150 തൊടുന്നത് വെറുതെയല്ല; ഉമ്രാന്‍ മാലിക്കിന്‍റെ തീപ്പൊരി പേസിന് പിന്നിലെ കാരണം

By Web Team  |  First Published Oct 4, 2021, 8:56 PM IST

ഐപിഎല്‍ അരങ്ങേറ്റം കുറിച്ച മാലിക് 150 കിലോമീറ്ററിലേറെ വേഗതയില്‍ പന്തെറിഞ്ഞ് അമ്പരപ്പിച്ചിരുന്നു


ദുബായ്: ഐപിഎല്‍ പതിനാലാം സീസണില്‍(IPL 2021) ഒരൊറ്റ മത്സരം കൊണ്ട് ചര്‍ച്ചാവിഷയമായിരിക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്(Sunrisers Hyderabad) പേസര്‍ ഉമ്രാന്‍ മാലിക്(Umran Malik). കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ(Kolkata Knight Riders) കഴിഞ്ഞ മത്സരത്തില്‍ ഐപിഎല്‍ അരങ്ങേറ്റം കുറിച്ച 21കാരനായ മാലിക് 150 കിലോമീറ്ററിലേറെ വേഗതയില്‍ പന്തെറിഞ്ഞ് അമ്പരപ്പിച്ചിരുന്നു. ഉമ്രാന്‍ മാലിക്കിന്‍റെ പേസിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ജമ്മു കശ്മീര്‍ ടീമില്‍ സഹതാരമായ പര്‍വേസ് റസൂല്‍. 

'വളരെ കഴിവുള്ള താരമാണ് ഉമ്രാന്‍ മാലിക്. നെറ്റ്‌സില്‍ അദേഹത്തെ നേരിട്ടപ്പോള്‍ നല്ല വേഗമുണ്ടായിരുന്നു. എന്നാല്‍ ഐപിഎല്‍ പോലൊരു വേദിയില്‍ ആ മികവ് കൊണ്ടുവരുന്നത് വ്യത്യസ്തമാണ്. തീപാറും പേസ് കൊണ്ട് കെകെആര്‍ ബാറ്റേര്‍സിനെ വിറപ്പിക്കുകയായിരുന്നു താരം. വലിയ വേദിയില്‍ മികവ് കാട്ടുന്നത് കാണുമ്പോള്‍ സന്തോഷമുണ്ട്. 

Latest Videos

undefined

500, 1000 രൂപയ്‌ക്കൊക്കെ ധാരാളം ടെന്നീസ് ബോള്‍ മത്സരങ്ങള്‍ കളിച്ചിട്ടുണ്ട് അവന്‍. ജസ്‌പ്രീത് ബുമ്ര ഉള്‍പ്പടെയുള്ള മികച്ച പേസര്‍മാരെ നോക്കിയാല്‍ അവരെല്ലാം ടെന്നീസ് ബോളിന്‍റെ ഉല്‍പന്നങ്ങളാണ് എന്നുകാണാം. വളരെ ഭാരം കുറഞ്ഞ ടെന്നീസ് ബോളില്‍ പേസ് കണ്ടെത്തണമെങ്കില്‍ അത്രയേറെ പ്രയത്നിക്കണം. ടെന്നീസ് ബോളില്‍ കളിച്ചാണ് മാലിക്ക് കരുത്തും പേസും വര്‍ധിപ്പിച്ചത്. ജമ്മുവിന്‍റെ പരിസരങ്ങളിലായിരുന്നു ഈ മത്സരങ്ങള്‍.

തുടര്‍ച്ചയായി 145 കി.മീക്കടുത്ത് വേഗത്തില്‍ 18-ാം വയസിലെ പന്തെറിഞ്ഞിരുന്നു. നെറ്റ്‌സില്‍ അവനെ നേരിടുന്നത് എളുപ്പമായിരുന്നില്ല. പരിശീലന മത്സരങ്ങള്‍ക്കായി ടീമിലെടുത്തപ്പോള്‍ മുന്‍നിര ബാറ്റ്സ്‌മാന്‍മാരെ വിറപ്പിച്ചു. അതോടെയാണ് മുഷ്‌താഖ് അലി ട്രോഫിയില്‍ ഉള്‍പ്പെടുത്തിയത്. റെയില്‍വേക്കെതിരെ അരങ്ങേറ്റത്തില്‍ മാലിക് 24 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തി' എന്നും ജമ്മു കശ്മീര്‍ ക്യാപ്റ്റന്‍ കൂടിയായ പര്‍വേസ് റസൂല്‍ പറഞ്ഞു. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരെ ഐപിഎല്‍ അരങ്ങേറ്റത്തില്‍ തന്നെ പേസ് കൊണ്ട് അമ്പരപ്പിക്കുകയായിരുന്നു ഉമ്രാന്‍ മാലിക്. നാല് ഓവര്‍ എറിഞ്ഞ താരം 27 റണ്‍സേ വിട്ടുകൊടുത്തുള്ളൂ. എല്ലാ പന്തുകള്‍ക്കും 145 കി.മിയിലേറെ വേഗമുണ്ടായിരുന്നു. മത്സരത്തില്‍ രണ്ട് പന്തുകള്‍ 150 കി.മീയിലേറെ വേഗം കണ്ടെത്തി. ഇതിലെ വേഗമേറിയ പന്ത് 151.03 കി.മീ വേഗത തൊട്ടു. ഐപിഎല്‍ പതിനാലാം സീസണിലെ വേഗമേറിയ 10 പന്തുകളിലൊന്നും ഇന്ത്യന്‍ താരങ്ങളിലെ വേഗമേറിയ പന്തും 21 വയസുകാരനായ മാലിക്കിന്‍റെ ഈ ബോളിനാണ്. 

കൊവിഡ് ബാധിതനായ പേസര്‍ ടി നടരാജന് പകരമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഉമ്രാന്‍ മാലിക്കിനെ പരിമിത കാലത്തേക്ക് ടീമിലെടുത്തത്. ഹൈദരാബാദ് ടീമിനൊപ്പം നെറ്റ് ബൗളറായി കൂടെയുണ്ടായിരുന്ന മാലിക്ക് ഇതുവരെ ജമ്മു കശ്മീരിനായി ഒരു ടി20 മത്സരം മാത്രമാണ് കളിച്ചത്.

എവിടെയായിരുന്നു ഇത്രകാലം; 151.03 കി.മീ വേഗതയില്‍ പന്തെറിഞ്ഞ ഉമ്രാന്‍ മാലിക്കിനെ കുറിച്ച് സൂപ്പര്‍താരം

അവന്‍ വഖാര്‍ യൂനിസിനെ അനുസ്മരിപ്പിക്കുന്നു; ഹൈദരാബാദ് പേസറെ പ്രശംസകൊണ്ട് മൂടി ശ്രീകാന്ത്

click me!