ഐപിഎല്‍ പതിനാറാം സീസണില്‍ തുടര്‍ച്ചയായി മൂന്നാം ജയം കൊതിച്ചാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ചെപ്പോക്ക് സ്റ്റേഡിയത്തില്‍ ഇറങ്ങുന്നത്
ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പർ കിംഗ്‌സിനായി എം എസ് ധോണി നേരത്തേ ബാറ്റ് ചെയ്യാൻ എത്തണമെന്ന് ഇതിഹാസ താരവും കമന്‍റേറ്ററുമായ സുനിൽ ഗാവസ്‌കർ. ധോണി ഈ സീസണിൽ നന്നായി ബാറ്റ് ചെയ്യുന്നുണ്ടെന്നും എന്നാല്‍ നിലവിൽ പത്ത് പന്ത് പോലും നേരിടാൻ അവസരം ലഭിക്കുന്നില്ലെന്നും ഗാവസ്‌കർ പറഞ്ഞു. കഴിഞ്ഞ മത്സരങ്ങളിലെല്ലാം ധോണി ആറാമനോ ഏഴാമനോ ആയാണ് ക്രീസിൽ എത്തിയത്. ഈ സാഹചര്യത്തിലാണ് നേരത്തേ ബാറ്റ് ചെയ്യാൻ ധോണിയോട് ഗാവസ്‌കർ ആവശ്യപ്പെട്ടിരിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സിന് എതിരായ ചെന്നൈയുടെ മത്സരത്തിന് മുമ്പാണ് ഗാവസ്‌കറുടെ വാക്കുകള്‍.
ഐപിഎല്‍ പതിനാറാം സീസണില്‍ തുടര്‍ച്ചയായി മൂന്നാം ജയം കൊതിച്ചാണ് എം എസ് ധോണിയുടെ നേതൃത്വത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ചെപ്പോക്ക് സ്റ്റേഡിയത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഇറങ്ങുന്നത്. സീസണിലെ ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് അഞ്ച് വിക്കറ്റിന് തോറ്റ് തുടങ്ങിയ സിഎസ്‌കെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെ 12 റണ്‍സിനും ബന്ധവൈരികളായ മുംബൈ ഇന്ത്യന്‍സിനെ ഏഴ് വിക്കറ്റിനും പരാജയപ്പെടുത്തി വിജയവഴിയിലേക്കെത്തി.
undefined
ഇതുവരെ സിഎസ്‌കെ കളിച്ച മൂന്നില്‍ രണ്ട് ഇന്നിംഗ്‌സുകളില്‍ ബാറ്റിംഗിന് അവസരം ലഭിച്ച എം എസ് ധോണിക്ക് അതിവേഗം സ്കോര്‍ കണ്ടെത്താനായിരുന്നു. ഗുജറാത്ത് ടൈറ്റന്‍സിന് എതിരായ ആദ്യ മത്സരത്തില്‍ ഏഴ് പന്തില്‍ ഓരോ ഫോറും സിക്‌സുമായി 14* റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ തൊട്ടടുത്ത മത്സരത്തില്‍ നേരിട്ട ആദ്യ രണ്ട് പന്തുകളും സിക്‌സര്‍ പറത്തി. മുംബൈ ഇന്ത്യന്‍സിന് എതിരായ മൂന്നാം മത്സരത്തില്‍ ബാറ്റിംഗിന് അവസരം ലഭിച്ചിരുന്നില്ല. ഇതോടെയാണ് കൂടുതല്‍ ബോളുകള്‍ നേരിടാന്‍ ധോണി ബാറ്റിംഗില്‍ സ്വയം സ്ഥാനക്കയറ്റം നല്‍കണമെന്ന് ഗാവസ്‌കര്‍ അഭിപ്രായപ്പെട്ടത്.