ഹോള്‍ഡറുടെ വെടിക്കെട്ട് വിഫലം; ഹൈദരാബാദിനെ എറിഞ്ഞിട്ട് പഞ്ചാബിന് ത്രില്ലര്‍ ജയം

By Web Team  |  First Published Sep 25, 2021, 11:19 PM IST

126 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന്‍റെ പോരാട്ടം 20 ഓവറില്‍ ഏഴ് വിക്കറ്റിന് 120 റണ്‍സെന്ന നിലയില്‍ അവസാനിച്ചു


ഷാര്‍ജ: ഐപിഎല്‍ പതിനാലാം സീസണില്‍(IPL 2021) സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ(Sunrisers Hyderabad) എറിഞ്ഞിട്ട് പഞ്ചാബ് കിംഗ്‌സിന്(Punjab Kings) അഞ്ച് റണ്‍സിന്‍റെ ജയം. 126 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന്‍റെ പോരാട്ടം 20 ഓവറില്‍ ഏഴ് വിക്കറ്റിന് 120 റണ്‍സെന്ന നിലയില്‍ അവസാനിച്ചു. 29 പന്തില്‍ 47 റണ്‍സെടുത്ത ജേസന്‍ ഹോള്‍ഡറുടെ(Jason Holder) പോരാട്ടം പാഴായപ്പോള്‍ മൂന്ന് വിക്കറ്റുമായി രവി ബിഷ്‍‌ണോയിയും(Ravi Bishnoi) രണ്ട് പേരെ മടക്കി മുഹമ്മദ് ഷമിയും(Mohammed Shami) ഒരു വിക്കറ്റുമായി അര്‍ഷ്‌ദീപ് സിംഗും(Arshdeep Singh) പഞ്ചാബിന് ജയമൊരുക്കുകയായിരുന്നു. അതേസമയം എല്ലിസിന്‍റെ അവസാന ഓവര്‍ ത്രില്ലര്‍ ഷോയായി. 

ഷമിക്കാറ്റില്‍ തല, രവിക്കാറ്റില്‍ നടു

Latest Videos

undefined

മറുപടി ബാറ്റിംഗില്‍ പേസര്‍ മുഹമ്മദ് ഷമി തുടക്കത്തിലെ സണ്‍റൈസേഴ്‌സിനെ പ്രതിരോധത്തിലാക്കി. ഓപ്പണര്‍ ഡേവിഡ് വാര്‍ണറും(3 പന്തില്‍ 2), നായകന്‍ കെയ്‌ന്‍ വില്യംസണും(6 പന്തില്‍ 1) ഷമിക്ക് മുന്നില്‍ മൂന്ന് ഓവറുകള്‍ക്കിടെ വീണു. പവര്‍പ്ലേയില്‍ 20/2 എന്ന സ്‌കോറിലായിരുന്നു സണ്‍റൈസേഴ്‌സ്. പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ച സ്‌പിന്നര്‍ രവി ബിഷ്‌ണോയ് കളി പഞ്ചാബിന്‍റെ വരുതിയിലാക്കുന്നതാണ് പിന്നീട് കണ്ടത്. 

എട്ടാം ഓവറില്‍ മനീഷ് പാണ്ഡെയെയും 13-ാം ഓവറില്‍ കേദാര്‍ ജാദവിനെയും അബ്‌ദുള്‍ സമദിനേയും പുറത്താക്കി. മനീഷും(23 പന്തില്‍ 13), കേദാറും(12 പന്തില്‍ 12) ബൗള്‍ഡും സമദ്(2 പന്തില്‍ 1) ഗെയ്‌ലിന്‍റെ ക്യാച്ചിലുമാണ് മടങ്ങിയത്. ഇതോടെ ഹൈദരാബാദ് 60/5 എന്ന നിലയില്‍ പരുങ്ങി. എന്നാല്‍ സാഹയ്‌ക്കൊപ്പം ചേര്‍ന്ന ഹോള്‍ഡര്‍ സിക്‌സറുകളുമായി ബാറ്റിംഗിലും ആളിക്കത്തി. ഇരുവരും തമ്മിലുള്ള ആശയക്കുഴപ്പത്തില്‍ സാഹ 31ല്‍ നില്‍ക്കേ റണൗട്ടായെങ്കിലും ഹോള്‍ഡര്‍ അടി തുടര്‍ന്നു.

കണ്ണീരായി ഹോള്‍ഡര്‍, വെടിക്കെട്ട് വിഫലം

അവസാന രണ്ട് ഓവറില്‍ സണ്‍റൈഡേഴ്‌സിന് 21 റണ്‍സാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഭുവനേശ്വറിനെ കൂട്ടുപിടിച്ച് ഹോള്‍ഡര്‍ പരമാവധി പരിശ്രമിച്ചെങ്കിലും അര്‍ഷ്‌ദീപിന്‍റെയും എല്ലിസിന്‍റേയും സ്ലോ ബോളുകള്‍ പഞ്ചാബിന് ജയമൊരുക്കി. ഹോള്‍ഡര്‍ 29 പന്തില്‍ അഞ്ച് സിക്‌സറുകള്‍ സഹിതം 47 ഉം ഭുവി നാല് പന്തില്‍ മൂന്നും റണ്‍സുമായി പുറത്താകാതെ നിന്നു. 

നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ക്രിസ് ഗെയ്‌ല്‍ തിരിച്ചെത്തിയിട്ടും സണ്‍റൈസേഴ്‌സ് ബൗളര്‍മാര്‍ക്ക് മുന്നില്‍ വിയര്‍ത്തപ്പോള്‍ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 125 റണ്‍സേ എടുത്തുള്ളൂ. 27 റണ്‍സെടുത്ത എയ്‌ഡന്‍ മര്‍ക്രാമാണ് ടോപ് സ്‌കോറര്‍. നാല് ഓവറില്‍ 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുമായി ജേസന്‍ ഹോള്‍ഡറാണ് പഞ്ചാബിനെ ചെറിയ സ്‌കോറില്‍ പൂട്ടിയത്. 

തുടക്കവും ഹോള്‍ഡര്‍ കൊടുങ്കാറ്റില്‍ 

ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഹോള്‍ഡര്‍ കൊടുങ്കാറ്റോടെയായിരുന്നു മത്സരത്തിന്‍റെ തുടക്കം. അഞ്ചാം ഓവറില്‍ പന്തെടുത്ത ഹോള്‍ഡര്‍ ഓപ്പണര്‍മാരെ അഞ്ച് പന്തുകളുടെ ഇടവേളയില്‍ മടക്കി. കെ എല്‍ രാഹുല്‍ 21 പന്തില്‍ അത്രതന്നെ റണ്‍സെടുത്തും മായങ്ക് അഗര്‍വാള്‍ ആറ് പന്തില്‍ അഞ്ച് റണ്‍സുമെടുത്താണ് കൂടാരം കയറിയത്. പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ രണ്ട് വിക്കറ്റിന് 29 റണ്‍സ് മാത്രമാണ് ടീമിനുണ്ടായിരുന്നത്. 

ടീമിലേക്കെത്തിയ ക്രിസ് ഗെയ്‌ല്‍(17 പന്തില്‍ 14) കൂറ്റന്‍ ഷോട്ടുകള്‍ക്ക് മടിച്ചപ്പോള്‍ 11-ാം ഓവറില്‍ റാഷിദ് ഖാന്‍ എല്‍ബിയില്‍ കുരുക്കൊരുക്കി. മറ്റൊരു വിന്‍ഡീസ് വെടിക്കെട്ട് വീരന്‍ നിക്കോളാസ് പുരാനെ നിലയുറപ്പിക്കാന്‍ സന്ദീപ് ശര്‍മ്മയും അനുവദിച്ചില്ല. 12-ാം ഓവറില്‍ തുടര്‍ച്ചയായ രണ്ടാം സിക്‌സറിന് ശ്രമിച്ച പുരാനെ(4 പന്തില്‍ എട്ട്) സന്ദീപ് റിട്ടേണ്‍ ക്യാച്ചില്‍ പറഞ്ഞയച്ചു. ഒരുവശത്ത് കാലുറപ്പിക്കുമെന്ന് തോന്നിയ എയ്‌ഡന്‍ മര്‍ക്രാം 32 പന്തില്‍ 27 റണ്‍സെടുത്ത് അബ്‌ദുള്‍ സമദിന് മുന്നില്‍ കീഴടങ്ങിയതോടെ പഞ്ചാബ് 15 ഓവറില്‍ 93/5 എന്ന നിലയില്‍ വലിയ പ്രതിരോധത്തിലായി. 

അവസാന അഞ്ച് ഓവറില്‍ പഞ്ചാബ് കിംഗ്‌സ് 32 റണ്‍സ് മാത്രമാണ് നേടിയത്. 16-ാം ഓവറില്‍ ഹോള്‍ഡര്‍ വീണ്ടും മിന്നലായി. ഇതോടെ ദീപക് ഹൂഡ 10 പന്തില്‍ 13 റണ്‍സില്‍ വീണു. ഹര്‍പ്രീത് ബ്രാറും നേഥന്‍ എല്ലിസും പഞ്ചാബിനെ 17-ാം ഓവറില്‍ 100 കടത്തി. അവസാന ഓവറില്‍ വെടിക്കെട്ടിനുള്ള ശ്രമത്തിനിടെ നേഥന്‍ എല്ലിസ്(12 പന്തില്‍ 12) ഭുവിക്ക് മുന്നില്‍ കീഴടങ്ങി. 20 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഹര്‍പ്രീത് ബ്രാറും(18 പന്തില്‍ 18*), മുഹമ്മദ് ഷമിയും(0*) പുറത്താകാതെ നിന്നു. 

ശോഭിക്കാതെ പോയ ഗെയ്‌ല്‍ പ്ലാന്‍, പക്ഷേ രവി...

ടോസ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ കെയ്‌ന്‍ വില്യംസണ്‍ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ടീമില്‍ മാറ്റമില്ലാതെയാണ് ഹൈദരാബാദ് ഇറങ്ങിയത്. അതേസമയം പഞ്ചാബ് കിംഗ്‌സില്‍ മൂന്ന് മാറ്റമുണ്ടായിരുന്നു. ഫാബിയന്‍ അലനും ഇഷാന്‍ പോരെലും ആദില്‍ റഷീദും പുറത്തിരിക്കുമ്പോള്‍ നേഥന്‍ എല്ലിസ്, ക്രിസ് ഗെയ്‌ല്‍, രവി ബിഷ്‌ണോയി എന്നിവര്‍ പ്ലേയിംഗ് ഇലവനിലെത്തി. 

പഞ്ചാബ് കിംഗ്‌സ്: കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ക്രിസ് ഗെയ്‌ല്‍, എയ്‌ഡന്‍ മര്‍ക്രാം, നിക്കോളാസ് പുരാന്‍, ദീപക് ഹൂഡ, രവി ബിഷ്‌ണോയി, മുഹമ്മദ് ഷമി, ഹര്‍പ്രീത് ബ്രാര്‍, അര്‍ഷ്‌ദീപ് സിംഗ്, നേഥന്‍ എല്ലിസ്. 

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: ഡേവിഡ് വാര്‍ണര്‍, വൃദ്ധിമാന്‍ സാഹ, കെയ്‌ന്‍ വില്യംസണ്‍, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, അബ്‌ദുള്‍ സമദ്, ജേസന്‍ ഹോള്‍ഡര്‍, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, സന്ദീപ് ശര്‍മ്മ, ഖലീല്‍ അഹമ്മദ്. 

2011നുശേഷം ആദ്യം; ചെന്നൈക്കുശേഷം നാണക്കേടിന്‍റെ ആ റെക്കോര്‍ഡ് രാജസഥാന്

click me!