നരെയ്‌ന്‍ തന്‍റെ നാല് ഓവറിലും ഓരോ വിക്കറ്റ് വീഴ്‌ത്തി. അതും ശ്രീകര്‍ ഭരത്, വിരാട് കോലി, എ ബി ഡിവില്ലിയേഴ്‌സ്, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നീ വമ്പന്‍ പേരുകാരുടെ വിക്കറ്റുകള്‍.
ഷാര്‍ജ: ഇതാണ് സുനില്‍ നരെയ്‌ന്‍, മത്സരം മാറ്റിമറിക്കുന്ന കൈക്കുഴയുടെ ഉടമ. ഐപിഎല്‍ പതിനാലാം സീസണില്‍(IPL 2021) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്(RCB vs KKR) എലിമിനേറ്ററിലും സുനില്‍ നരെയ്‌ന്‍റെ(Sunil Narine) മാസ്‌മരിക ബൗളിംഗ് ആരാധകര്‍ കണ്ടു. സീസണില്‍ വലിയ ഇംപാക്‌ടൊന്നും സൃഷ്‌ടിക്കാതിരുന്ന നരെയ്‌ന്‍ നിര്‍ണായക അങ്കത്തില്‍ തന്‍റെ നാല് ഓവറിലും ഓരോ വിക്കറ്റ് വീഴ്‌ത്തി. അതും ശ്രീകര്‍ ഭരത്, വിരാട് കോലി, എ ബി ഡിവില്ലിയേഴ്‌സ്, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നീ വമ്പന്‍ പേരുകാരുടെ വിക്കറ്റുകള്‍.
ഇതിലേറെ ശ്രദ്ധേയം ആര്‍സിബി നായകന്‍ വിരാട് കോലിയെയും(Virat Kohli), മിസ്റ്റര്‍ 360 എ ബി ഡിവില്ലിയേഴ്‌സിനേയും(AB de Villiers) ബൗള്‍ഡാക്കി ബിഗ് മാച്ച് പ്ലേയര്‍ എന്ന വിശേഷണം നരെയ്‌ന്‍ അരക്കിട്ടുറപ്പിച്ചതായിരുന്നു.
undefined
കാണാം വിരാട് കോലിയുടെ വിക്കറ്റ്
തന്‍റെ ആദ്യ ഓവറില്‍ കഴിഞ്ഞ മത്സരത്തിലെ ഹീറോ ശ്രീകര്‍ ഭരതിനെ(9) ലോംഗ് ഓഫില്‍ വെങ്കടേഷ് അയ്യരുടെ കൈകളിലെത്തിച്ചാണ് നരെയ്‌ന്‍ തുടങ്ങിയത്. രണ്ടാമത്തെ ഓവറിലാവട്ടെ മികച്ച നിലയില്‍ ബാറ്റ് ചെയ്തുകൊണ്ടിരുന്ന സാക്ഷാല്‍ വിരാട് കോലിയെ(39) ബൗള്‍ഡാക്കി. നരെയ്‌ന്‍റെ പന്ത് കോലിയുടെ ബാറ്റിനും പാഡിനും ഇടയിലൂടെ വിക്കറ്റിലേക്ക് നുഴഞ്ഞുകയറി. ഒരോവറിന്‍റെ ഇടവേളയില്‍ വീണ്ടും പന്തെടുത്തപ്പോള്‍ സമാനമായി എബിഡിയേയും(11) ബൗള്‍ഡാക്കി.
മറ്റൊരു കൂറ്റനടിക്കാന്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ തന്‍റെ അവസാന ഓവറില്‍ ഫെര്‍ഗൂസന്‍റെ കൈകളില്‍ എത്തിക്കാനും സുനില്‍ നരെയ്‌നായി. നാല് ഓവറില്‍ 21 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് നരെയ്‌ന്‍ ആര്‍സിബിയുടെ നാല് നിര്‍ണായക വിക്കറ്റുകള്‍ വീഴ്‌ത്തിയത്.
ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നേടിയ ആര്‍സിബി നായകന്‍ വിരാട് കോലി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമും കഴിഞ്ഞ മത്സരത്തില്‍ നിന്ന് മാറ്റങ്ങളില്ലാതെയാണ് ഇറങ്ങിയത്. ഇന്ന് ജയിക്കുന്നവര്‍ ജയിക്കുന്നവര്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ രണ്ടാം ക്വാളിഫയറിലേക്ക് യോഗ്യത നേടുമ്പോള്‍ തോല്‍ക്കുന്നവര്‍ നാട്ടിലേക്ക് മടങ്ങും.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: ശുഭ്‌മാന്‍ ഗില്‍, വെങ്കടേഷ് അയ്യര്‍, നിതീഷ് റാണ, രാഹുല്‍ ത്രിപാഠി, ഓയിന്‍ മോര്‍ഗന്‍(ക്യാപ്റ്റന്‍), ദിനേശ് കാര്‍ത്തിക്, ഷാക്കിബ് അല്‍ ഹസന്‍, സുനില്‍ നരെയ്‌ന്‍, ലോക്കി ഫെര്‍ഗൂസണ്‍, ശിവം മാവി, വരുണ്‍ ചക്രവര്‍ത്തി.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: വിരാട് കോലി(ക്യാപ്റ്റന്‍), ദേവ്‌ദത്ത് പടിക്കല്‍, ശ്രീകര്‍ ഭരത്, ഗ്ലെന്‍ മാക്‌സ്‌വെല്‍, എ ബി ഡിവില്ലിയേഴ്‌സ്, ഡാനിയേല്‍ ക്രിസ്റ്റ്യന്‍, ഷഹ്‌ബാസ് അഹമ്മദ്, ജോര്‍ജ് ഗാര്‍ട്ടണ്‍, ഹര്‍ഷാല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, യുസ്‌വേന്ദ്ര ചാഹല്‍.
ഐപിഎല്‍ 2021: രോഹിത്തില്ല, സഞ്ജു വിക്കറ്റ് കീപ്പര്‍! ചോപ്രയുടെ വ്യത്യസ്തമായ ഐപിഎല്‍ ടീം ഇങ്ങനെ