വിക്കറ്റ് വലിച്ചെറിഞ്ഞ് സഞ്ജു ഉള്‍പ്പെടെയുള്ള താരങ്ങള്‍; ധോണിപ്പടയ്‌ക്കെതിരെ രാജസ്ഥാന് ദയനീയ പരാജയം

By Web Team  |  First Published Apr 19, 2021, 11:24 PM IST

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ രാജസ്ഥാന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സാണ് എടുക്കാന്‍ സാധിച്ചത്.


മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന ദയനീയ തോല്‍വി. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടന്ന് മത്സരത്തില്‍ 45 റണ്‍സിന്റെ തോല്‍വിയാണ് സഞ്ജു സാംസണും സംഘവും ഏറ്റുവാങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ രാജസ്ഥാന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സാണ് എടുക്കാന്‍ സാധിച്ചത്. മൂന്ന് വിക്കറ്റ് നേടിയ മൊയീന്‍ അലിയാണ് രാജസ്ഥാന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടിയത്. സാം കറന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 49 റണ്‍സ് നേടിയ ജോസ് ബ്ടലറാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. ജയത്തോടെ ചെന്നൈ മൂന്ന് മത്സരങ്ങളില്‍ നാല് പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി. ഇത്രയും മത്സരങ്ങളില്‍ ഒരു ജയം മാത്രമുള്ള രാജസ്ഥാന്‍ രണ്ട് പോയിന്റോടെ ആറാം സ്ഥാനത്താണ്. ലൈവ് സ്‌കോര്‍.

പ്രതീക്ഷ നല്‍കി വോഹ്‌റ മടങ്ങി, പിന്നാലെ സഞ്ജുവും

Latest Videos

undefined

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും രണ്ട് പേരുടെ ഭാഗത്തും നിന്നും വലിയ സംഭാവനയൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ ഇത്തവണ ഇരുവരും മികച്ച തുടക്കം നല്‍കുമെന്ന പ്രതീക്ഷ നല്‍കി. എന്നാല്‍ വോഹറയെ രാജസ്ഥാന് നഷ്ടമായി. ഒരു ഫോറും സിക്‌സും നേടി വലിയ ആത്മവിശ്വാസത്തിലായിരുന്നു വോഹറ. എന്നാല്‍ കറനെ പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ രവീന്ദ്ര ജഡേജയ്ക്ക് ക്യാച്ച് നല്‍കി വോഹ്‌റ മടങ്ങി. ഒന്നാം വിക്കറ്റില്‍ 30 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. പിന്നാലെയെത്തി സഞ്ജു വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. കറന്റെ സ്ലോ പന്ത് പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ മിഡ് ഓണില്‍ ഡ്വെയ്ന്‍ ബ്രാവോയ്ക്ക ക്യാച്ച് നല്‍കി. 

മധ്യനിര പൂര്‍ണ പരാജയം

സഞ്ജു മടങ്ങിയ ശേഷം രാജസ്ഥാന്‍ മധ്യനിര പൊരുതാന്‍ പോലും നില്‍ക്കാതെ കീഴടങ്ങി. ജഡേജ, അലി എന്നിവര്‍ ഒരുക്കിയ സ്പിന്‍ ചുഴിയില്‍ വീഴുകയായിരുന്നു രാജസ്ഥാന്‍. ശിവം ദുബെ (17), ഡേവിഡ് മില്ലര്‍ (2), റിയാന്‍ പരാഗ് (3), ക്രിസ് മോറിസ് (0) എന്നിവര്‍ പാടെ നിരാശപ്പെടുത്തി. ഇതിനിടെ ബട്‌ലര്‍ ജഡേജയുടെ പന്തില്‍ ബൗള്‍ഡാവുകയും ചെയ്തതോടെ തകര്‍ച്ച പൂര്‍ണമായി. 20 റണ്‍സെടുത്ത രാഹുല്‍ തെവാട്ടിയയെ ബ്രാവോ പുറത്താക്കി. 24 റണ്‍സെടുത്ത ഉനദ്ഘട് താക്കൂറിനും കീഴടങ്ങി. ഇരുവരും 42 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു.  () സഖ്യത്തിന്റെ ബാറ്റിങ് തോല്‍വി ഭാരം കുറയ്ക്കാന്‍ മാത്രമാണ് സഹായിച്ചത്. 

ചെന്നൈയ്ക്ക് വീണ്ടും നിരാശ സമ്മാനിച്ച് റിതുരാജ്

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഫോം കണ്ടെത്താന്‍ വിഷമിച്ച റിതുരാജിന് ഇത്തവണയും തിളങ്ങാനായില്ല. മുസ്തഫിസുറിന്റെ സ്ലോവര്‍ കയറി അടിക്കാന്‍ ശ്രമിച്ച റിതുരാജിന് പിഴച്ചു. എക്‌സ്ട്രാ കവറില്‍ ശിവം ദുബെയ്ക്ക് ക്യാച്ച് നല്‍കിയാണ് യുവതാരം മടങ്ങിയത്. ഡുപ്ലെസിയാണ് പവര്‍പ്ലേയില്‍ ചെന്നൈയ്ക്ക മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ജയദേവ് ഉനദ്ഘട് എറിഞ്ഞ അഞ്ചാം ഓവറില്‍ 18 റണ്‍സാണ് ഫാഫ് അടിച്ചെടുത്തത്. എന്നാല്‍ ക്രിസ് മോറിസ് എറിഞ്ഞ അടുത്ത ഓവറില്‍ ഫാഫിന്റെ പ്രകടനം അവസാനിച്ചു. മോറിസിന്റെ പന്ത് ക്രീസ് വിട്ട് അടിച്ച ഫാഫ് സ്വീപര്‍ കവറില്‍ റിയാന്‍ പരാഗിന് ക്യാച്ച് നല്‍കുകയായിരുന്നു. 

വലിയ സ്‌കോറുകള്‍ നല്‍കാതെ മധ്യനിര

ഓപ്പണര്‍മാരുടെ മടക്കത്തിന് ശേഷം ക്രീസിലെത്തിയ ചെന്നൈയുടെ പരിചയസമ്പന്നരായ താരങ്ങള്‍ക്ക് വലിയ സ്‌കോറുകളെടുക്കാന്‍ സാധിച്ചില്ല. മൊയീന്‍ അലി (20 പന്തില്‍ 26), സുരേഷ് റെയ്ന (15 പന്തില്‍ 18), അമ്പാട്ടി റായുഡു (17 പന്തില്‍ 27), എം എസ് ധോണി (17 പന്തില്‍ 18) എന്നിവരെല്ലാം പ്രതീക്ഷ നല്‍കിയ ശേഷമാണ് പവലിയനിയില്‍ തിരിച്ചെത്തിയത്. രവീന്ദ്ര ജഡേജ (ഏഴ് പന്തില്‍ 8) മാത്രമാണ് ഇതില്‍ രണ്ടക്കം കാണാതെ പോയത്. റെയ്ന, റായുഡു, ധോണി എന്നവരെ സ്‌കറിയ പുറത്താക്കി. മൊയീന്‍ അലിയെ രാഹുല്‍ തെവാട്ടിയ, ജഡേജ എന്നിവരെ മോറിസും മടക്കി. ഷാര്‍ദുല്‍ താക്കൂര്‍ (1) റണ്ണൌട്ടായി.അവസാന ഓവറുകളില്‍ സാം കറന്‍ (6 പന്തില്‍ 13), ഡ്വെയ്ന്‍ ബ്രാവോ (എട്ട്പന്തില്‍ 20) നടത്തിയ പോരാട്ടമാണ് സ്‌കോര്‍ 180 കടത്തിയത്. ദീപക് ചാഹര്‍ (0) പുറത്താവാതെ നിന്നു. മൂന്ന് വിക്കറ്റ് നേടിയ ചേതന്‍ സക്കറിയയാണ് രാജസ്ഥാന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്.

click me!