ഐപിഎല്‍ പതിനാറാം സീസണില്‍ ഇതുവരെ ആരാധകര്‍ കാണാത്ത കാഴ്‌ചകളായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ പവര്‍പ്ലേയില്‍
അഹമ്മദാബാദ്: പവര്‍പ്ലേയ്‌ക്കിടെ ഏഴ് റണ്‍സിന് നാല് വിക്കറ്റുമായി ഗുജറാത്ത് ടൈറ്റന്‍സ് പേസര്‍ മുഹമ്മദ് ഷമി കൊടുങ്കാറ്റായ ഐപിഎല്‍ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് പൊരുതി ഭേദപ്പെട്ട സ്കോര്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഡല്‍ഹി തുടക്കത്തിലെ കൂട്ടത്തകര്‍ച്ചയ്‌ക്ക് ശേഷം അമാന്‍ ഹക്കീം ഖാന്‍റെ ഫിഫ്റ്റിയിലും അക്‌സര്‍ പട്ടേല്‍, റിപാല്‍ പട്ടേല്‍ എന്നിവരുടെ പോരാട്ടത്തിലും 20 ഓവറില്‍ 8 വിക്കറ്റിന് 130 റണ്‍സിലെത്തുകയായിരുന്നു. ആറ് ഓവറിനിടെ അഞ്ച് വിക്കറ്റ് നഷ്‌ടമായ ഡല്‍ഹി കഷ്‌ടപ്പെട്ടാണ് സ്കോര്‍ ബോര്‍ഡില്‍ 100 തൊട്ടത്. ഷമി നാല് ഓവറില്‍ വെറും 11 റണ്‍സിന് നാല് വിക്കറ്റ് പേരിലാക്കി ബൗളിംഗില്‍ താരമായി. മോഹിത് ശര്‍മ്മ രണ്ടും റാഷിദ് ഖാന്‍ ഒന്നും വിക്കറ്റ് നേടി.
ഐപിഎല്‍ പതിനാറാം സീസണില്‍ ഇതുവരെ ആരാധകര്‍ കാണാത്ത കാഴ്‌ചകളായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ പവര്‍പ്ലേയില്‍. ഇന്നിംഗ്‌സിലെ ആദ്യ പന്തില്‍ ഓപ്പണര്‍ ഫിലിപ് സാള്‍ട്ടിനെ ഷമി ഗോള്‍ഡന്‍ ഡക്കാക്കിയപ്പോള്‍ ഡേവിഡ് മില്ലറിനായിരുന്നു ക്യാച്ച്. ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ ഡേവിഡ് വാര്‍ണറെ(2 പന്തില്‍ 2) റാഷിദ് ഖാന്‍ റണ്ണൗട്ടാക്കി. ഇന്നിംഗ്‌സിലെ മൂന്നാം ഓവറിലെ അഞ്ചാം പന്തില്‍ ഷമി, റൈലി റൂസ്സോയെ(6 പന്തില്‍ 8) വിക്കറ്റിന് പിന്നില്‍ വൃദ്ധിമാന്‍ സാഹയുടെ കൈകളിലെത്തിച്ചു. ഷമിയുടെ അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ മനീഷ് പാണ്ഡെ(4 പന്തില്‍ 1) സാഹയുടെ പറക്കും ക്യാച്ചില്‍ മടങ്ങി. അവസാന പന്തില്‍ പ്രിയം ഗാര്‍ഗ്(14 പന്തില്‍ 10) സാഹയുടെ കൈകളിലെത്തിയതോടെ പവര്‍പ്ലേയില്‍ ഷമിക്ക് ഏഴ് റണ്‍സിനിടെ നാല് വിക്കറ്റായി. 23 റണ്‍സിനിടെ അഞ്ച് വിക്കറ്റ് വീണ ഡല്‍ഹിക്ക് ആറ് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ സ്കോര്‍ 28-5 മാത്രം.
undefined
ഷമിയുടെ നാല് ഓവര്‍ ക്വാട്ട കഴിഞ്ഞതോടെ പിന്നീട് അക്‌സര്‍ പട്ടേല്‍-അമാന്‍ ഹക്കീം ഖാന്‍ സഖ്യം ക്യാപിറ്റല്‍സിന്‍റെ രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തു. ഇരുവരുടേയും കൂട്ടുകെട്ട് മോഹിത് ശര്‍മ്മയുടെ 14-ാം ഓവറിലെ അവസാന പന്ത് വരെ നീണ്ടു. ശര്‍മ്മയെ സിക്‌സറിന് പറത്താനുള്ള അക്‌സറിന്‍റെ(30 പന്തില്‍ 27) ശ്രമം റാഷിദ് ഖാന്‍റെ കൈകളില്‍ അവസാനിക്കുകയായിരുന്നു. അമാനൊപ്പം റിപാല്‍ പട്ടേല്‍ ക്രീസില്‍ നില്‍ക്കേ 16 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ആറ് വിക്കറ്റിന് 91 റണ്‍സാണ് ഡല്‍ഹിക്കുണ്ടായിരുന്നത്. ഒരറ്റത്ത് നിലയുറപ്പിച്ച അമാന്‍ 41 പന്തില്‍ കന്നി ഐപിഎല്‍ ഫിഫ്റ്റി സ്വന്തമാക്കി. റിപാലിനൊപ്പം 50 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും റാഷിദ് ഖാന്‍റെ 19-ാം ഓവറിലെ മൂന്നാം പന്തില്‍ അമാന്‍ ഹക്കീം ഖാന്‍(44 പന്തില്‍ 51) അഭിനവ് മനോഹറിന്‍റെ ക്യാച്ചില്‍ പുറത്തായി. മോഹിത് ശര്‍മ്മയുടെ അവസാന ഓവറില്‍ റിപാല്‍ പട്ടേല്‍(13 പന്തില്‍ 23) പുറത്തായി. ആന്‍റിച്ച് നോര്‍ക്യയും(3*) , കുല്‍ദീപ് യാദവും(0*) പുറത്താവാതെ നിന്നു.
Read more: പവര്‍പ്ലേയില്‍ സിറാജ് തീയെങ്കില്‍ ഷമിയെ എന്ത് വിളിക്കണം! നാല് വിക്കറ്റോടെ പുതിയ ഉയരത്തില്‍