മായങ്കിന്‍റേത് ഗംഭീര ഇന്നിംഗ്‌സ്; പക്ഷേ സഞ്ജുവിന്‍റെ റെക്കോര്‍ഡ് തകര്‍ന്നില്ല

By Web Team  |  First Published May 3, 2021, 11:54 AM IST

ഓപ്പണറായി ഇറങ്ങിയ മായങ്ക് 58 പന്തില്‍ എട്ട് ഫോറും നാല് സിക്‌സും സഹിതം 99 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 


അഹമ്മദാബാദ്: ഐപിഎല്‍ പതിനാലാം സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ക്യാപ്റ്റന്‍സി അരങ്ങേറ്റില്‍ വെടിക്കെട്ട് ബാറ്റിംഗാണ് പഞ്ചാബ് കിംഗ്‌സിനായി മായങ്ക് അഗര്‍വാള്‍ പുറത്തെടുത്തത്. ഓപ്പണറായി ഇറങ്ങിയ മായങ്ക് 58 പന്തില്‍ എട്ട് ഫോറും നാല് സിക്‌സും സഹിതം 99 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. എന്നാല്‍ സഞ്ജു സാംസണിന്‍റെ റെക്കോര്‍ഡ് തകര്‍ക്കാനായില്ല.  

ഐപിഎല്‍ ചരിത്രത്തില്‍ നായകനായുള്ള അരങ്ങേറ്റത്തില്‍ ഒരു താരം നേടുന്ന രണ്ടാമത്തെ ഉയര്‍ന്ന സ്‌കോറാണ് മായങ്ക് കുറിച്ചത്. ഈ സീസണിലാദ്യം പഞ്ചാബ് കിംഗ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന്‍റെ മലയാളി നായകന്‍ സഞ്ജു സാംസണ്‍ 63 പന്തില്‍ 12 ഫോറും ഏഴ് സിക്‌സും ഉള്‍പ്പടെ നേടിയ 119 റണ്‍സാണ് മായങ്കിന് മുന്നിലുള്ള റെക്കോര്‍ഡ്. ക്യാപ്റ്റന്‍സി അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന നേട്ടം അന്ന് സഞ്ജു സ്വന്തമാക്കിയിരുന്നു. 

Latest Videos

undefined

വിജയവഴിയില്‍ തിരിച്ചെത്താന്‍ കൊല്‍ക്കത്തയും ബാംഗ്ലൂരും; മുന്‍തൂക്കം ആര്‍സിബിക്ക്

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഒരു പഞ്ചാബ് ബാറ്റ്സ്‌മാന്‍ നേടുന്ന ഉയര്‍ന്ന സ്‌കോര്‍ കൂടിയാണ് മായങ്കിന്‍റെ 99 റണ്‍സ്. 2011ല്‍ ഷോണ്‍ മാര്‍ഷ് നേടിയ 95 റണ്‍സിന്‍റെ റെക്കോര്‍ഡ് പഴങ്കഥയായി. 

മായങ്ക് തകര്‍ത്തടിച്ചെങ്കിലും മത്സരം ഏഴ് വിക്കറ്റിന് പഞ്ചാബ് കിംഗ്‌സ് തോറ്റു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ ആറ് വിക്കറ്റിന് 166 റണ്‍സ് നേടി. മായങ്കിന് പുറമെ മലാനും(26), ഗെയ്‌ലും(13), പ്രഭ്‌സിമ്രാനും(12) മാത്രമാണ് രണ്ടക്കം കണ്ടത്. റബാഡ മൂന്ന് വിക്കറ്റ് നേടി. ധവാന്‍(66*), പൃഥ്വി(39), സ്‌മിത്ത്(24), റിഷഭ്(14), ഹെറ്റ്‌മയര്‍(16*) എന്നിവര്‍ ഡല്‍ഹിയെ 14 പന്ത് ബാക്കിനില്‍ക്കേ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ ജയത്തിലെത്തിക്കുകയായിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!