സ‍ഞ്ജുവിന് ഇന്ന് നായകനായി അരങ്ങേറ്റം; രാജസ്ഥാൻറെ എതിരാളികള്‍ പഞ്ചാബ്

By Web Team  |  First Published Apr 12, 2021, 8:42 AM IST

പുതിയ നായകൻ സഞ്ജു സാംസണ് കീഴിൽ തലവര മാറ്റുകയാണ് രാജസ്ഥാൻ റോയൽസ് ലക്ഷ്യം. ടീമിൽ നിന്ന് ഒഴിവാക്കിയ സ്റ്റീവ് സ്‌മിത്തിന് പകരമാണ് സഞ്ജു നായകന്റെ തൊപ്പിയണിയുന്നത്. 


മുംബൈ: ഐപിഎല്ലിൽ സഞ്ജു സാംസണ് ഇന്ന് നായകനായി അരങ്ങേറ്റം. രാജസ്ഥാൻ റോയൽസ് വൈകിട്ട് ഏഴരയ്‌ക്ക് പഞ്ചാബ് കിംഗ്സിനെ നേരിടും. മുംബൈ വാംഖഡേ സ്റ്റേഡിയത്തിലാണ് മത്സരം.

പവർപ്ലേയിലും ഡെത്ത് ഓവറുകളിലും ഏറ്റവും മോശം കണക്കുള്ള രണ്ട് ടീമുകളാണ് നേര്‍ക്കുനേര്‍ വരുന്നത്. പുതിയ നായകൻ സഞ്ജു സാംസണ് കീഴിൽ തലവര മാറ്റുകയാണ് രാജസ്ഥാൻ റോയൽസ് ലക്ഷ്യം. ടീമിൽ നിന്ന് രാജസ്ഥാന്‍ ഒഴിവാക്കിയ സ്റ്റീവ് സ്‌മിത്തിന് പകരമാണ് സഞ്ജു നായകന്റെ തൊപ്പിയണിയുന്നത്. അതേസമയം പേരും ജഴ്സിയും മാറ്റി ആദ്യ കിരീടത്തിലെത്താൻ കെ എൽ രാഹുലിന്റെ പഞ്ചാബ് കിംഗ്സും തയ്യാര്‍. 

Latest Videos

undefined

സഞ്ജു അഭിമാനമാണ്, സന്തോഷമാണ്; രാജസ്ഥാന്‍ റോയല്‍സിനും ക്യാപ്റ്റനും ആശംസ അറിയിച്ച് പൃഥ്വിരാജ്

കഴിഞ്ഞ സീസണിൽ അവസാന സ്ഥാനത്തേക്ക് വീണ രാജസ്ഥാൻ, ശ്രീലങ്കൻ ഇതിഹാസം കുമാർ സംഗക്കാരയുടെ തന്ത്രങ്ങളുമായാണ് ഇത്തവണയിറങ്ങുന്നത്. ബെൻ സ്റ്റോക്‌സ്, ജോസ് ബട്‍ലർ, ക്രിസ് മോറിസ് എന്നിവർക്കൊപ്പം റിയാൻ പരാഗ്, ശിവം ദുബേ, രാഹുൽ തെവാത്തിയ തുടങ്ങിയവരുമുണ്ട് സഞ്ജുവിന്റെ സംഘത്തിൽ. പരിക്കേറ്റ ജോഫ്ര ആർച്ചറിന് ആദ്യ നാല് കളി നഷ്ടമാവുന്നത് രാജസ്ഥാന് തിരിച്ചടിയാവും. 

വമ്പൻ താരങ്ങളുണ്ടായിട്ടും നിരാശ മാത്രം ബാക്കിയായ ടീമാണ് പഞ്ചാബ്. കെ എൽ രാഹുൽ, മായങ്ക് അഗർവാൾ ഓപ്പണിംഗ് കൂട്ടുകെട്ട് ഏത് ബൗളിംഗ് നിരയ്‌ക്കും തലവേദനയാണ്. പിന്നാലെ വരുന്ന ക്രിസ് ഗെയ്‍ലും നിക്കോളാസ് പുരാനും ആദ്യ പന്ത് മുതൽ ബൗളർമാരുടെ അന്തകരാകാൻ ശേഷിയുള്ളവർ. കേരള ഓൾറൗണ്ടർ ജലജ് സക്സേന ആദ്യ ഇലവനിലെത്തിയേക്കും. മുഹമ്മദ് ഷമി നയിക്കുന്ന ബൗളിംഗ് നിരയുടെ ശേഷി കണ്ടറിയണം. ഓൾറൗണ്ടർ ഷാരൂഖ് ഖാനിൽ മുഖ്യപരിശീലകൻ അനിൽ കുംബ്ലെയ്‌ക്ക് പ്രതീക്ഷയേറെ.

റാണ- ത്രിപാഠി സഖ്യത്തിന്റെ പോരാട്ടം വെറുതെയായില്ല; ഹൈദരാബാദിനെതിരെ കൊല്‍ക്കത്തയ്ക്ക് ജയം

click me!