അന്ന് വിമര്‍ശനം, ഇന്ന് പൂമാല; നന്നായി പന്തെറിയുന്നതിന് പിന്നിലെ കാരണം വ്യക്തമാക്കി മുഹമ്മദ് സിറാജ്

By Web Team  |  First Published Apr 28, 2021, 5:29 PM IST

ഇന്നലെ ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ മികച്ച ബൗളിങ് പുറത്തെടുത്ത സിറാജ്. അവസാന ഓവറില്‍ 14 റണ്‍സ് പ്രതിരോധിച്ചിരുന്നു.


അഹമ്മദാബാദ്: കഴിഞ്ഞ സീസണ്‍ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ നേരിട്ട താരങ്ങളില്‍ ഒരാള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മുഹമ്മദ് സിറാജ് ആയിരിക്കും. വിട്ടുനല്‍കുന്ന റണ്‍സ് പലപ്പോഴും നിയന്ത്രിക്കാന്‍ സിറാജിന് സാധിച്ചിരുന്നില്ല. എന്നാല്‍ ഈ സീസണില്‍ താരം ഒരുപാട് പുരോഗതി കൈവരിച്ചു. ക്രിക്കറ്റ് പണ്ഡിതര്‍ക്കെല്ലാം സിറാജിനെ കുറിച്ച് പറയാനുള്ളതെല്ലാം നല്ല വാക്കുകള്‍.

ഇന്നലെ ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ മികച്ച ബൗളിങ് പുറത്തെടുത്ത സിറാജ്. അവസാന ഓവറില്‍ 14 റണ്‍സ് പ്രതിരോധിച്ചിരുന്നു. ഇപ്പോള്‍ തന്റെ ബൗളിങ്ങില്‍ ഇത്രത്തോളം പുരോഗതി ഉണ്ടായതിന്റെ കാരണം പറയുകയാണ് സിറാജ്. നന്നായി പന്തെറിയാന്‍ സഹായിച്ചത് ടെസ്റ്റ് ക്രിക്കറ്റാണെന്നാണ് സിറാജ് പറയുന്നത്. താരത്തിന്റെ വാക്കുകള്‍... ''ഇപ്പോള്‍ നല്ല ആത്മവിശ്വാസത്തോടെ പന്തെറിയാന്‍ സാധിക്കുന്നുണ്ട്. ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചത് എനിക്കേറെ ഗുണം ചെയ്തു. ലൈനിലും ലെങ്ത്തിലും കൃത്യത പാലിക്കാന്‍ എനിക്ക് കഴിയുന്നുണ്ട്. പുതിയ പന്തില്‍ എറിയുമ്പോള്‍ ടെസ്റ്റില്‍ പന്തെറിയുന്നത് പോലെയാണ് ഞാന്‍ ചെയ്യുന്നത്. എനിക്ക് കഴിവുണ്ടായിരുന്നു. 

Latest Videos

undefined

എന്നാല്‍ ശരിയായ രീതിയില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞത് ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചതോടെയാണ്. ഇശാന്ത് ശര്‍മ, ജസ്പ്രീത് ബുമ്ര എന്നിവരില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു. ഡ്രസിംഗ് റൂമില്‍ അവരുമൊത്തുള്ള സഹവാസം എന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു.'' സിറാജ് പറഞ്ഞു.

നിലവില്‍ ബാംഗ്ലൂരിന്റെ പ്രധാന ബൗളറാണ് സിറാജ്. കെയ്ല്‍ ജാമിസണ്‍, നവ്ദീപ് സൈനി എന്നിവര്‍ ടീമിലുണ്ടെങ്കിലും ഡെത്ത് ബൗളറായി ഹര്‍ഷല്‍ പട്ടേലിനൊപ്പം ഉപയോഗിക്കുന്നത് സിറാജിനെയാണ്. ഇന്നലെത്തെ ജയത്തോടെ ബാംഗ്ലൂര്‍ ഒന്നാമതെത്തിയിരുന്നു. വെള്ളിയാഴ്ച്ച പഞ്ചാബ് കിംഗ്‌സിനെതിരെയാണ് ബാംഗ്ലൂരിന്റെ അടുത്ത മത്സരം.

click me!