ആര്‍ച്ചര്‍ തിരിച്ചെത്തുമോ, ആകാംക്ഷയില്‍ ആരാധകര്‍; മുംബൈ ഇന്ത്യന്‍സ് സാധ്യതാ ഇലവന്‍

By Web Team  |  First Published Apr 22, 2023, 4:09 PM IST

ഓപ്പണര്‍മാരായി നായകന്‍ രോഹിത് ശര്‍മ്മയും ഇഷാന്‍ കിഷനും എത്തുമ്പോള്‍ മൂന്നാം നമ്പറില്‍ സൂര്യകുമാര്‍ യാദവ് തുടരും


മുംബൈ: ഐപിഎല്‍ പതിനാറാം സീസണില്‍ ഇന്നത്തെ രണ്ടാം മത്സരം മുംബൈ ഇന്ത്യന്‍സും പഞ്ചാബ് കിംഗ്‌സും തമ്മിലാണ്. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. ഇംഗ്ലീഷ് സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചര്‍ ഇന്ന് കളിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. പരിക്കിനെ തുടര്‍ന്ന് മുംബൈയുടെ കഴിഞ്ഞ മത്സരങ്ങള്‍ ആര്‍ച്ചര്‍ക്ക് നഷ്‌ടമായിരുന്നു. പരിശീലനം പുനരാരംഭിച്ചെങ്കിലും ഫിറ്റ്‌നസ് പൂര്‍ണമായും വീണ്ടെടുക്കാത്തതിനാല്‍ ആര്‍ച്ചറെ ഇന്നും കളിപ്പിച്ചേക്കില്ല എന്നാണ് റിപ്പോര്‍ട്ട്. 

ഓപ്പണര്‍മാരായി നായകന്‍ രോഹിത് ശര്‍മ്മയും ഇഷാന്‍ കിഷനും എത്തുമ്പോള്‍ മൂന്നാം നമ്പറില്‍ സൂര്യകുമാര്‍ യാദവ് തുടരും. സ്‌കൈ ഫോമിലേക്ക് മടങ്ങിയെത്തും എന്ന പ്രതീക്ഷയിലാണ് മുംബൈ ആരാധകര്‍. ഫോമിലുള്ള കാമറൂണ്‍ ഗ്രീന്‍, തിലക് വര്‍മ്മ എന്നിവരാണ് മുംബൈ ബാറ്റിംഗിന്‍റെ ശ്രദ്ധാകേന്ദ്രം. അതിവേഗം സ്കോര്‍ ചെയ്യാനുള്ള തിലകിന്‍റെ മികവില്‍ രോഹിത് ശര്‍മ്മ കൂടുതല്‍ പ്രതീക്ഷവയ്‌ക്കുന്നു. ഗ്രീനിന് പുറമെ മറ്റൊരു വിദേശ താരമായി ടിം ഡേവിഡ് പ്ലേയിംഗ് ഇലവനില്‍ തുടരും എന്നുറപ്പാണ്. കഴിഞ്ഞ മത്സരത്തില്‍ സണ്‍റൈസേഴ്‌സിനെതിരെ വിക്കറ്റ് ലഭിച്ച അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ ഇന്നും തുടര്‍ന്നേക്കും. അവസാന ഓവറില്‍ 20 റണ്‍സ് പ്രതിരോധിക്കുകയും ചെയ്‌തിരുന്നു അര്‍ജുന്‍. നെഹാല്‍ വധേര, ഹൃത്വിക് ഷൊക്കീന്‍, പീയുഷ് ചൗള എന്നിവര്‍ക്കൊപ്പം ജേസന്‍ ബെഹ്‌റന്‍ഡോഫും പ്ലേയിംഗ് ഇലവനില്‍ എത്താനാണ് സാധ്യത. 

Latest Videos

undefined

മുംബൈ ഇന്ത്യന്‍സ് സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, കാമറൂണ്‍ ഗ്രീന്‍, തിലക് വര്‍മ്മ, ടിം ഡേവിഡ്, അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍, നെഹാല്‍ വധേര, ഹൃത്വിക് ഷൊക്കീന്‍, പീയുഷ് ചൗള, ജേസന്‍ ബെഹ്‌റന്‍ഡോഫ്. 

മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി ഏഴരയ്‌ക്കാണ് മത്സരം ആരംഭിക്കുക. തുടക്കം പിഴച്ചെങ്കിലും ഹാട്രിക് ജയത്തിന്‍റെ കരുത്തിലാണ് മുംബൈ വാംഖഡെയില്‍ പഞ്ചാബിനെ കാത്തിരിക്കുന്നത്. കരുത്തുറ്റ ബാറ്റിംഗ് ലൈനപ്പില്‍ തന്നെയാണ് മുംബൈയുടെ പ്രതീക്ഷ. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, ഇഷാന്‍ കിഷന്‍, തിലക് വര്‍മ്മ എന്നിവര്‍ക്കൊപ്പം കാമറൂണ്‍ ഗ്രീനും സൂര്യകുമാര്‍ യാദവും ടിം ഡേവിഡും കൂടി ക്രീസിലുറച്ചാല്‍ ഏത് ലക്ഷ്യവും മുംബൈ ഇന്ത്യന്‍സിന് മറികടക്കാനാകും. 

Read more: ഐപിഎല്ലില്‍ രണ്ട് മത്സരങ്ങള്‍; ഗുജറാത്ത് ലഖ്‌നൗവിനെതിരെ! മുംബൈക്ക് എതിരാളി പഞ്ചാബ് കിംഗ്‌സ്


 

click me!