'മോര്‍ഗന്‍ ഒരു മികച്ച ക്യാപ്റ്റനല്ല'; ഗംഭീറിന് പിന്നാലെ വിമര്‍ശനവുമായി സെവാഗ്

By Web Team  |  First Published Apr 22, 2021, 6:57 PM IST

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ ഐപിഎല്‍ മത്സരത്തില്‍ കൊല്‍ക്കത്ത പരാജയപ്പെട്ടിരുന്നു. അതിന് ശേഷം സംസാരിക്കുകയായിരുന്നു സെവാഗ്.
 


ദില്ലി: ഗൗതം ഗംഭീറിന് പിന്നാലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനെതിരെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്. മോര്‍ഗന്‍ ടി20 ക്രിക്കറ്റിന് പറ്റിയ ക്യാപ്റ്റനല്ലെന്നാണ് സെവാഗ് പറയുന്നത്. ഇന്നലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ ഐപിഎല്‍ മത്സരത്തില്‍ കൊല്‍ക്കത്ത പരാജയപ്പെട്ടിരുന്നു. അതിന് ശേഷം സംസാരിക്കുകയായിരുന്നു സെവാഗ്.

സെവാഗിന്റെ വാക്കുകള്‍... ''മികച്ച ടീമുണ്ടെങ്കില്‍ മാത്രമേ നല്ല ക്യാപ്റ്റനാവാന്‍ സാധിക്കൂ. മോര്‍ഗനെ ഒരു മികച്ച ടി20 ക്യാപ്റ്റനായി ഞാന്‍ കാണുന്നില്ല. ഏകദിന ക്രിക്കറ്റില്‍ മോര്‍ഗന്‍ ഒരു മികച്ച ക്യാപ്റ്റനായിരിക്കാം. കാരണം ഇംഗ്ലണ്ട് ടീം ശക്തമാണ്. നിരവധി മാച്ച് വിന്നര്‍മാര്‍ ടീമിലുണ്ട്. എന്നാല്‍ ഐപിഎല്ലില്‍ അവസ്ഥ അതല്ല. കൊല്‍ക്കത്തയില്‍ അത്രത്തോളം മികച്ച താരങ്ങളില്ല. കൊല്‍ക്കത്തയില്‍ രണ്ട് വീതം ബാറ്റ്‌സ്മാന്മാരും ബൗളര്‍മാരും മികച്ച പ്രകടനം പുറത്തെടുത്താല്‍ മാത്രമേ മെച്ചപ്പെട്ട ടീമായി കൊല്‍ക്കത്തയ്ക്ക് മാറാന്‍ സാധിക്കൂ.

Latest Videos

undefined

അടുത്ത സീസണിലും കൊല്‍ക്കത്ത മോര്‍ഗനെ നിലനിനിര്‍ത്തുമെന്ന് എനിക്ക് തോന്നുന്നില്ല. രണ്ട് കോടിക്കാണ് കൊല്‍ക്കത്ത മോര്‍ഗനെ സ്വന്തമാക്കിയത്. എന്നാല്‍ ദിനേശ് കാര്‍ത്തിക് ക്യാപ്റ്റനെന്ന നിലയില്‍ പിറകോട്ട് പോയപ്പോള്‍ മോര്‍ഗന്‍ ക്യാപ്റ്റനാവുകയായിരുന്നു. ക്യാപ്റ്റനാവാന്‍ വേണ്ടി മോര്‍ഗനെ പിടിച്ചുനിര്‍ത്തിയതല്ല. അടിസ്ഥാനവിലയ്ക്ക് ലഭിച്ചതുകൊണ്ട് മാത്രമാണ്. അടുത്ത സീസണില്‍ കൂടുതല്‍ തുകയ്ക്ക് മോര്‍ഗനെ ആരെങ്കിലും സ്വന്തമാക്കുമെന്ന് ഞാന്‍ കരുതുന്നില്ല. കാരണം വലിയ തുക അദ്ദേഹം അര്‍ഹിക്കുന്നില്ല.'' സെവാഗ് പറഞ്ഞുനിര്‍ത്തി.

ഇന്നലെ ചെന്നൈയുമായുള്ള മത്സരത്തില്‍ 18 റണ്‍സിന്റെ തോല്‍വിയാണ് കൊല്‍ക്കത്ത ഏറ്റുവാങ്ങിയത്. 220 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത 202 റണ്‍സിന് ഓള്‍ഔട്ടായി. ദിനേശ് കാര്‍ത്തിക്, റസല്‍, കമിന്‍സ് എന്നിവര്‍ തകര്‍പ്പന്‍ ബാറ്റിങ് പുറത്തെടുത്തെങ്കിലും ജയം തൊടാനായില്ല.

click me!