കരുത്ത് കടലാസിൽ ഒതുങ്ങുന്നത് ആണ് മുംബൈയുടെ തലവേദന. വിസ്‌ഫോടന ശേഷിയുള്ള ബാറ്റിംഗ് ലൈനപ്പ് ഉണ്ടെങ്കിലും ടൂർണമെന്റിൽ മുംബൈ ഇതുവരെ 160 റണ്‍സിനപ്പുറം കടന്നിട്ടില്ല.
ദില്ലി: ഐപിഎല്‍ പതിനാലാം സീസണില്‍ മൂന്നാം ജയം തേടി ഇറങ്ങുകയാണ് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സും രോഹിത് ശര്‍മ്മയുടെ മുംബൈ ഇന്ത്യൻസും. ഇന്നത്തെ ആദ്യ മൽസരം വൈകിട്ട് മൂന്നരയ്‌ക്ക് ദില്ലിയിലാണ്.
കരുത്ത് കടലാസിൽ ഒതുങ്ങുന്നത് ആണ് മുംബൈയുടെ തലവേദന. വിസ്‌ഫോടന ശേഷിയുള്ള ബാറ്റിംഗ് ലൈനപ്പ് ഉണ്ടെങ്കിലും ടൂർണമെന്റിൽ മുംബൈ ഇതുവരെ 160 റണ്‍സിനപ്പുറം കടന്നിട്ടില്ല. എല്ലാ കളിയിലും ആദ്യം ബാറ്റെടുത്ത മുംബൈ സ്‌കോർ താഴോട്ട് തന്നെ. 159, 152, 150, 137, 131. എങ്കിലും ടീമിൽ മാറ്റം ഉണ്ടാകാൻ സാധ്യത ഇല്ല. ചെന്നൈയിലെ സ്ലോ വിക്കറ്റിന് ഭിന്നമായി ദില്ലി ഫിറോസ് ഷാ കോട്‌ല കനിയുമെന്നാണ് രോഹിത്തിനും സംഘത്തിനും പ്രതീക്ഷ. ഡെത്ത് ഓവറുകളിലെ മെല്ലെപ്പോക്കിന് മധ്യനിര പ്രായശ്ചിത്തം ചെയ്താൽ മുന്നോട്ടുള്ള കുതിപ്പിന് വേഗം കൂട്ടാം.
undefined
മറുവശത്ത് അവസാന മൽസരം ജയിച്ചെങ്കിലും രാജസ്ഥാനും പ്രശ്നങ്ങൾ നിരവധിയാണ്. ഓപ്പണിംഗിലെ താളപ്പിഴയ്‌ക്ക് പരിഹാരം ആയിട്ടില്ല. ജോസ് ബട്‌ലർ ഫോമിലേക്ക് ഉയരാത്തത് തിരിച്ചടി. പക്ഷേ മുംബൈക്ക് എതിരെ നാല് മൽസരങ്ങളിൽ മൂന്ന് അർധസെഞ്ചുറി നേടിയിട്ടുള്ള ബട്‌ലറുടെ തിരിച്ചുവരവ് ടീം പ്രതീക്ഷിക്കുന്നു. അവസാന മൽസരം ജയിപ്പിച്ച് നായകൻ സഞ്ജു ഫോമിലേക്ക് തിരിച്ചെത്തിയത് ടീമിന് ആശ്വാസമാണ്.
നേട്ടത്തിനരികെ സഞ്ജു
മൂന്ന് സിക്‌സറുകൾ കൂടി നേടിയാൽ രാജസ്ഥാൻ റോയൽസിനായി 100 സിക്‌സറുകൾ തികയ്‌ക്കുന്ന രണ്ടാമത്തെ താരമാകും സഞ്ജു. അഞ്ച് സിക്സറുകൾ നേടിയാൽ മുംബൈ നായകൻ രോഹിത് ശർമ ടി20 ക്രിക്കറ്റിൽ 400 സിക്‌സർ ക്ലബിലുമെത്തും. പരസ്‌പരം ഏറ്റുമുട്ടിയ 22 കളികളിൽ ഒപ്പത്തിനൊപ്പമുള്ള ഇരു ടീമുകൾക്കും 11 ജയം വീതമാണുള്ളത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona