മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടിയെങ്കിലും താന്‍ ഫിനിഷ് ചെയ്യേണ്ടിയിരുന്നുവെന്ന് ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലും വ്യക്തമാക്കി
മൊഹാലി: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിന് എതിരായ മത്സരത്തില്‍ ആറ് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കിയെങ്കിലും സന്തുഷ്‌ടനല്ലെന്ന് ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ. മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒരു പന്ത് ബാക്കിനില്‍ക്കേയായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ് നാല് വിക്കറ്റ് നഷ്‌ടപ്പെടുത്തി വിജയിച്ചത്. മത്സരം അവസാന ഓവര്‍ വരെ നീട്ടിക്കൊണ്ടുപോയതില്‍ ബാറ്റര്‍മാരെ പാണ്ഡ്യ പഴിച്ചു. അതേസമയം 11 പന്ത് നേരിട്ട ഹാര്‍ദിക് പാണ്ഡ്യക്ക് 8 റണ്‍സേ മത്സരത്തില്‍ നേടാന്‍ കഴിഞ്ഞിരുന്നുള്ളൂ.
'സത്യസന്ധമായി പറയാം, മത്സരം അവസാന ഓവറിലേക്ക് നീട്ടിയതിനെ ഞാന്‍ അഭിനന്ദിക്കില്ല. ഈ മത്സരത്തില്‍ നിന്ന് ഏറെ കാര്യങ്ങള്‍ പഠിക്കാനുണ്ട്. മത്സരം കഴിഞ്ഞ് തിരിച്ചെത്തി കാര്യങ്ങള്‍ വിശകലനം ചെയ്യേണ്ടതുണ്ട്. പഞ്ചാബ് കിംഗ്‌സ് നന്നായി പന്തെറിഞ്ഞു. എന്നാല്‍ ഇന്നിംഗ്‌സിന് മധ്യേ ബാറ്റര്‍മാര്‍ റിസ്‌ക് എടുത്ത് ഷോട്ടുകള്‍ കളിക്കണമായിരുന്നു. മത്സരം ഇത്രത്തോളം അവസാന ഓവറിലേക്ക് നീട്ടരുത് എന്ന് ഉറപ്പിക്കണമായിരുന്നു. മത്സരം ഏറെ മുമ്പേ ഫിനിഷ് ചെയ്യാന്‍ ഞാനാഗ്രഹിച്ചിരുന്നു. അവസാന ഓവറിലേക്ക് മത്സരം കൊണ്ടുപോകുന്നതിന്‍റെ ആരാധകനല്ല ഞാന്‍' എന്നും ഹാര്‍ദിക് പാണ്ഡ്യ വ്യക്തമാക്കി.
undefined
മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടിയെങ്കിലും താന്‍ ഫിനിഷ് ചെയ്യേണ്ടിയിരുന്നുവെന്ന് ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലും വ്യക്തമാക്കി. 'ഗ്രൗണ്ട് വലുതാണ്, അവസാന ഓവറുകളില്‍ പഴയ പന്തില്‍ സിക്‌സടിക്കുക പ്രയാസമായിരുന്നു. എന്നാല്‍ ഫീല്‍ഡര്‍മാരിലെ വിടവുകള്‍ കണ്ടെത്തി റണ്‍സ് നേടണമായിരുന്നു. ഞാന്‍ മത്സരം ഫിനിഷ് ചെയ്യണമായിരുന്നു' എന്നും ഗില്‍ പറഞ്ഞു. മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സ് മുന്നോട്ടുവെച്ച 154 റണ്‍സ് വിജയലക്ഷ്യം പിന്തുടരുമ്പോള്‍ 20-ാം ഓവറിലെ രണ്ടാം പന്തില്‍ ഗില്‍ പുറത്തായിരുന്നു. ഈ സമയം 148 ആയിരുന്നു ഗുജറാത്തിന്‍റെ ടീം സ്കോര്‍. 49 പന്തില്‍ 67 റണ്‍സാണ് ഗില്ലിന്‍റെ സമ്പാദ്യം. പിന്നാലെ രാഹുല്‍ തെവാട്ടിയ എത്തിയാണ് ഒരു പന്ത് ബാക്കിനില്‍ക്കേ മത്സരം ഫിനിഷ് ചെയ്‌തത്.
Read more: തിരിച്ചുവരവ്; ജസ്‌പ്രീത് ബുമ്രക്ക് നിര്‍ണായക ഉപദേശവുമായി ഇയാന്‍ ബിഷപ്പ്