ഓറഞ്ച് ആര്‍മിയില്‍ വാര്‍ണറുടെ ഭാവി ചോദ്യചിഹ്‌നം; അവസാന സീസണെന്ന് സ്റ്റെയ്‌ന്‍

By Web Team  |  First Published May 3, 2021, 10:25 AM IST

സണ്‍റൈസേഴ്‌സിന്‍റെ നായകസ്ഥാനത്തും പ്ലേയിംഗ് ഇലവനില്‍ നിന്നും വാര്‍ണര്‍ തെറിച്ചതിന് പിന്നാലെയാണ് സ്റ്റെയ്‌ന്‍റെ പ്രതികരണം. 


ദില്ലി: ഐപിഎല്‍ പതിനാലാം സീസണ്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കുപ്പായത്തില്‍ ഡേവിഡ് വാര്‍ണറുടെ അവസാന സീസണായേക്കുമെന്ന് മുന്‍ താരം ഡെയ്‌ല്‍ സ്റ്റെയ്‌ന്‍. സണ്‍റൈസേഴ്‌സിന്‍റെ നായകസ്ഥാനത്തും പ്ലേയിംഗ് ഇലവനില്‍ നിന്നും വാര്‍ണര്‍ തെറിച്ചതിന് പിന്നാലെയാണ് സ്റ്റെയ്‌ന്‍റെ പ്രതികരണം. 

രാജസ്ഥാന്‍ റോയല്‍സിന് എതിരായ മത്സരത്തിന് മുമ്പായിരുന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വാര്‍ണര്‍ക്ക് പകരം ന്യൂസിലന്‍ഡ് താരം കെയ്‌ന്‍ വില്യംസണെ ക്യാപ്റ്റനായി നിയമിച്ചത്. വാര്‍ണര്‍ക്ക് കീഴില്‍ കളിച്ച ആറില്‍ അഞ്ച് മത്സരങ്ങളും സണ്‍റൈസേഴ്‌സ് തോറ്റിരുന്നു. 

Latest Videos

undefined

'മാനേജ്‌മെന്‍റിന്‍റെ ചില തീരുമാനങ്ങള്‍ വാര്‍ണര്‍ ചോദ്യം ചെയ്തിരുന്നോ എന്നറിയില്ല. അടഞ്ഞ വാതിലുകള്‍ക്കുള്ളില്‍ നടക്കുന്നത് പൊതുസമൂഹം അറിയില്ല. വാര്‍ണര്‍ പ്ലേയിംഗ് ഇലവനിലില്ലാത്തത് അത്ഭുതപ്പെടുന്നു. അടുത്ത സീസണില്‍ ക്യാപ്റ്റന്‍സി മാറ്റാന്‍ അവര്‍ ആഗ്രഹിക്കുന്നു എന്ന് മനസിലാക്കാവുന്നതേയുള്ളൂ. എന്നാല്‍ ഇപ്പോഴും ബാറ്റിംഗ് പ്രതിഭാസമാണ് വാര്‍ണര്‍. ഓറഞ്ച് ആര്‍മിയില്‍ വാര്‍ണറെ കാണുന്ന അവസാന സീസണായിരിക്കും ഇതെന്ന് എനിക്ക് തോന്നുന്നു' എന്നാണ് സ്റ്റെയ്‌ന്‍ പറഞ്ഞത്. 

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സിന് 2016ല്‍ ആദ്യ കിരീടം സമ്മാനിച്ച നായകനാണ് ഡേവിഡ് വാര്‍ണര്‍. എന്നാല്‍ ഈ സീസണില്‍ വരും മത്സരങ്ങളിലും വാര്‍ണറെ കളിപ്പിക്കാന്‍ സാധ്യതയില്ല എന്ന സൂചന നല്‍കിയിട്ടുണ്ട് മുഖ്യ പരിശീലകന്‍ ട്രെവര്‍ ബെയ്‌ലിസ്. 

'ബുദ്ധിമുട്ടേറിയ തീരുമാനം, വലിയ തീരുമാനം. ടീമിനെ വാര്‍ത്തെടുക്കാന്‍ ശ്രമങ്ങള്‍ നടത്തിയേ മതിയാകൂ. കൂടുതല്‍ ഓവറുകള്‍ നല്‍കി ബൗളര്‍മാരെ സഹായിക്കണം. ഒന്നോ രണ്ടോ മത്സരത്തിന് ശേഷം ഒഴിവാക്കുകയല്ല, ടീമിനെ നിലനിര്‍ത്തുകയാണ് വേണ്ടത്' എന്നും രാജസ്ഥാനെതിരെ തോല്‍വിക്ക് ശേഷം ബെയ്‌ലിസ് പറഞ്ഞു. വാര്‍ണര്‍ക്ക് പകരം വില്യംസണ്‍ നായകനായ ആദ്യ മത്സരത്തില്‍ രാജസ്ഥാനോട് 55 റണ്‍സിന്‍റെ തോല്‍വിയാണ് സണ്‍റൈസേഴ്‌സ് വഴങ്ങിയത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!