ഐപിഎല്‍ ചരിത്രത്തിലാദ്യം! സഞ്ജുവിന്‍റെ മാസ് സെഞ്ചുറി റെക്കോര്‍ഡ് ബുക്കില്‍

By Web Team  |  First Published Apr 13, 2021, 8:55 AM IST

പഞ്ചാബ് കിംഗ്സ് പേസര്‍ ജേ റിച്ചാര്‍ഡ്‌സണ്‍ എറിഞ്ഞ 18-ാം ഓവറിലെ മൂന്നാം പന്ത് അതിര്‍ത്തി കടത്തിയാണ് സഞ്ജു സെഞ്ചുറിയും ചരിത്രവും കുറിച്ചത്. 


മുംബൈ: ഐപിഎല്ലില്‍ ക്യാപ്റ്റന്‍സി അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന നേട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ മലയാളി ക്രിക്കറ്റര്‍ സ‍ഞ്ജു സാംസണ്‍. പഞ്ചാബ് കിംഗ്സ് പേസര്‍ ജേ റിച്ചാര്‍ഡ്‌സണ്‍ എറിഞ്ഞ 18-ാം ഓവറിലെ മൂന്നാം പന്ത് അതിര്‍ത്തി കടത്തിയാണ് സഞ്ജു സെഞ്ചുറിയും ചരിത്രവും കുറിച്ചത്. 54 പന്തിലായിരുന്നു സഞ്ജുവിന്‍റെ മൂന്നാം ഐപിഎല്‍ ശതകം. 

മത്സരത്തില്‍ സഞ്ജു 63 പന്തിൽ 12 ഫോറും ഏഴ് സിക്‌സറുകളും ഉള്‍പ്പടെ 119 റൺസെടുത്ത് കസറി. 33 പന്തുകളില്‍ അര്‍ധ സെഞ്ചുറി നേടിയ താരം പിന്നീട് സമയോചിതമായി കത്തിക്കയറുകയായിരുന്നു. എന്നാല്‍ അര്‍ഷ്‌ദീപ് സിംഗ് എറിഞ്ഞ 20-ാം ഓവറിലെ അവസാന പന്തില്‍ സിക്‌സര്‍ നേടാനുള്ള ശ്രമത്തിനിടെ ദീപക് ഹൂഡയുടെ ക്യാച്ചില്‍ സഞ്ജു പുറത്തായതോടെ രാജസ്ഥാന്‍ നാല് റണ്‍സിന്‍റെ തോല്‍വി നേരിട്ടു. 

Latest Videos

undefined

മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബ് കിംഗ്‌സ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് നേടി. കെ എല്‍ രാഹുല്‍(50 പന്തിൽ 91 റൺസ്), ദീപക് ഹൂഡ(28 പന്തില്‍ 64 റൺസ്), ക്രിസ് ഗെയ്‌ല്‍(28 പന്തില്‍ 40 റണ്‍സ്) എന്നിവരുടെ കരുത്തിലാണ് പഞ്ചാബ് കൂറ്റന്‍ സ്‌കോറിലെത്തിയത്. രാജസ്ഥാനായി ചേതന്‍ സക്കരിയ മൂന്നും ക്രിസ് മോറിസ് രണ്ടും റിയാന്‍ പരാഗ് ഒന്നും വിക്കറ്റ് നേടി. 

മറുപടി ബാറ്റിംഗില്‍ സഞ്ജു മിന്നലായെങ്കിലും രാജസ്ഥാന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. സഞ്ജുവിന് പുറമെ ജോസ് ബട്‌ലര്‍(13 പന്തില്‍ 25), റിയാന്‍ പരാഗ്(11 പന്തില്‍ 25), ശിവം ദുബെ(15 പന്തില്‍ 23), മനന്‍ വോറ(8 പന്തില്‍ 12) എന്നിവരാണ് രണ്ടക്കം കണ്ടത്. ബെന്‍ സ്റ്റോക്‌സ് പൂജ്യത്തിന് പുറത്തായി. അര്‍ഷ്‌ദീപ് സിംഗ് മൂന്നും മുഹമ്മദ് ഷമി രണ്ടും ജേ റിച്ചാര്‍ഡ്‌സണും റിലേ മെരെഡിത്തും ഓരോ വിക്കറ്റും നേടി. 

നേട്ടങ്ങളുടെ പെരുമഴ; മൂന്നാം സെഞ്ചുറിയോടെ സഞ്ജു എലൈറ്റ് പട്ടികയില്‍

ക്യാപ്റ്റനായുള്ള അരങ്ങേറ്റം സെഞ്ചുറിയോടെ, വിജയത്തിനടുത്തെത്തിച്ച് സഞ്ജു മടങ്ങി; പഞ്ചാബിന് ജയം

click me!