പഞ്ചാബിനോട് പരാജയപ്പെട്ടെങ്കിലും അപൂര്‍വ റെക്കോഡ് സ്വന്തമാക്കി ഹിറ്റ്മാന്‍

By Web Team  |  First Published Apr 24, 2021, 2:56 PM IST

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലി (188 ഇന്നിങ്‌സ്), ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ എം എസ് ധോണി (185), റോബിന്‍ ഉത്തപ്പ (182) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.


ചെന്നൈ: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനോട് പരാജയപ്പെട്ടെങ്കിലും അപൂര്‍വ റെക്കോഡ് സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഇന്നലെ പഞ്ചാബിനെതിരായ മത്സരത്തില്‍ ഒമ്പത് വിക്കറ്റിനായിരുന്നു മുംബൈയുടെ തോല്‍വി. 52 പന്തില്‍ 63 റണ്‍സുമായി രോഹിത് പിടിച്ചുനിന്നെങ്കിലും വിജയിക്കാനായില്ല. ഐപിഎല്ലില്‍ രോഹിത്തിന്റെ 200-ാം ഇന്നിങ്‌സായിരുന്നു അത്.

ഇതോടെ ഒരു റെക്കോഡും രോഹിത്തിനെ തേടിയെത്തി. ഐപിഎല്ലില്‍ 200 ഇന്നിങ്സുകളില്‍ ബാറ്റേന്തുന്ന ആദ്യ താരമായിരിക്കുകയാണ് രോഹിത്. ടൂര്‍ണമെന്റിലൊന്നാകെ 205 മത്സരങ്ങള്‍ രോഹിത് കളിച്ചിട്ടുണ്ട്. അതില്‍ അഞ്ച് തവണ മാത്രമാണ് ബാറ്റിങ്ങിന് ഇറങ്ങാതിരുന്നത്. ഇക്കാര്യത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ സുരേഷ് റെയ്‌നയാണ് രണ്ടാമത്. 192 ഇന്നിങ്‌സുകളില്‍ മുന്‍ ഇന്ത്യന്‍ താരം ബാറ്റിങ്ങിന് ഇറങ്ങി. 

Latest Videos

undefined

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലി (188 ഇന്നിങ്‌സ്), ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ എം എസ് ധോണി (185), റോബിന്‍ ഉത്തപ്പ (182) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ഇന്നലെ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടിരുന്നു. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ ഡല്‍ഹി കാപിറ്റല്‍സിന്റെ ശിഖര്‍ ധവാനെ മറികടക്കാന്‍ രോഹിത്തിനായി. 5427 റണ്‍സാണ് ധവാന്റെ അക്കൗണ്ടിലുള്ളത്. 

ഇന്നലെ മൂന്നാം സ്ഥാനത്തെത്തിയ രോഹിത് ഇതുവരെ 5431 റണ്‍സ് നേടിയിട്ടുണ്ട്. 31.57 ശരാശരിയിലാണ് രോഹിത് ഇത്രയും റണ്‍സെടുത്തത്. കോലിയാണ് ഇക്കാര്യത്തില്‍ ഒന്നാമന്‍. 6021 റണ്‍സാണ് കോലി നേടിയത്. 5448 റണ്‍സ് നേടിയ സുരേഷ് റെയ്നയാണ് രണ്ടാമത്.

click me!