ഐപിഎല്‍ 2021: രാജസ്ഥാന്‍ റോയല്‍സിന് ജീവന്മരണ പോരാട്ടം; ആദ്യ നാലില്‍ നില്‍ക്കാന്‍ ആര്‍സിബി

By Web Team  |  First Published Sep 29, 2021, 9:11 AM IST

ദുബായില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (Sanju Samson) ഒഴികെ മറ്റാരും ഫോമിലാവുന്നില്ലെന്നുള്ളതാണ് രാജസ്ഥാന്റെ പ്രധാന പ്രശ്‌നം.


ദുബായ്: ഐപിഎല്ലില്‍ (IPL 2021) ഇന്ന് രാജസ്ഥാന്‍ റോയല്‍സിന് ജീവന്മരണപോരാട്ടം. വിരാട് കോലി (Virat Kohli) നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് (Royal Challengers Bangalore) എതിരാളികള്‍. ദുബായില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (Sanju Samson) ഒഴികെ മറ്റാരും ഫോമിലാവുന്നില്ലെന്നുള്ളതാണ് രാജസ്ഥാന്റെ പ്രധാന പ്രശ്‌നം. പതിയെ തുടങ്ങുന്ന സഞ്ജു ബാറ്റിംഗില്‍ ഗിയര്‍ മാറ്റാന്‍ ഒരുങ്ങുമ്പോഴെല്ലാം മറുവശത്ത് വിക്കറ്റുവീഴും. 

എതിരാളികള്‍ക്ക് എത്തിപ്പിടിക്കാനാകാത്ത ടോട്ടലിന് പകരം മാന്യമായ സ്‌കോറിലേക്ക് രാജസ്ഥാന്‍ പരിമിതപ്പെടും. ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് സഞ്ജു. 10 ഇന്നിംഗ്‌സില്‍ 433 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. സീസണില്‍ 200 റണ്‍സ് കടന്ന താരങ്ങളാരും രാജസ്ഥാന്‍ റോയല്‍സ് ടീമിലില്ല. ഒറ്റയ്ക്ക് കളി ജയിപ്പിക്കാന്‍ പോന്ന ബൗളര്‍മാരുടെ അഭാവവും പോരാട്ടത്തിന് ഇറങ്ങും മുമ്പെ റോയല്‍സിനെ പിന്നോട്ടടിക്കും.

Latest Videos

undefined

രാഹുല്‍ തെവാട്ടിയയും റിയാന്‍ പരാഗും ആദ്യ ഇലവനില്‍ തുടരുന്നതിലറിയാം റോയല്‍സിന്റെ ബലഹീനത. മുംബൈയെ മുട്ടുകുത്തിച്ച ആവേശത്തിലെത്തുന്ന ആര്‍സിബിക്ക് തന്നെയാണ് ദുബായില്‍ മേല്‍ക്കൈ. പവര്‍പ്ലേക്ക് ശേഷം സ്‌കോറിംഗ് വേഗം കുറയുന്നത് പരിഹരിക്കാന്‍ വിരാട് കോലി ശ്രമിച്ചേക്കും. ഗ്ലെന്‍ മാക്‌സ്‌വെല്ലും ഡിവിലിയേഴ്‌സും കൂടുതല്‍ സമയം ക്രീസിലുറച്ചാല്‍ രാജസ്ഥാന് ഇന്നും കാര്യങ്ങള്‍ കൈവിട്ടുപോകും. പതിനൊന്നാം മത്സരത്തിനിറങ്ങുമ്പോള്‍ ബാംഗ്ലൂരിന് 12ഉം രാജസ്ഥാന് എട്ടും പോയിന്റാണ് സമ്പാദ്യം.

സഞ്ജു ബാംഗ്ലൂരിനെതിരെ പതിനേഴാം മത്സരത്തിനാണ് ഇറങ്ങുന്നത്. ആകെ 16 കളിയില്‍ 280 റണ്‍സ് ആണ് ഇതുവരെ സഞ്ജു ബാംഗ്ലൂരിനെതിരെ നേടിയിട്ടുള്ളത്. 2018ലെ സീസണില്‍ 45 പന്തില്‍ പുറത്താകാതെ 92 റണ്‍സ് എടുത്തതാണ് ഉയര്‍ന്ന സ്‌കോര്‍. ആര്‍സിബിക്കെതിരെ രണ്ട് അര്‍ധ സെഞ്ചുറി നേടിയിട്ടുള്ള സഞ്ജുവിന്റെ സ്‌ട്രൈക്ക് റേറ്റ് 142.85. സീസണില്‍ നേരത്തെ മുംബൈയില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ സഞ്ജു 18 പന്തില്‍ 21 റണ്‍സിന് പുറത്തായിരുന്നു.

click me!