇതിന് ശേഷം അഞ്ചാം ഓവറില്‍ ടീം സ്‌കോര്‍ 32ല്‍ നില്‍ക്കേ സായ് സുദര്‍ശനെ(19 പന്തില്‍ 20) ബട്‌ലര്‍-സഞ്ജു സഖ്യം റണ്ണൗട്ടാക്കി. ഐപിഎല്‍ കരിയറില്‍ 2000 റണ്‍സ് തികച്ച് മുന്നേറുകയായിരുന്ന ഹാര്‍ദിക് പാണ്ഡ്യയെ(19 പന്തില്‍ 28) യുസ്‌വേന്ദ്ര ചഹല്‍, യശസ്വി ജയ്‌സ്വാളിന്‍റെ കൈകളില്‍ എത്തിച്ചതോടെ ഗുജറാത്ത് 10.3 ഓവറില്‍ 91-3. 16-ാം ഓവറില്‍ ടീം സ്കോര്‍ 121ല്‍ നില്‍ക്കേ ഗില്ലിനെ(34 പന്തില്‍ 45) സന്ദീപ് ശര്‍മ്മ, ബട്‌ലറുടെ കൈകളിലെത്തിച്ചു. ഇതിന് ശേഷം ഡേവിഡ് മില്ലറും അഭിനവ് മനോഹറുമാണ് ഗുജറാത്തിനെ മികച്ച സ്കോറിലെത്തിച്ചത്. 

Latest Videos

undefined

13 പന്തില്‍ മൂന്ന് സിക‌്‌സുകളുടെ സഹായത്തോടെ 27 റണ്‍സ് നേടിയ മനോഹറിനെ ആദം സാംപയുടെ 19-ാം ഓവറിലെ അവസാന  പന്തില്‍ ദേവ്‌ദത്ത് പടിക്കല്‍ പിടികൂടി. സന്ദീപ് ശര്‍മ്മയുടെ അവസാന ഓവറില്‍ രണ്ട് പന്ത് അവശേഷിക്കേ ഡേവിഡ് മില്ലര്‍(30 പന്തില്‍ 46), ഷിമ്രോന്‍ ഹെറ്റ്‌മെയറുടെ ക്യാച്ചില്‍ മടങ്ങി. മില്ലര്‍ മൂന്ന് ഫോറും രണ്ട് സിക്‌സും പേരിലാക്കി. തൊട്ടടുത്ത പന്തില്‍ റാഷിദ് ഖാന്‍(1) റണ്ണൗട്ടായി. രാഹുല്‍ തെവാട്ടിയയും(1*), അല്‍സാരി ജോസഫും(0*) പുറത്താവാതെ നിന്നു. 

മാറ്റങ്ങള്‍ ഫലിക്കുമോ? 

മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. റോയല്‍സ് നിരയില്‍ ട്രെന്‍ഡ് ബോള്‍ട്ടും റിയാന്‍ പരാഗും മടങ്ങിയെത്തി. ദേവ്‌ദത്ത് പടിക്കല്‍ റോയല്‍സിന്‍റെ പ്ലേയിംഗ് ഇലവനിലില്ല. സബ്‌സ്റ്റി‌റ്റ്യൂട്ട്സ് താരങ്ങളുടെ പട്ടികയിലാണ് സ്ഥാനം. ഗുജറാത്ത് ടൈറ്റന്‍സ് നിരയില്‍ വിജയ് ശങ്കറിന് പകരം അഭിനവ് മനോഹര്‍ ഇടംപിടിച്ചു. നാല് മത്സരങ്ങളില്‍ മൂന്ന് ജയങ്ങളുമായി പോയിന്‍റ് പട്ടികയില്‍ തലപ്പത്തുള്ള ടീമാണ് റോയല്‍സ്. മൂന്ന് ജയം തന്നെയെങ്കിലും നെറ്റ്‌റണ്‍റേറ്റില്‍ പിന്നിലായ ഗുജറാത്ത് മൂന്നാമതാണ്. 

രാജസ്ഥാന്‍ റോയല്‍സ് പ്ലേയിംഗ് ഇലവന്‍: ജോസ് ബട്‌ലര്‍, യശ്വസി ജയ്‌സ്വാള്‍, സഞ‌്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍/ക്യാപ്റ്റന്‍), റിയാന്‍ പരാഗ്, ഷിമ്രോന്‍ ഹെറ്റ്‌മെയര്‍, ധ്രുവ് ജൂരെല്‍, രവിചന്ദ്ര അശ്വിന്‍, ട്രെന്‍ഡ് ബോള്‍ട്ട്, ആദം സാംപ, സന്ദീപ് ശര്‍മ്മ, യുസ്‌വേന്ദ്ര ചഹല്‍. 

സബ്‌സ്റ്റി‌റ്റ്യൂട്ട്സ്: ദേവ്‌ദത്ത് പടിക്കല്‍, മുരുകന്‍ അശ്വിന്‍, ഡൊണോവന്‍ ഫെരൈര, നവ്‌ദീപ് സെയ്‌നി, ജോ റൂട്ട്. 

ഗുജറാത്ത് ടൈറ്റന്‍സ് പ്ലേയിംഗ് ഇലവന്‍: വൃദ്ധിമാന്‍ സാഹ(വിക്കറ്റ് കീപ്പര്‍), ശുഭ്‌മാന്‍ ഗില്‍, സായ് സുദര്‍ശന്‍, ഹാര്‍ദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), അഭിനവ് മനോഹര്‍, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, അല്‍സാരി ജോസഫ്, മുഹമ്മദ് ഷമി, മൊഹിത് ശര്‍മ്മ. 

സബ്‌സ്റ്റി‌റ്റ്യൂട്ട്സ്: ജോഷ്വ ലിറ്റില്‍, ജയന്ത് യാദവ്, നൂര്‍ അഹമ്മദ്, ശ്രീകര്‍ ഭരത്, ദാസുന്‍ ശനക.

Watch Video: ഒരു ക്യാച്ചിനായി മൂന്ന് പേരുടെ കിട്ടിയിടി, പന്ത് കൈവിട്ട് സഞ്ജു, നാടകീയമായി പിടിച്ച് ബോള്‍ട്ട്- വീഡിയോ

click me!