ടോസ് നേടിയ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു
ദുബായ്: ഐപിഎല്ലില്‍(IPL 2021) സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്(Sunrisers Hyderabad) എതിരെ രാജസ്ഥാന്‍ റോയല്‍സിന്(Rajasthan Royals) മോശമല്ലാത്ത തുടക്കം. രണ്ടാം ഓവറില്‍ ഓപ്പണര്‍ എവിന്‍ ലൂയിസിനെ(Evin Lewis) നഷ്‌ടമായെങ്കിലും രാജസ്ഥാന്‍ പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ 49-1 എന്ന നിലയിലാണ്. യശ്വസ്വി ജെയ്‌സ്വാളിനൊപ്പം(Yashasvi Jaiswal) നായകന്‍ സഞ്ജു സാംസണാണ്(Sanju Samson) ക്രീസില്‍.
രാജസ്ഥാന്‍ ഇന്നിംഗ്‌സിലെ രണ്ടാം ഓവറില്‍ ഭുവി ആദ്യ പന്തില്‍ സിക്‌സറിന് ശ്രമിച്ച എവിന്‍ ലൂയിസിനെ(4 പന്തില്‍ 6) ബൗണ്ടറിയില്‍ സമദിന്‍റെ കൈകളിലെത്തിച്ചു. ഇതിന് ശേഷം സുരക്ഷിതമായി യശ്വസ്വി ജെയ്‌സ്വാളും സഞ്ജു സാംസണും പവര്‍പ്ലേ പൂര്‍ത്തിയാക്കുകയായിരുന്നു.
undefined
വലിയ മാറ്റങ്ങളുമായി ടീമുകള്‍
ടോസ് നേടിയ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വമ്പന്‍ മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇറങ്ങിയത്. രാജസ്ഥാനില്‍ കാര്‍ത്തിക് ത്യാഗി പരിക്ക് മൂലം പുറത്തിരിക്കുമ്പോള്‍ കഴിഞ്ഞ മത്സരം നഷ്‌ടമായ ക്രിസ് മോറിസും എവിന്‍ ലൂയിസും തിരിച്ചെത്തി. സണ്‍റൈസേഴ്‌സില്‍ ഡേവിഡ് വാര്‍ണര്‍ക്ക് പകരം ജേസന്‍ റോയ്‌യും ഫോമിലല്ലാത്ത മനീഷ് പാണ്ഡെയ്‌ക്കും കേദാര്‍ ജാദവിനും പകരം യുവതാരങ്ങളായ പ്രിയം ഗാര്‍ഗും അഭിഷേക് ശര്‍മ്മയും പരിക്കേറ്റ ഖലീല്‍ അഹമ്മദിന് പകരം സിദ്ധാര്‍ഥ് കൗളും പ്ലേയിംഗ് ഇലവനിലെത്തി.
രാജസ്ഥാന്‍ റോയല്‍സ്: എവിന്‍ ലൂയിസ്, യശ്വസ്വി ജെയ്‌സ്വാള്‍, സഞ്ജു സാംസണ്‍(നായകന്‍), ലയാം ലിവിംഗ്‌സ്റ്റണ്‍, മഹിപാല്‍ ലോംറോര്‍, റിയാന്‍ പരാഗ്, രാഹുല്‍ തിവാട്ടിയ, ക്രിസ് മോറിസ്, ചേതന്‍ സക്കറിയ, ജയ്‌ദേവ് ഉനദ്ഘട്ട്, മുസ്‌താഫിസൂര്‍ റഹ്‌മാന്‍.
സണ്‍റൈഡേഴ്‌സ് ഹൈദരാബാദ്: ജേസന്‍ റോയ്, വൃദ്ധിമാന്‍ സാഹ, കെയ്‌ന്‍ വില്യംസണ്‍(നായകന്‍), പ്രിയം ഗാര്‍ഗ്, അഭിഷക് ശര്‍മ്മ, അബ്‌ദുള്‍ സമദ്, ജേസന്‍ ഹോള്‍ഡര്‍, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, സിദ്ധാര്‍ഥ് കൗള്‍, സന്ദീപ് ശര്‍മ്മ.
ജയിച്ചാല്‍ രാജസ്ഥാന്‍ നാലാമത്
നെറ്റ് റണ്‍റേറ്റ് നെഗറ്റീവിലായതിനാല്‍ മികച്ച മാര്‍ജിനിലെ ജയം രാജസ്ഥാന്‍ റോയല്‍സിന് അനിവാര്യമാണ്. ഒമ്പത് കളിയില്‍ 8 തോല്‍വിയുമായി പ്ലേ ഓഫ് പ്രതീക്ഷ അവസാനിച്ച ഹൈദരാബാദിന് നഷ്‌ടപ്പെടാന്‍ ഒന്നുമില്ല. പുറത്തേക്കുള്ള വഴിയില്‍ രാജസ്ഥാനെയും കൂടെ കൂട്ടുമോയെന്നതാണ് അറിയാനുള്ളത്. പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് രാജസ്ഥാന്‍. ഒമ്പത് മത്സരങ്ങളില്‍ എട്ട് പോയിന്റാണ് അവര്‍ക്കുള്ളത്. ഇന്ന് ജയിച്ചാല്‍ 10 പോയിന്റോടെ രാജസ്ഥാന് നാലാം സ്ഥാനത്തെത്താം.
14 തവണ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഏഴ് ജയം വീതം നേടി. അവസാന അഞ്ച് കളികളില്‍ മൂന്ന് ജയം രാജസ്ഥാനുണ്ട്. ദുബായില്‍ രണ്ട് മത്സരങ്ങള്‍ കളിച്ചപ്പോള്‍ ഇരു ടീമും ഓരോ കളികളില്‍ ജയിച്ചു.